ചൂടിനിടയിൽ ആശ്വാസ മഴ; ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴയെത്തി
text_fieldsദോഹ: വിയർത്തൊലിക്കുന്ന ഹ്യുമിഡിറ്റിക്കും എരിപൊരി കൊള്ളിക്കുന്ന ചൂടിനുമിടയിൽ ഖത്തറിന്റെ ചിലയിടങ്ങളിൽ ആശ്വാസമായി മഴയെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ഖത്തറിന്റെ വടക്ക്, തെക്ക്, മധ്യഭാഗങ്ങളിലായി പലയിടങ്ങളിലും കാറ്റോടുകൂടിയ മഴയെത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ തന്നെ പലയിടങ്ങളിലും മഴക്കോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്തരീക്ഷം മൂടി, മേഘാവൃതമായ സാഹചര്യം. തുടർന്ന് നാലു മണിക്കു ശേഷമാണ് പലയിടങ്ങളിലും ചുട്ടുപൊള്ളുന്ന മണ്ണിനെ തണുപ്പിച്ച് മഴയെത്തിയത്. അതേസമയം, ദോഹയിലൊന്നും മഴ പെയ്തില്ല. എന്നാൽ, ചൂടിനും ഹ്യുമിഡിറ്റിക്കും ഒട്ടും കുറവുമില്ലായിരുന്നു. മികൈനീസ്, അൽ കറാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയെത്തിയതെന്ന് ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 16 മില്ലിമീറ്റർ വരെയായിരുന്നു ഇവിടെ മഴപെയ്തത്.
അൽ ഷഹാനിയ, റൗദത് റാഷിദ്, മികൈനീസ്, മുർറ തുടങ്ങി പലയിടങ്ങളിലും മഴ ലഭിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും മഴച്ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചാണ് സ്വദേശികളും വിദേശികളും ചൂടിനിടയിൽ വിരുന്നെത്തിയ മഴയെ വരവേറ്റത്. വൈകുന്നേരത്തോടെ റോഡും മണ്ണും നന്നായി നനക്കുന്ന രീതിയിൽ ശക്തമായി തന്നെ മഴ പെയ്തതായി ഖത്തറിലെ കേരള റെയിൻ ഫോർകാസ്റ്റർ ഗ്രൂപ് അംഗം കൂടിയായ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് റഹീസ് പറഞ്ഞു.
ശനിയാഴ്ചയും മഴക്കു സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. കാലാവസ്ഥ മാറ്റത്തിന്റെ സൂചനയായി അൽ കിലൈബിൻ നക്ഷത്രം ഉദിച്ചതായി കാലാവസ്ഥ വിദഗ്ധർ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. വേനൽക്കാല സീസണിലെ അവസാന നക്ഷത്രങ്ങളിൽ ഒന്നായാണ് ഇവ അറിയപ്പെടുന്നത്. ഈ വേളയിൽ ചൂടും ഹ്യുമിഡിറ്റിയും കൂടുന്നത് കാലാവസ്ഥ മാറ്റത്തിന്റെ സൂചനയുമാവും.
ഏതാനും ദിവസംകൂടി ചൂട് തുടർന്നശേഷം, പിന്നീട് കുറഞ്ഞുവരുമെന്നും ഖത്തർ കലണ്ടർ ഹൗസ് ജ്യോതിശാസ്ത്രകാരൻ ഡോ. ബാഷിർ മർസൂഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.