ഇന്നുമുതൽ റോഡിൽ ജാഗ്രതൈ
text_fieldsദോഹ: ഇതുവരെയുള്ള ശീലങ്ങളെല്ലാം മാറ്റിവെച്ചേക്കൂ... ഇന്ന് മുതൽ ഡ്രൈവിങ്ങിനിടയിൽ ഫോണിൽ തൊട്ടുകളിച്ചാൽ പോക്കറ്റ് കാലിയാകുമെന്നുറപ്പ്. തിരക്കേറിയ റോഡിലെ യാത്രക്കിടയിൽ ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങുമായുള്ള അഭ്യാസം ഇനിയും ആവർത്തിച്ചാൽ, വഴിയിലുടനീളം കാത്തിരിക്കുന്ന റഡാർ കാമറക്കണ്ണുകൾ നിങ്ങളെ ഒപ്പിയെടുത്ത് പണിതരും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് സ്ഥാപിച്ച റോഡ് റഡാർ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഞായറാഴ്ച മുതൽ പിഴചുമത്തിത്തുടങ്ങും.
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, സീറ്റ് ബെൽറ്റ് അണിയുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ട്രാഫിക് വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മുതൽതന്നെ ഇവ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും പിഴ ചുമത്തിയിരുന്നില്ല. ആദ്യഘട്ടത്തിൽ താക്കീത് എന്നനിലയിലാണ് നിയമലംഘനങ്ങൾ രേഖപ്പെടുത്തി വാഹന ഉടമകളെ അറിയിച്ചത്.
ആഗസ്റ്റ് 20നായിരുന്നു ട്രാഫിക് വിഭാഗം ഓട്ടോമേറ്റഡ് റഡാർ കാമറകളുടെ പ്രവർത്തനം സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. പിന്നാലെ, സമൂഹമാധ്യമ പേജുകൾ വഴിയും പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ വഴിയും അധികൃതർ പ്രചാരണം സജീവമാക്കിയിരുന്നു.
കണ്ണുതുറന്ന് ഓട്ടോമേറ്റഡ് റഡാർ
വാഹനമോടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള റഡാർ നിരീക്ഷണസംവിധാനങ്ങൾ രാജ്യത്തിന്റെ എല്ലായിടങ്ങളിലും ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു.
രാത്രിയിലും പകൽവെളിച്ചത്തിലും ഒരുപോലെ റോഡിലെ നിരീക്ഷണത്തിന് ശേഷിയുള്ള കാമറകളോടെയാണ് ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചത്.
വാഹനങ്ങൾക്കുള്ളിൽ ഡ്രൈവർമാരുടെ ചെറിയ നിയമലംഘനങ്ങൾപോലും തിരിച്ചറിയാനും കണ്ടെത്താനും കഴിയുന്നതരത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ റോഡുകളിൽ റഡാറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയിരുന്നു.
മൊബൈൽ, സീറ്റ് ബെൽറ്റ് എന്നിവക്ക് പുറമെ അമിത വേഗതയും ഇവ കണ്ടെത്തും. രാത്രിയിലും പ്രവർത്തനക്ഷമമാവുന്ന സെൻസറുകളോടെയാണ് റഡാറുകൾ സ്ഥാപിച്ചത്. റോഡിലെ ആറ് ട്രാക്കുകളിലെ വരെ വാഹനങ്ങളുടെ അതിവേഗതയുള്ള കുതിപ്പിനിടയിലും നിയമലംഘനങ്ങൾ പിടികൂടാൻ ശേഷിയുള്ളതാണ് റഡാർ സെൻസറുകൾ. ഡേറ്റകൾ തത്സമയം നാഷനൽ കമാൻഡ് സെൻററിലേക്ക് കൈമാറും.
ഫോണിൽ തൊടരുത്
ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗം തീരെ ഒഴിവാക്കുകയെന്നതാണ് സുരക്ഷിതം.
അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ സംസാരിക്കാനും മറ്റും ഹെഡ്ഫോൺ സംവിധാനങ്ങളോ, ലൗഡ് സ്പീക്കറോ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നത് ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവിന് കാരണമായേക്കുമെന്നതിനാൽ ഈ ശീലവും നല്ലതല്ല.
ഡ്രൈവിങ്ങിനിടെ ഫോണിൽ ഏത് തരത്തിലുള്ള സ്പർശനമുണ്ടായാലും റഡാർ സെൻസറുകൾ തിരിച്ചറിഞ്ഞ് പിഴചുമത്തും. നാവിഗേഷനായി ഫോൺ ഉപയോഗിക്കുന്നവർ യാത്ര തുടങ്ങും മുമ്പ് തന്നെ റൂട്ട് സെറ്റ് ചെയ്ത് ഡാഷ്ബോർഡ് ഹാൻഡിലിൽ സ്ഥാപിക്കണം. ഡ്രൈവിങ്ങിനിടെ തിരച്ചിലിനോ ടൈപ് ചെയ്യുന്നതിനോ ഫോൺ എടുക്കുന്നത് ഒഴിവാക്കാവുന്നതാണ്.
മൊബൈൽ ഫോൺ; റോഡിലെ കില്ലർ
റോഡ് അപകടങ്ങളിലെ ഏറ്റവും പ്രധാന വില്ലനാണ് മൊബൈൽ ഫോൺ. രാജ്യത്തെ ഡ്രൈവർമാരിൽ വലിയൊരു ശതമാനവും വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം ശീലമാണെന്ന് ഖത്തർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെൻറർ സർവേയിലും വ്യക്തമാക്കുന്നു. 2022 മേയിലെ സർവേ റിപ്പോർട്ട് പ്രകാരം, അഞ്ചിൽ ഒരാൾ വീതം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.
സർവേയിൽ പങ്കെടുത്ത 256ൽ 13 ശതമാനം മാത്രമായിരുന്നു അവസാന 10 ഡ്രൈവിങ് ട്രിപ്പിനിടെ ഒരിക്കൽ പോലും ഫോൺ ഉപയോഗിച്ചില്ലെന്ന് പ്രതികരിച്ചത്.
ബാക്കി മുഴുവൻ പേരും ഒന്നോ അതിലധികമോ തവണ ഫോൺ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത് അലസമായ ഡ്രൈവിങ്ങിലേക്കായിരുന്നു വിരൽചൂണ്ടിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ) കണക്കനുസരിച്ച്, മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർ അല്ലാത്ത ഡ്രൈവർമാരെ അപേക്ഷിച്ച് അപകടത്തിൽപെടാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്.
പിഴ 500
ഫോൺ കൈയിലെടുക്കണമെന്നില്ല, ഡാഷ് ബോർഡിൽ സ്ഥാപിച്ച ഫോണിൽ ഒന്ന് തൊട്ടാലും റഡാർ നിങ്ങളെ പിടികൂടും. 500 റിയാലാണ് മൊബൈൽ ഫോൺ ഉപയോഗത്തിനും സീറ്റ് ബെൽറ്റിലെ വീഴ്ചക്കും പിഴയായി ചുമത്തുന്നത്.
ട്രാഫിക് നിയമം ആർട്ടിക്കിൾ 55 പ്രകാരം മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ കൈയിൽ പിടിക്കുകയോ സ്ക്രീനിൽ കാഴ്ചകാണുന്ന തിരക്കിലായിരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. 500 റിയാലാണ് പിഴ. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതിനും പിഴ ഈടാക്കും.
മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഓർക്കുക, സീറ്റ് ബെൽറ്റ് യാത്രക്കാരന്റെ സുരക്ഷയിൽ അതിപ്രധാനവുമാണ്. പിഴ സംബന്ധിച്ച അറിയിപ്പുകൾ ചിത്രങ്ങൾ സഹിതം മെട്രാഷ് ആപ്ലിക്കേഷനിൽ ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.