കോവിഡ് പ്രതിസന്ധികൾ തട്ടിമാറ്റി; കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം ദോഹയിൽ നിന്ന് നാട്ടിലേക്ക്
text_fieldsദോഹ: കോവിഡ് കാലത്തെ സകല പ്രതിസന്ധികളും തട്ടിമാറ്റിയതോടെ ദോഹയിൽ മരിച്ച കോയമ്പത്തൂർ സ്വദേശിയായ പ്രവാസിയുടെ മൃതദേഹം കടൽകടന്ന് ജൻമനാട്ടിലേക്ക്. ഇതിന് പിന്നിൽ അഹോരാത്രം പരിശ്രമിച്ചതാകട്ടെ ഖത്തറിലെ മലയാളി സാമൂഹിക പ്രവവർത്തകനായ അബ്ദുൽ സലാമും.
നിലവിൽ ഖത്തറും ഇന്ത്യയും എല്ലാ അന്താരാഷ്ട്രയാത്രാവിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 30നാണ് കോയമ്പത്തൂർ മേട്ടൂർ സ്വദേശിയായ വിനോദ് അയ്യൻ ദുരൈ (29) ദോഹയിൽ മരിച്ചത്. എഞ്ചിനീയറിങ് കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു. യാത്രവിമാനങ്ങൾക്ക് നിരോധമുള്ള കാര്യമടക്കമുള്ള പ്രതിസന്ധി അറിയിച്ചെങ്കിലും മൃതദേഹം അവസാനമായി കാണാനുള്ള അടങ്ങാത്ത ആഗ്രഹം നാട്ടിലെ ഉറ്റവർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുൽസലാം ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. നിലവിൽ ഖത്തറിലേക്കും തിരിച്ചും ചരക്കുവിമാനങ്ങളും ട്രാൻസിറ്റ് വിമാനങ്ങളും മാത്രമേ അയക്കുന്നുള്ളൂ. ഖത്തർ എയർവേയ്സിൻെറ ചരക്കുവിമാനത്തിൽ മൃതദേഹം അയക്കാനുള്ള സാധ്യത തേടി രാവുംപകലുമില്ലാതെ അബ്ദുൽസലാം ഓഫിസുകൾ കയറിയിറങ്ങി.
രേഖകളും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ദേശിച്ച വിമാനം കഴിഞ്ഞ ദിവസം മുടങ്ങി. ഇനി ഏപ്രിൽ അഞ്ചിന് മാത്രമേ മൃതദേഹം കൊണ്ടുപോകാൻ കഴിയൂവെന്നാണ് ഖത്തർ എയർവേയ്സ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മൂന്നിന് തന്നെയുള്ള വിമാനത്തിൽ കൊണ്ടുപോകാമെന്ന അറിയിപ്പ് പിന്നീട് ലഭിച്ചു. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ഇന്ന് വൈകുന്നേരത്തെ ഖത്തർ എയർവേയ്സ് ചരക്കുവിമാനത്തിൽ മറ്റ് തടസങ്ങളില്ലെങ്കിൽ മൃതദേഹം കൊണ്ടുപോകുമെന്ന് സലാം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. സലാമിന് എല്ലാ സഹായവും നൽകി ദോഹയിലെ ഇന്ത്യൻ എംബസിയും എംബസിയുടെ അപെക്സ് സംഘടനയായ ഐ.സി.ബി.എഫും കൂടെ നിന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻെറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവുന്നത്. ആറുവർഷമായി ഖത്തറിൽ ജോലിചെയ്യുന്ന വിനോദ് അയ്യൻ ദുരൈക്ക് ആറുമാസം പ്രായമായ ഒരുമകളുണ്ട്. ഭാര്യ: ദിവ്യ. പിതാവ്: അയ്യൻ ദുരൈ. മാതാവ്: സരസ്വതി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടി മൂലം ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദായതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ ഇന്ത്യക്കാരുടെ മൃതദേഹം ഉറ്റവർക്ക് ഒരുനോക്കുകാണാൻ പോലുമാകാതെ ഇവിടെ തന്നെ സംസ്കരിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനകം വയനാട്, തൃശൂർ സ്വദേശികളടക്കം നാല് ഇന്ത്യക്കാരുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കേണ്ടിവന്നിട്ടുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അബ്ദുൽസലാം ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന പരേതനായ ഹാജിക്കയുടെ ശിഷ്യനാണ്. 24 വർഷമായി ദോഹയിൽ ഉണ്ട്. ഇൻനർനാഷനൽ മെരിടൈം കമ്പനിയിൽ റീജിയനൽ മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.