ഇന്ത്യൻ എംബസി റമദാൻ സുഹൂർ
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച റമദാൻ സുഹൂർ സംഗമത്തിൽ അംബാസഡർ വിപുൽ അതിഥികളെ സ്വീകരിക്കുന്നു
ദോഹ: ഖത്തറിലെ ബിസിനസ് പ്രമുഖർ, വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രജ്ഞർ, ഇന്ത്യൻ സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രതിനിധികൾ എന്നിവർക്കായി റമദാൻ സുഹൂർ സംഗമം ഒരുക്കി ഖത്തറിലെ ഇന്ത്യൻ എംബസി.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനലുകൾ കൗൺസിൽ (ഐ.ബി.പി.സി), ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) എന്നിവയുമായി സഹകരിച്ച് ദോഹയിലെ അൽ മെസില റിസോർട്ടിലാണ് റമദാൻ സുഹൂർ സംഘടിപ്പിച്ചത്. സുഹൂറിനിടെ ‘ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ’ എന്ന പേരിൽ ഫോട്ടോ പ്രദർശനവും നടന്നു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുല് വിശുദ്ധ റമദാൻ സന്ദേശം കൈമാറി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിച്ചും ഈ വർഷം ഫെബ്രുവരിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഇന്ത്യയിലേക്ക് നടത്തിയ സന്ദർശനത്തെ കുറിച്ചും അംബാസഡർ സംസാരിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലയിലേക്ക് വികസിച്ചതായും വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ധാരണയായതായും അദ്ദേഹം പറഞ്ഞു.
അതിഥികൾക്കായി ഇന്ത്യൻ സർക്കാറിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പരിപാടിയുടെ വിജയം വരച്ചു കാണിക്കുന്ന ചിത്ര പ്രദർശനം നടന്നു. ഓട്ടോമൊബൈൽസ്, വ്യോമയാനം, രാസവസ്തുക്കൾ, വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപകർക്കുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പ്രദർശനങ്ങൾ പരിപാടിയിൽ നടന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി സംഘടന ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.