രാഹുൽ ഗാന്ധി കേസ്; ആഹ്ലാദം പങ്കുവെച്ച് ഇൻകാസ്
text_fieldsഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി യോഗത്തിൽ ശ്രീജിത്ത് നായർ സംസാരിക്കുന്നു
ദോഹ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്കോടതി വിധി സ്റ്റേ ചെയ്ത് പാർലമെന്റംഗത്വം പുനഃസ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധി ഇൻകാസ് നേതാക്കളും പ്രവർത്തകരും ആഹ്ലാദാരവങ്ങളോടെ സ്വാഗതം ചെയ്തു.
കെ.പി.സി.സി ആഹ്വാനം ചെയ്ത പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കി സത്യത്തെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന അധികാരി വർഗത്തിനുള്ള ചുട്ട മറുപടിയാണ് സുപ്രീംകോടതി വിധിയെന്ന് നിയാസ് ചെരിപ്പത്ത് പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും മാതൃകകളെയും ഉയർത്തിപ്പിടിക്കുന്ന നടപടിയാണ് ഉന്നത നീതിപീഠത്തിൽനിന്നും ഉണ്ടായതെന്നും ഇത് സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്ന ജനാധിപത്യവിശ്വാസികളുടെ വിജയം കൂടിയാണെന്നും ഇൻകാസ് ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ പറഞ്ഞു.
സിറാജ് പാലൂർ, കരീം നടക്കൽ, വി.പി. ഷാഹിദ്, നാസർ വടക്കേക്കാട്, നാസർ കറുകപ്പാടം, ബിജുമുഹമ്മദ്, ബാബുജി, അജറ്റ് എബ്രഹാം, ഷാഹിൻ മജീദ്, നവീൻ കുര്യൻ, രഞ്ജു തുടങ്ങിയവർ സംസാരിച്ചു. ഷംസുദ്ദീൻ ഇസ്മായിൽ നന്ദി പറഞ്ഞു. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തിയും ആഘോഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.