ഒറ്റ രാത്രിയിലെ തടവറയും കൈവിലങ്ങും
text_fieldsറമദാൻ മാസത്തിൽ രാത്രിയിലാണ്ഞങ്ങളുടെ സൈറ്റിൽ കൂടുതലും ജോലി നടക്കുന്നത്. സൈറ്റിലെ സേഫ്റ്റി ലീഡറായ എനിക്കുംരാത്രിയിലാണ് ജോലി.അന്നും ക്യാമ്പിൽ നിന്ന് വരുന്ന വഴിയായിരുന്നു. സമയം ഒമ്പതര ആയിക്കാണും. അപ്പോഴാണ് മാനേജരുടെ ഫോൺ വന്നത്. പെട്രോൾ പമ്പിനടുത്തുള്ള സൈറ്റിൽ ക്രെയിന്‍ മറിഞ്ഞെന്നും ഉടനെ അവിടെ എത്തണമെന്നുമായിരുന്നു വിവരം.
അവിടെ എത്തുമ്പോൾ പുതുതായി ഉണ്ടാക്കുന്ന പാലത്തിനരികിലെ റോഡിൽ പോലീസ് വാഹനങ്ങളും ആംബുലൻസുകളും. ചെരിഞ്ഞു നിൽക്കുന്ന ക്രെയിനിന് ഇടയിൽ പെട്ട് ബീഹാറുകാരനായ ഓപ്പറേറ്റർ മരണപ്പെട്ടിരിക്കുന്നു. ഞങ്ങ ളുടെ സൈറ്റിലെ ആദ്യ മരണം. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസ് മേധാവികൾ ഞങ്ങളുടെ എഞ്ചിനീയർമാർ, സേഫ്റ്റി ഒാഫിസർമാരടക്കം എന്നെയും മാറ്റിനിർത്തി. ഞങ്ങളുടെ ഉപകരാർ കമ്പനിയുടെ ക്രെയിന്‍ ആണ് അപകടത്തിൽ പെട്ടത്. കാര്യങ്ങളെല്ലാം ഒരുവിധം ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചുകൊടുത്തു. നിയമപരമായ എല്ലാ രേഖകളും ഉണ്ടെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനിൽ ഞങ്ങളുടെ കമ്പനിയുടെ മന്ദൂപൂം ഡയറക്ടറും അടക്കം ഒരുപാട് ആളുകൾ എത്തിയിരുന്നു. സമയം രാത്രി ഒരു മണി ആയിക്കാണും. ഞങ്ങൾ നാലുപേരും പിന്നെ അപകടം കണ്ട കുറച്ചു തൊഴിലാളികളെയും പോലീസുകാർ വിളിച്ചു ഉള്ളിൽ കൊണ്ടുപോയി. അറബി അറിയാത്ത ഞാൻ അന്തംവിട്ടു. അവർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിട്ടുകൊടുത്തു. തൊഴിലാളികളെയെല്ലാം പറഞ്ഞുവിട്ടു, ഞങ്ങൾ നാലുപേരെ മാത്രം അവിടെ നിർത്തി. സമയം രാത്രി മൂന്നു മണി. നോെമ്പടുക്കണം, അത്താഴം കഴിച്ചിട്ടില്ല. ഇതറിയിച്ചതോടെ എനിക്ക് അൽപം ഭക്ഷണം കിട്ടി. നാട്ടിൽ സമയം സുബ്ഹി ആയിക്കാണും. വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉമ്മയുടെ തേങ്ങൽ കേൾക്കാമായിരുന്നു. എെൻറ കണ്ണും നിറഞ്ഞു.എല്ലാവരുടെയും റിപ്പോർട്ട് തയാറായി. ഞങ്ങളുടെ ഏരിയ സേഫ്റ്റി ഓഫിസർ, പ്രോജക്ട് മാനേജർ, സബ് കോൺട്രാക്റ്റ് ഫോർമാൻ പിന്നെ ഞാനും...ഞങ്ങളെ എല്ലാവരെയും പൊലീസ് സെല്ലിൽ അടച്ചു.
ജീവിതത്തിലാദ്യമായി അതും ഒരു നോമ്പുകാലത്ത് ഞാൻ തടവറയിൽ! തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു.
രാവിലെ സമയം 11 മണി ആയിക്കാണും, പോലീസുകാർ ഞങ്ങളെ എല്ലാവരെയും സെല്ലിന് പുറത്തുകൊണ്ടുവന്നു നിർത്തി. ഒരു പൊലീസുകാരൻ വന്നു കൈയിൽ വിലങ്ങണിയിച്ചു. തകർന്നു പോയി ശരീരവും മനസും... നേരെ മുകളിലുള്ള കോടതിയിലേക്കാണ് കൊണ്ടുപോയത്. അവിടെയുള്ള ജീവനക്കാരായ ചില മലയാളികൾ പറഞ്ഞു നൂറു റിയാൽ കൊടുക്കാനുളള കേസിനു പോലും വിലങ്ങുവെച്ചാണ് കൊണ്ടുവരിക, ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്ന്.
ജഡ്ജി ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു, ഞങ്ങൾ കൃത്യമായ മറുപടിയും നൽകി. അപ്പോഴേക്കും കമ്പനി എല്ലാ രേഖകളും ശരിയാക്കി, താമസിയാതെ ഞങ്ങൾ ജാമ്യവും കിട്ടി പുറത്തിറങ്ങി.
ക്യാമ്പിൽ എത്തുമ്പോൾ സമയം വൈകുന്നേരം ആറുമണി. നോമ്പ് തുറന്നു. ഒന്നിനും ഉഷാറില്ല. ഒറ്റ രാത്രിയാണെങ്കിലും തടവറ ഭയാനകമാണ്. വീട്ടിലേക്ക് ഫോൺ വിളിച്ചു, അവിടെ എല്ലാവരും എെൻറ വിളിക്കായി കാത്തുനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.