മഴ, മിന്നൽ, ഇടി
text_fieldsദോഹ: കനത്ത ചൂടിലും ഹുമിഡിറ്റിയിലും എരിപൊരികൊണ്ടവരുടെ മനസ്സും ശരീരവും ഒപ്പം മണ്ണും തണുപ്പിച്ച് ഖത്തറിൽ മഴ തിമിർത്തു പെയ്തു. വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് കനത്ത മുഴക്കത്തോടെ ഇടിയും മിന്നലും ചിതറിയത്. പിന്നാലെ മഴയും പെയ്തിറങ്ങി. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷമായിരുന്നു വേനലിന്റെ കടുത്ത ചൂടിനിടയിൽ കുളിർമഴയെത്തിയത്. ബുധനാഴ്ച നേരിയ ചാറ്റൽമഴ രാജ്യത്തിന്റെ പലയിടങ്ങളിലും പൊടിഞ്ഞിരുന്നു. കാലാവസ്ഥ വിഭാഗവും നേരത്തേതന്നെ മുന്നറിയിപ്പ് നൽകി.
രാവിലെ ഏതാനും മണിക്കൂറുകൾ, ദോഹ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി പെയ്തതോടെ ഓഫിസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമായി പുറപ്പെട്ടവർ പെരുവഴിയിലായി. പലസ്ഥലങ്ങളിൽ ഇടവേളകളിലായി മഴപ്പെയ്ത്ത് തുടർന്നപ്പോൾ ഇടറോഡുകളിലേക്കും വെള്ളമെത്തി. എന്നാൽ, പ്രധാനപാതകളിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
റോഡുകളിൽനിന്ന് മിനിറ്റുകൾ കൊണ്ടുതന്നെ വെള്ളം ഒഴിഞ്ഞുപോയതിനാൽ ഗതാഗത തടസ്സങ്ങളൊന്നുമുണ്ടായില്ല. ചില മേഖലകളിൽ കെട്ടിനിന്ന വെള്ളം നഗരസഭയുടെ ടാങ്കറുകൾ എത്തി അതിവേഗത്തിൽ ഒഴിവാക്കി. ദോഹ, അൽ വക്റ, വുകൈർ, ഐൻ ഖാലിദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ പെയ്തു. മഴയിൽ താമസക്കാർ സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ നിർദേശിച്ചു. ഫ്ലാറ്റുകൾ, വില്ലകൾ ഉൾപ്പെടെ കെട്ടിടങ്ങളുടെ റൂഫ് ടോപ്പിലും മരങ്ങൾക്കരികിലും നിൽക്കരുതെന്നും അപ്രതീക്ഷിത വെള്ളക്കെട്ടുകൾ പ്രത്യക്ഷപ്പെടാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വേഗം കുറച്ച് ജാഗ്രത പാലിക്കണെമന്നും നിർദേശിച്ചു.
'ഏഴു മണിയോടെ നജ്മയിലെ റൂമിൽ നിന്നിറങ്ങുമ്പോൾ നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു. തൊട്ടുമുമ്പ് പെയ്ത മഴയുടെ അടയാളങ്ങൾ മാത്രമേ റോഡുകളിലുണ്ടായിരുന്നുള്ളൂ. എന്നാൽ, മതാർ ഖദീമിലെത്തിയപ്പോൾ മഴ പെയ്ത് തുടങ്ങി. മന്നായി, ന്യൂസലാത്തയിലെത്തുമ്പോഴേക്കും മഴ കനത്തു. റോഡുകളിൽ ഗതാഗതം ക്രമീകരിക്കാൻ പൊലീസ് സജീവമായി ഉണ്ടായിരുന്നു. പ്രധാന റോഡുകളിൽ ഗതാഗത തടസ്സെമാന്നുമില്ലായിരുന്നു. ഇടറോഡുകളിലെ വെള്ളക്കെട്ടുകൾ ഉച്ചക്ക് മുമ്പുതന്നെ ഒഴിവാക്കപ്പെട്ട' -കണ്ണൂർ സ്വദേശിയായ സഹൂദ് മഴയനുഭവം പങ്കുവെക്കുന്നു.
വേനൽക്കാലത്ത് ഇത്ര ശക്തമായ മഴ കണ്ടിട്ടില്ലെന്ന് 40 വർഷമായി ഖത്തറിലുള്ള തൃശൂർ മുല്ലക്കര സ്വദേശി ശരീഫ് പി.വൈ പറയുന്നു. 'ഇടിമിന്നലോടെ അതിശക്തമായി വേനലിൽ ഇതുപോലൊരു മഴ ഞാൻ കണ്ടിട്ടില്ല. കാലാവസ്ഥ മാറുന്ന സീസണിൽ ഇടിമിന്നലോടെ മഴയും ആലിപ്പഴം വീഴുന്നതുമെല്ലാം കാണാറുണ്ട്. ഇത്രയേറെ ചൂടിൽ ഇങ്ങനെയൊരു മഴ ആദ്യ അനുഭവമാണ്' -ശരീഫ് പറഞ്ഞു. ഏറെ നാളത്തെ ഇടവേളക്കുശേഷം, കടുത്ത ചൂടിനിടയിലെത്തിയ മഴ സ്വദേശികളും പ്രവാസികളുമായ താമസക്കാർ ആഘോഷമാക്കിമാറ്റി. മഴ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വാട്സ്ആപ് സ്റ്റാറ്റസുകളിലുമായി പങ്കുവെച്ചും റോഡിലിറങ്ങി മഴ നനഞ്ഞും സന്തോഷം പ്രകടിപ്പിച്ചു. -
മുഴുസമയം ജാഗ്രതയോടെഎമർജൻസി സംഘം
ദോഹ: വ്യാഴാഴ്ച രാവിലെ ഇടിമിന്നലോടെ ശക്തമായ മഴയെത്തിയതിനു പിന്നാലെ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ സംയുക്ത എമർജൻസി സംഘം മുഴുസമയ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി. മഴയെ വരവേൽക്കുന്നതിന്റെ ഭാഗമായി നേരത്തേതന്നെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ അടിയന്തര സംഘം സജ്ജമാക്കി, വേണ്ട തയാറെടുപ്പുകളും നടത്തിയിരുന്നു. അടിയന്തര രക്ഷാപ്രവർത്തനത്തിനും വെള്ളം നീക്കംചെയ്യാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരുടെ സംഘം നിലയുറപ്പിച്ചു.
കാലാവസ്ഥ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽതന്നെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് എമർജൻസി ടീം തയാറായിരുന്നതായി അധികൃതർ പറഞ്ഞു. രക്ഷാദൗത്യത്തിനുള്ള വാഹനങ്ങൾ, ഉപകരണങ്ങൾ, ദൗത്യസേന എന്നിവ എല്ലാ മുനിസിപ്പാലിറ്റി പരിധിയിലും ഉറപ്പാക്കി. അൽ വക്റ, അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിൽ മിനിറ്റുകൾക്കുള്ളിൽതന്നെ മഴവെള്ളം നീക്കംചെയ്തു.
184 നമ്പറിലെ കാൾ സെന്റർ പൊതുജനങ്ങളിൽനിന്നുള്ള ഫോൺവിളികൾ സ്വീകരിക്കാനും ഉടൻതന്നെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് എത്തിക്കാനുമായി പ്രവർത്തിച്ചു.
മുനിസിപ്പാലിറ്റി സർവിസ് വിഭാഗം, പൊതു ശുചിത്വ വിഭാഗം, മെക്കാനിക്കൽ എക്യുപ്മെന്റ്, കസ്റ്റമർ സർവിസ്, യൂനിഫൈഡ് കാൾ സെന്റർ, പൊതുമരാമത്ത് വിഭാഗം, ആഭ്യന്തര മന്ത്രാലയം, ലഖ്വിയ, ഖത്തർ ആംഡ് ഫോഴ്സ്, ഖത്തർ എനർജി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സംഘം പ്രവർത്തിക്കുന്നത്.
മഴയിൽ കുട ചൂടിയ സൈക്കിൾ യാത്രികൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.