പാടിത്തീരാത്ത റഫി ഗാനങ്ങളുമായി ദോഹയിൽ ‘റഫി കെ യാദേൻ’
text_fieldsദോഹ: തലമുറകൾക്കതീതമായി ലോകമെങ്ങും ആസ്വാദകരെ സൃഷ്ടിച്ച അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം പിറന്നാൾ ഖത്തറിലെ സംഗീത പ്രേമികൾ ആഘോഷമാക്കുന്നു.
റഫിയുടെ മകനും റഫി ഫൗണ്ടേഷൻ ചെയർമാനുമായ ശാഹിദ് റഫിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 21ന് അൽ വക്റയിൽ ഡി.പി.എസ് സ്കൂളിൽ ‘റഫി കെ യാദേൻ’ സംഗീത സന്ധ്യ ഒരുക്കിയാണ് ഖത്തറിലെ ആഘോഷമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദോഹയിലെ റഫി സംഗീത വിരുന്നുകളിലൂടെ ശ്രദ്ധേയമായ ദോഹ വേവ്സും ഡയസ്പോറ ഓഫ് മലപ്പുറവും (ഡോം ഖത്തർ) വേൾഡ് മലയാളി ഫെഡറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സംഗീത വിരുന്നിൽ മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ ഗാനങ്ങൾ ഖത്തറിലെയും മിഡിൽ ഈസ്റ്റിലെയും ഗായകർ ദൃശ്യ, നൃത്ത വിസ്മയത്തോടെ വേദിയിൽ അവതരിപ്പിക്കും.
ദോഹ വേവ്സ് ചെയർമാനും റഫി ഗാനങ്ങളിലൂടെ ഖത്തറിലും കേരളത്തിലുമായി ശ്രദ്ധേയനുമായ മുഹമ്മദ് ത്വയ്യിബാണ് സംഗീത നിശ നയിക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ്, ആതിര ഗോപകുമാർ, ഹന ത്വയ്യിബ് എന്നിവരും ഗാനങ്ങളുമായെത്തും. റഫി പ്രേമികൾ ചേർന്ന് 1995ൽ ഖത്തറിൽ ആരംഭിച്ച ദോഹ വേവ്സിന്റെ 24ാമത്തെ ‘റഫി കെ യാദേൻ’ പരിപാടിയാണ് ഇഷ്ട ഗായകന്റെ നൂറാം പിറന്നാളിന് വേദിയിലെത്തുന്നത്.
ശ്രേയ ഘോഷാൽ, ഉദിത് നാരായൺ, അർമാൻ മാലിക് തുടങ്ങിയ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തി നേരത്തേയും സംഗീത സായാഹ്നങ്ങൾ സംഘടിപ്പിച്ചിരുന്നു. സംഗീത പ്രേമികൾക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ അംബാസഡർമാരും അതിഥികളായെത്തും.
വാർത്തസമ്മേളനത്തിൽ മുഹമ്മദ് ത്വയ്യിബ്, ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ സുബൈർ പാണ്ടവത്ത്, പ്രോഗ്രാം കോഓഡിനേറ്റർ സിദ്ദിക്ക് ചെറുവത്തൂർ, ഓറിയന്റൽ ഓട്ടോ പാർട്സ് ജനറൽ മാനേജർ ഷരീഫ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.