കടൽ കടന്നും ആഷിഖിന്റെ റേഡിയോ ലോകം
text_fieldsദോഹ: മൊബൈൽ ഫോണിലെ വിരൽ സ്പർശത്തിൽ വിനോദവും വാർത്തയുമെല്ലാം എത്തുന്ന കാലത്തിനു മുമ്പ്, പഴയ തലമുറയുടെ ഗൃഹാതുര ഓർമയാണ് റേഡിയോ. വീട്ടിലെ അടുക്കളയിൽനിന്നും നാട്ടിൻപുറത്തെ ചായപ്പീടികയിൽ നിന്നും ഉയരുന്ന ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂൺ കേട്ട് നേരം പുലരുന്ന ഒരു തലമുറ പത്തിരുപത് വർഷം മുമ്പുവരെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അതിരാവിലെ കേൾക്കുന്ന പ്രാദേശിക വാർത്തയും അറിയിപ്പുകളും ദിനചര്യകളെ നിശ്ചയിക്കുന്ന ആ കാലം ഇന്നൊരു ഓർമമാത്രമാണ്. ഈ ഓർമകളുടെ ശേഷിപ്പുകൾക്ക് കൂട്ടിരിക്കുന്നൊരു പ്രവാസി ഖത്തറിലെ മലയാളികൾക്കിടയിലുണ്ട്.
വീട്ടിലെ അടുക്കളയിൽ അതിരാവിലെതന്നെ ഉമ്മ തുറന്നുവെക്കുന്ന റേഡിയോ കേട്ടു കേട്ട് ശീലമായ വാഴക്കാട് ചക്കാലതൊടി ആഷിഖ് എട്ടുവർഷം മുമ്പാണ് ഇന്ത്യയിലെമ്പാടും സഞ്ചരിച്ചുകൊണ്ട് റേഡിയോകളുടെ ശേഖരത്തിന് തുടക്കം കുറിക്കുന്നത്. 2016ൽ ഒരു കൗതുകത്തിന് തുടങ്ങിയ ശേഖരണം ഇന്ന് 350 റേഡിയോകളിലെത്തിനിൽക്കുന്നു. സ്കൂൾ കാലം മുതൽ സ്റ്റാമ്പും നാണയങ്ങളും മുതൽ പഴയകാല ആന്റിക് വസ്തുക്കൾ വരെ ശേഖരിച്ചുതുടങ്ങിയ ആഷിഖ് പിന്നീട് റേഡിയോകൾക്കു പിന്നാലെയായി സഞ്ചാരം. ആദ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സഞ്ചരിച്ചായിരുന്നു പഴയ റേഡിയോകൾ കണ്ടെത്തിയത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെ തന്റെ ഇഷ്ടങ്ങളെ പിന്തുടർന്നു. 1940കളിൽ ബ്രിട്ടൻ പുറത്തിറക്കിയ മുള്ളാഡ് വാൽവ് റേഡിയോ മുതൽ കേരളത്തിന്റെ സ്വന്തം സ്ഥാപനമായ കെൽട്രോണിന്റെ റേഡിയോകൾ വരെ ആഷിഖ് ശേഖരിച്ചു.
4000 രൂപ നൽകി ഗുജറാത്തിൽനിന്ന് വാങ്ങിയ ബ്രിട്ടീഷ് നിർമിത മർഫി വാൽവ് റേഡിയോ ആണ് ശേഖരത്തിൽ ആദ്യമെത്തിയ അതിഥി. പിന്നെ, വിവിധ കമ്പനികളുടെ പഴയകാല റേഡിയോകൾ മുതൽ കണ്ടെത്തി തുടങ്ങിയ ആഷിഖ് ചുരുങ്ങിയ കാലത്തിനുള്ളിലാണ് എണ്ണം 350ലെത്തിച്ചത്. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭിക്കുന്ന വാൾവ് റേഡിയോകൾ മുതൽ ട്രാൻസ്മിറ്റർ റേഡിയോയുമെല്ലാം കൂട്ടത്തിലുണ്ട്. ഇറാൻ, ഇന്തോനേഷ്യ, ഹോങ്കോങ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും, 1950ലും 1970കളിലും കാറുകളിൽ ഉപയോഗിച്ചവയും ഉൾപ്പെടുന്നു. 1957ലെ ജർമൻ നിർമിത ബ്ലൂ പങ്കിറ്റ് എഫ്.എം വാൽവ് റേഡിയോ, ഗ്രെൻസ്റ്റിക് എഫ്.എം വാൽവ്, ഇന്ത്യയുടെ ടെലറാഡ് വാൽവ് റേഡിയോ, കെൽട്രോൺ 1970ൽ പുറത്തിറക്കിയ കമൽ, കൽപക, കിരൺ, ക്രാന്തി എന്നീ റേഡിയോകൾ എന്നിവയുമായി സമ്പന്നമാണ് വാഴക്കാട്ടെ വീട്ടിലെ മുറി.
ഖത്തറിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന ആഷിഖ് എപ്പോഴും അന്വേഷിക്കുന്നതും പുതുമയുള്ള റേഡിയോകൾ തന്നെ. ഖത്തറിലും മറ്റുമായി അറിഞ്ഞു സമ്മാനിക്കുന്നവ, നാട്ടിലേക്ക് കാർഗോ വഴി അയക്കുമ്പോൾ അവ ഭംഗിയായി സൂക്ഷിക്കുന്നത് ഭാര്യപിതാവ് അബ്ദുസ്സലാമാണ്. ഖത്തറിലുള്ള ഭാര്യ ഷാദിയ ജസ്ബിനും ഭർത്താവിന്റെ ‘റേഡിയോ ഓട്ടങ്ങൾക്ക്’പിന്തുണയുമായുണ്ട്. മരത്തിൽ ഫ്രെയിമുകൾ തീർത്ത അപൂർവ വാൽവ് മുതൽ, പുതുതലമുറയിലേത് വരെയും തീപ്പെട്ടിയുടെ വലുപ്പമുള്ള കുഞ്ഞു റേഡിയോയും ഉൾപ്പെടെ കൈയിലുണ്ട്. പണം നൽകി വാങ്ങുന്നതിനൊപ്പം, ഒന്നിൽ കൂടുതൽ ഉള്ള റേഡിയോ സമാന ഹോബിക്കാർക്ക് കൈമാറിയുമാണ് ആഷിഖ് തന്റെ ശേഖരം വിപുലീകരിക്കുന്നത്. കോയക്കുട്ടിയും ഫാത്തിമയുമാണ് മാതാപിതാക്കൾ. എസ്വിൻ മകളാണ്. ദോഹയിലെ അൽ തുമാമയിലാണ് ആഷിഖിന്റെ താമസം. ഖത്തറിലെ ആന്റിക് പ്രേമികളുടെ കൂട്ടായ്മയായ ഇന്തോ അറബ് ന്യൂമിസ് ഫില ആൻഡ് ഹെറിറ്റേജ് അസോസിയേഷനിലും, മലപ്പുറം ന്യൂമിസ്മാറ്റിക്സൊസൈറ്റിയിലും അംഗമാണ് ഇദ്ദേഹം.
ഫെബ്രുവരി 13; ലോക റേഡിയോ ദിനം
1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 2010ൽ സ്പാനിഷ് റേഡിയോ അക്കാദമിയുടെ ആവശ്യത്തെ തുടർന്ന് 2011 ഫെബ്രുവരി 13 മുതൽ ലോക റേഡിയോ ദിനമായി എണ്ണപ്പെട്ടു. ലോകത്തെ ഏറ്റവും പഴക്കമുള്ളതും ചിലവു കുറഞ്ഞതുമായ മാധ്യമം എന്നനിലയിൽ ഗ്രാമങ്ങളിൽ സ്വീകാര്യത ലഭിച്ച റേഡിയോ, 1923ലാണ് ഇന്ത്യയിൽ ആദ്യമായി ശബ്ദിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.