സിനിമയുടെ പുതു കാഴ്ചയുമായി ‘ഖുംറ’ ഇന്ന് മുതൽ
text_fieldsദോഹ: അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ബഹുമതികൾ കരസ്ഥമാക്കിയ എട്ട് ഫീച്ചർ, ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദർശനവുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. മാർച്ച് ഒന്ന് മുതൽ ആറ് വരെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലെ ഓഡിറ്റോറിയത്തിലാണ് പ്രദർശനം. സിനിമ പ്രേമികൾക്കും പൊതുജനങ്ങൾക്കും ലോക സിനിമയിലെ ഏറ്റവും ശക്തമായ ചിത്രങ്ങൾ കണ്ടെത്താനുള്ള മികച്ച അവസരമാണ് ഖുംറ സ്ക്രീനിങ് നൽകുന്നതെന്ന് ഡി.എഫ്.ഐ സി.ഇ.ഒ ഫത്മ ഹസൻ അൽ റുമൈഹി പറഞ്ഞു.
പ്രഗല്ഭരായ സംവിധായകരുടെയും വളർന്നുവരുന്ന പ്രതിഭകളുടെയും സിനിമികളാണ് പ്രദർശനത്തിലുള്ളത്. ചലച്ചിത്രമേഖലയിൽ സ്വതന്ത്ര ശബ്ദങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള ഡി.എഫ്.ഐയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അൽ റുമൈഹി പറഞ്ഞു.
മാർച്ച് ഒന്ന് വെള്ളിയാഴ്ച ലിന സൗലേം സംവിധാനം ചെയ്ത ‘ബൈ ബൈ ടിബീരിയാസി’ന്റെ പ്രദർശനം നടക്കും. ഫലസ്തീനിലെ തന്റെ ഗ്രാമം വിട്ട് അഭിനേത്രിയാകാനുള്ള ഹിയാം അബ്ബാസിന്റെ കഥയാണ് ചിത്രം. ഫൗസി ബെൻസൈദി സംവിധാനം ചെയ്ത ഡെസേർട്ട്സ് എന്ന മിസ്റ്റിക്കൽ യാത്രയും പ്രദർശിപ്പിക്കും. കലക്ഷൻ ഏജൻസിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ മെഹ്ദിയും ഹമീദും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമങ്ങൾക്കിടയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും സംഭവങ്ങളുമാണ് ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത്.മാർച്ച് രണ്ടിന് കമൽ അൽജഫാരിയുടെ എ ഫിദായി ഫിലിം പ്രദർശിപ്പിക്കും. 1982ലെ വേനലിൽ ഇസ്രായേൽ സൈന്യം ബെയ്റൂത്ത് അധിനിവേശം നടത്തുന്ന സമയത്തെ പശ്ചാത്തലമാക്കി ഫലസ്തീൻ റിസർച് സെന്ററിലെ ഓർമകൾ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ നീങ്ങുന്നത്. മാർച്ച് മൂന്നിന് അമാൻഡ നെൽ ഇയു എഴുതിയ മലേഷ്യൻ ബോഡി ഹൊറർ ചിത്രമായ ടൈഗർ സ്ട്രൈപ്സ് പ്രദർശിപ്പിക്കും.
യുസർ ഗാസ്മിയുടെയും മൗറോ മസോചിയുടെയും ജിയോളജി ഓഫ് സെപറേഷനും മാർച്ച് മൂന്നിന് പ്രദർശിപ്പിക്കും. കുടിയേറ്റത്തിന്റെ സ്ഥാനഭ്രംശം സംഭവിച്ച പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരമാണിത്. മാർച്ച് നാലിന് രാമത-ടൗലെയ് സൈയുടെ ബാനൽ ആൻഡ് അദാമയാണ്. വടക്കൻ സെനഗലിലെ വിദൂര ഗ്രാമത്തിലെ ജീവിതത്തിന്റെ നേർചിത്രീകരണമാണിത്. ഖുംറ മാസ്റ്റർ നൂറി ബിൽജ് സെലാൻ സംവിധാനം ചെയ്ത ‘എബൗട്ട് ഡ്രൈ ഗ്രാസസ്’ ചിത്രമാണ് മാർച്ച് അഞ്ചിന് പ്രദർശിപ്പിക്കുന്നത്.
അസ്മേ എൽ മൗദിർ സംവിധാനം ചെയ്ത എല്ലാ നുണകളുടെയും മാതാവ് പ്രദർശനത്തിന്റെ അവസാന ദിവസമായ മാർച്ച് ആറിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചരിത്ര സംഭവങ്ങളെ വ്യക്തിഗത കഥകളെ ഇഴചേർക്കുന്ന, കാസാബ്ലാങ്ക കുടുംബത്തിന്റെ രഹസ്യങ്ങൾ തേടിയുള്ള ഫീച്ചർ ഡോക്യുമെന്ററിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.