ഡെന്മാർകിലെ ഖുർആൻ നിന്ദ: അപലിച്ച് ശൂറാ കൗൺസിൽ
text_fieldsദോഹ: ഡെന്മാർകിലെ കോപൻഹേഗനിൽ ഖുർആൻ കത്തിച്ച സംഭവത്തെ ശൂറാ കൗൺസിൽ യോഗം അപലപിച്ചു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ വാരാന്ത്യ യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചത്. മുസ്ലിംകളുടെ പുണ്യമാസമായ റമദാനിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നത് ലോകമെമ്പാടുമുള്ള വിശ്വാസികളോടുള്ള പ്രകോപനമാണ്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പതിവായി തുടരുന്ന ഈ പ്രവണതകൾ സമൂഹത്തിന്റെ സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും ദോഷകരമായി ബാധിക്കുന്നതാണെന്ന് ശൂറാ കൗൺസിൽ ഭരണകർത്താക്കളെ ഓർമിപ്പിച്ചു. സമൂഹത്തിൽ കൂടുതൽ വിഭാഗീയതയും സംഘർഷവും വെറുപ്പും വളർത്താനേ ഇത്തരം സംഭവങ്ങൾ വഴിവെക്കൂ. മതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്രസമൂഹവും നിയമനിർമാണ സംവിധാനങ്ങളും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം.
മതങ്ങൾ, മതസ്ഥാപനങ്ങൾ, ആരാധനാകേന്ദ്രങ്ങൾ, മതചിഹ്നങ്ങൾ എന്നിവക്കെതിരെ പലകോണുകളിൽനിന്നും പ്രകോപനപരമായ പെരുമാറ്റങ്ങൾ തുടരുമ്പോൾ ഇവക്കെതിരെ നിയമപരമായ സംരക്ഷണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ബോധ്യപ്പെടുത്തുന്നത് -ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം ഡെന്മാർകിലെ ഖുർആൻ നിന്ദയെ രൂക്ഷമായ ഭാഷയിൽ അപലപിച്ചിരുന്നു. ഹീനവും ലോകമെങ്ങുമുള്ള 200 കോടി മുസ്ലിംകളെ പ്രകോപിപ്പിക്കുന്നതുമായ പ്രവർത്തനമാണിതെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കിയത്. പ്രത്യയശാസ്ത്രത്തിന്റെയും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലെ വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രവർത്തനങ്ങളെയും പ്രസംഗങ്ങളെയും മന്ത്രാലയം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.