സാഹോദര്യവും മാനവികതയും വിളംബരം ചെയ്ത് റമദാൻ മീറ്റ്
text_fieldsദോഹ: സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും വിളംബര വേദിയായി ദോഹ റമദാൻ മീറ്റ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും കൈമുതലാക്കി മാനവികതക്ക് വേണ്ടി നിലകൊള്ളണമെന്നും വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തണമെന്നും ദോഹ റമദാൻ മീറ്റ് ആഹ്വാനം ചെയ്തു.
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദകേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് ഡി.ഐ.സി.ഐ.ഡി മേധാവി മുഹമ്മദ് അൽ ഗാമിദി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ സംസ്കാരങ്ങളിലും നാഗരികതകളിലും വളർന്നുവരുന്ന നമുക്കിടയിൽ സമാധാനവും സ്നേഹവും പരസ്പര ധാരണയും കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇത്തരം ഇഫ്താർ സംഗമങ്ങളെന്ന് മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തർ ചാരിറ്റിയിലെ ദീർഘകാല ജീവനക്കാരനായിരുന്ന കെ.സി. അബ്ദുർറഹ്മാനെ അനുസ്മരിച്ചുകൊണ്ടാണ് അൽ ഗാമിദി സംസാരം ആരംഭിച്ചത്. എല്ലാ മേഖലയിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ കമ്യൂണിറ്റിയുമായുള്ള ഖത്തറിന്റെ ബന്ധം വർഷങ്ങളുടെ പഴക്കമുള്ളതാണെന്നും ഇന്ത്യൻ സമൂഹത്തിന് വേണ്ടി പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഖത്തറിന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുഷിക പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നാം ജീവിക്കുന്ന സമൂഹത്തിന്റെ വളർച്ചയിൽ ശ്രദ്ധ ചെലുത്തേണ്ടതും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് സംഗമത്തിന് ആശംസ നേർന്നുകൊണ്ട് ഖത്തർ ചാരിറ്റി ലോക്കൽ പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഫരീദ് ഖലീൽ അൽ സിദ്ദീഖി പറഞ്ഞു.
ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജ്യൻ ആൻഡ് സൊസൈറ്റി തലവൻ ഡോ. വൈ.ടി. വിനയരാജ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
യുദ്ധവും സംഘട്ടനങ്ങളും ഭിന്നതകളും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ്ലാമോഫോബിയയും അടക്കിവാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രചാരകരായി അവയെയെല്ലാം നാം ചെറുക്കണമെന്ന് ഡോ. വൈ.ടി. വിനയരാജ് പറഞ്ഞു.
‘ഏറെ വിഷമത്തോടെയാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നത്. ഗസ്സയിൽ നമ്മുടെ സഹോദരന്മാർ കടുത്ത അതിക്രമങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് നിരപരാധികൾ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നു.
ഗസ്സ ഒരു ദുരന്തഭൂമിയായി മാറിയിരിക്കയാണ്. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വാഹകരായ സംഘ്പരിവാരത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത്തരം ദുശ്ശക്തികൾക്ക് യുവാക്കൾ ചെവികൊടുക്കരുത്’-ഡോ. വൈ.ടി. വിനയരാജ് ചൂണ്ടിക്കാട്ടി.
യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധിസഭാംഗം ഡോ. നഹാസ് മാള പറഞ്ഞു. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ ആഴം കൂടിവരുകയാണെന്നും മൃഗങ്ങളെ പോലും മതങ്ങളുടേതാക്കി വിഭജിക്കപ്പെട്ട കാലത്താണ് നാമുള്ളതെന്നും സഹിഷ്ണുതയും സാഹോദര്യവുംകൊണ്ട് ഇതിനെയെല്ലാം ചെറുക്കണമെന്നും ഡോ. നഹാസ് കൂട്ടിച്ചേർത്തു.
യൂത്ത് ഫോറം രക്ഷാധികാരിയും സി.ഐ.സി പ്രസിഡന്റുമായ ടി.കെ. ഖാസിം ആശംസകളർപ്പിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം എം.ഐ. അസ്ലം തൗഫീഖ് സ്വാഗതവും ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.