കുട്ടിക്കാലേത്തക്ക് വീണ്ടും
text_fieldsഞാൻ നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലമാണ്. ഡിസംബറിലായിരുന്നു ആ വർഷത്തെ നോമ്പ്. റമദാൻ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് നാട്ടിലെ പള്ളികളും വീടുകളും വൃത്തിയാക്കുന്നതിെൻറയും പെയിൻറിംങ് നടത്തുന്നതിെൻയും തിരക്കിലായിരിക്കും വിശ്വാസികൾ. എെൻറ വീട്ടിൽ ചാണകവും കരിയും മിക്സ് ചെയ്തു നിലത്തു തേച്ചു പിടിപ്പിക്കുന്ന ജോലി ചെയ്യുന്നത് ഉമ്മാമയും ഉമ്മയുമായിരുന്നു . വീട്ടിൽ പശുവിനെ വളർത്തുന്നത് കൊണ്ട് ചാണകത്തിനു യാതൊരു ക്ഷാമവുമില്ല. അക്കാലത്തെ വീട്ടിലെ ഏക വരുമാനവും പാൽ വിതരണത്തിലൂടെയായിരുന്നു . ദിവസം രണ്ട് നേരം കറവയുണ്ടായിരുന്നു. രാവിലെ ക്ഷീര സഹകരണ സംഘത്തിൽ കൊടുക്കും. ഓരോ ദിവസം ഇടവിട്ട് പാൽ വിതരണം ഞാനും അനുജനും കൂടി ഏറ്റെടുക്കാറാണ് പതിവ്. അങ്ങനെയാണ് കരാർ എങ്കിലും പലപ്പോഴും അവൻ തെറ്റിക്കും. വീട്ടിലെ മേൽക്കൂരയിലെ ചിലന്തി വല എല്ലാം വൃത്തിയാക്കുന്ന ജോലി ഞങ്ങൾക്കായിരുന്നു. അതായത് ഞാനും അനുജനും പെങ്ങളും . കൂടപ്പിറപ്പുകളാണേലും വ്യത്യസ്ത ചേരിയിലായിരുന്നു മൂന്നു പേരും . അവസരം കിട്ടിയാൽ പരസ്പരം തല്ലുകൂടാൻ യാതൊരു മടിയും കാണിക്കാറില്ല. വ്രത ശുദ്ധിയുടെയും ആത്മ സമർപ്പണത്തിെൻറയും ദിനരാത്രങ്ങളെ വരവേൽക്കാൻ വീട്ടിലുള്ളവർ ഒരുങ്ങുമ്പോൾ ഞങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു . നോമ്പ് ഒന്ന് മുതൽ കിട്ടുന്ന നാണയ തുട്ടുകൾ കാശുകുടുക്കയിൽ സൂക്ഷിക്കും. പരസ്പരം ‘നല്ല വിശ്വാസം’ ആയതിനാൽ എെൻറ കാശുകുടുക്ക സൂക്ഷിച്ചിരുന്നത് പശുവിൻ തൊഴുത്തിെൻറ മേൽക്കൂരയിലായിരുന്നു.
ക്രിസ്തുമസ് അവധിയിലെ പത്തു ദിവസം കുടുംബ വീടുകൾ സന്ദർശിച്ചു പരമാവധി സകാത്തുകൾ ശേഖരിച്ചു പെരുന്നാളിന് ടൂർ പോകാനും ഡ്രസ്സ് , ചെരുപ്പ് എന്നിവ വാങ്ങാനുമുള്ള കാശ് സമാഹരിക്കലാണ് പദ്ധതികൾ. ടൂർ എന്ന് പറഞ്ഞാൽ മൈസൂരും ഊട്ടിയോന്നുമല്ല . പയ്യാമ്പലം ബീച്ചും പിന്നെ കലക്ടറേറ്റ് മൈതാനിയിലെ സർക്കസും ആയിരുന്നു. ഉമ്മാമ്മ വിരുന്നു പോകുമ്പോൾ എല്ലായിടത്തും എെന്ന കൊണ്ട് പോകാറുണ്ടായിരുന്നു. ഇളയ കുട്ടി ആയതു കൊണ്ട് ഉപ്പാെൻറയും ഉമ്മയുടെയും വാത്സല്യ കൂടുതൽ അവനായിരുന്നു . വീട്ടിലെ ഒരൊറ്റ പെൺതരി എന്നതിെൻറ ആനുകൂല്യം പെങ്ങൾക്കും. പലപ്പോഴും ഉമ്മാമയായിരുന്നു എെൻറ രക്ഷാകവചം. നോമ്പിെൻറ അവസാന പത്തു ശരിക്കും എനിക്ക് ടെൻഷനായിരുന്നു. വിചാരിച്ച രീതിയിലുള്ള കളക്ഷൻ വന്നില്ല. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞാൽ സ്കൂൾ അടക്കും . അപ്പോൾ നടുവിലും , മലപ്പട്ടത്തുമുള്ള ബന്ധുക്കളുടെ വീടുകളിൽ ചെല്ലണം, കൂടാതെ നോമ്പ് ഇരുപത്തിആറിനും ഇരുപത്തേഴിനും പള്ളികളിൽ കൊടുക്കുന്ന സകാത്തും ഐസ് എടുക്കുന്ന വീട്ടിലെ മമ്മദാജിക്കയുടെ സകാത്തും (വീട്ടിൽ ഇലക്ട്രിസിറ്റി ഇല്ലാത്തതിനാൽ നാരങ്ങാ വെള്ളം കലക്കുന്നതിനുള്ള ഐസ് എടുക്കുന്നത് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് )കൂടിയാകുമ്പോൾ എല്ലാം ശരിയാകും എന്നു മനസ്സിനെ സമാധാനിപ്പിച്ചു . അങ്ങനെ ഡിസംബർ 23 ആയി. നാളെ മുതൽ ക്ലാസിനു പോകേണ്ട . ഓരോ ദിവസവും ഓരോ വീടുകൾ. സംഗതി കുശാൽ. ലഡുപൊട്ടിയ മനസ്സുമായാണ് ഞാൻ അന്ന് സ്കൂളിൽ പോയത്. അന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ വലതു ചെവി വേദനിക്കുന്നത് പോലെ തോന്നി. ഉച്ചയോടു കൂടി വേദന കൂടി കൂടി വന്നു പരീക്ഷയും കഴിഞ്ഞു സ്കൂളിൽ നിന്നും ലഭിക്കുന്ന അഞ്ചു കിലോ അരിയുമായി വീട്ടിലെത്തി ഉമ്മാനോട് കാര്യം പറഞ്ഞു.
അപ്പോഴേക്കും ചെവിയുടെ ഭാഗത്തു നീരും കടുത്ത വേദനയും കൂടി. കണ്ട ഉടനെ ഉമ്മ പറഞ്ഞു ‘പടച്ചോനെ ചെക്കന് ബിണ്ടി (മുണ്ടിനീര് ) ഇതു മാറണമെങ്കിൽ രണ്ടാഴ്ച കഴിയും’. എന്നിട്ട് അനിയനോടും പെങ്ങളോടും ഒരു ഉപദേശവും ‘ഓെൻറ കൂടെ നിൽക്കണ്ടാ ബിണ്ടി പകരും’. ബിണ്ടിയാണെന്നറിഞ്ഞതോടെ കുടുംബക്കാരുടെ ഒഴുക്കും നിലച്ചു.അങ്ങനെ എെൻറ പെരുന്നാള് ‘ബിണ്ടി’ കൊണ്ട് പോയി. അനുജനും പിന്നീട് പെങ്ങൾക്കും രോഗം ബാധിച്ചു . അവർക്കതു വന്നില്ലായിരുന്നെങ്കിൽ ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാകുമായിരുന്നു എേൻറത്. അന്നുണ്ടായ മനസ്സിലെ വേദന മാറിക്കിട്ടാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.