റമദാൻ: അവസാന പത്തിനൊരുങ്ങി ഔഖാഫ്
text_fieldsദോഹ: റമദാൻ രണ്ടാമത്തെ പത്ത് പകുതിയും പിന്നിട്ടതോടെ പുണ്യങ്ങൾ പെയ്യുന്ന അവസാന പത്തിനെ വരവേൽക്കാനൊരുങ്ങി വിശ്വാസി സമൂഹം. വ്യാഴാഴ്ച 20 നോമ്പ് പൂർത്തിയാകുന്നതോടെ സവിശേഷമായ ദിനരാത്രങ്ങളെയാണ് വരവേൽക്കുന്നത്.
അവസാന പത്ത് ദിവസങ്ങളിലെ പള്ളികളിലെ തിരക്കുകൾ കണക്കിലെടുത്ത് ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയത്തിനുകീഴിൽ വലിയ സജ്ജീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അനുഗൃഹീത ദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം പ്രത്യേക തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
ഖുർആൻ മനഃപാഠമാക്കൽ, പാരായണ സെഷനുകൾ മുതൽ ഖത്തരി യുവാക്കളെ പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ പരിശീലിപ്പിക്കൽ, ഖുർആൻ മനഃപാഠ കേന്ദ്രങ്ങളിൽ മികച്ച വിദ്യാർഥികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കൽ വരെ എല്ലാ തലങ്ങളിലും അവസാന പത്ത് ദിവസങ്ങൾ സജീവമാക്കുന്നതിന് മന്ത്രാലയം സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു.
ഇഅ്തികാഫിന് 200 പള്ളികൾ
റമദാനിലെ അവസാന 10 ദിവസങ്ങളിൽ പള്ളികളിൽ ഇഅ്തികാഫ് (പ്രാർഥനകളുമായി സമയം ചെലവഴിക്കൽ) ഇരിക്കുന്നതിന് ഈ വർഷം 200 പള്ളികളാണ് മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്.
ഇഅ്തികാഫ് ആഗ്രഹിക്കുന്നവർക്ക് അവരവരുടെ പ്രദേശത്തെ പള്ളികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിന് ഭൂമിശാസ്ത്രപരമായ രീതിയിൽ പള്ളികളുടെ തിരഞ്ഞെടുപ്പ് വലിയ സഹായകമാകും. ഇഅ്തികാഫ് ചെയ്യുന്നവരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരാധനാ, പ്രാർഥനകളിൽ മുഴുകാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണം തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പള്ളികളിൽ സജ്ജമാക്കും. റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഔഖാഫ് മന്ത്രാലയം തഹ്ബീർ പരിപാടി ആരംഭിച്ചു. 120 സെഷനുകളാണ് തഹ്ബീറിൽ ഉൾപ്പെടുന്നത്.
Teamiz ആപ് വഴിയും സെഷനുകൾ നടക്കും. ഖുർആൻ പാരായണം മെച്ചപ്പെടുത്താനും വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ അർഥങ്ങൾ ആഴത്തിൽ പരിശോധിക്കാനും പഠിക്കാനും അവസരം നൽകുന്നതാണ് തഹ്ബീർ സെഷനുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.