നോമ്പുകാലം; അൻപോടെ നോക്കുന്ന കാലം
text_fieldsഫാ. ഷിബു ഏബ്രഹാം ജോൺ
(വികാരി, ഇമ്മാനുവൽ മാർത്തോമാ ഇടവക, ദോഹ)
എല്ലാമതങ്ങളും മനുഷ്യരെ നോമ്പുനോക്കാൻ പഠിപ്പിക്കുന്നുണ്ട്. അൻപോടെ നോക്കുക. വേഗതയുടെ ലോകത്ത് ഒരൽപം അവധാനതയിൽ നമ്മെ തന്നെ ഒന്നുനോക്കുക. നമ്മെ കരുണയോടെ നോക്കുന്ന ദൈവത്തെ ഒന്നുകാണുക. ദൈവത്തിലൂടെ മറ്റുള്ളവരെ കാണുക. ഈ കാഴ്ചകളിലെല്ലാം പൊതുവായി ഉണ്ടായിരിക്കേണ്ടത് ദൈവം നമ്മെ നോക്കുന്ന കരുണയുടെ കാഴ്ചയാണ്.
പ്രവാസലോകത്തെ നോമ്പുകാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. തീവ്രമായ ചൂടിൽ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച പകൽ. എന്നാൽ, നോമ്പ് മുറിക്കുമ്പോൾ അപരനോടൊപ്പം അന്നം പങ്കിടുന്ന സാഹോദര്യത്തിന്റെ പങ്കുവെക്കലുകൾ. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം ഇത് ആത്മീയ ജൈവാനുഭവങ്ങളുടെ ഒരു ക്രമപ്പെടലാണ്.
എനിക്ക് ഇത്രയും മതി എന്ന തൃപ്തിയുടെ ക്രമപ്പെടൽ. ബൈബിളിൽ മരുഭൂമിയിലെ ഉപവാസകാലത്ത് ക്രിസ്തു കടന്നുപോയ മൂന്ന് പരീക്ഷണങ്ങളുണ്ടായിരുന്നു.
മനുഷ്യജീവിതത്തിൽ ഒരുവൻ കടന്നുപോകുന്ന എല്ലാ പരീക്ഷണങ്ങളെയും തരംതിരിച്ചാൽ കിട്ടുന്ന മൂന്ന് പരീക്ഷകൾ.
കല്ല് അപ്പമാക്കുക -വിശപ്പ്, ഉയരത്തിൽനിന്ന് ചാടുക -അത്ഭുതം, എല്ലാം നേടുക -അധികാരം.
ദൈവത്തോടുള്ളതിനപ്പുറം വലിയൊരു വിശപ്പ് വേറെ ഉണ്ടാകരുത് എന്ന് പറയുന്ന ക്രിസ്തു, അത്ഭുതങ്ങൾക്കും അധികാരങ്ങൾക്കും അപ്പുറം ഉള്ള ഒരുജീവിതത്തെ പരിചയപ്പെടുത്തുന്നുണ്ട്. അത് ഉപവാസത്തിലൂടെ സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. ഉപവാസം എന്നാൽ, കൂടെ വസിക്കുക എന്നാണ് അർഥമാക്കുന്നത്. കുറെകൂടെ വിശാലാർഥത്തിൽ ദൈവത്തോടുകൂടെ വസിക്കുക. ലോകത്തിന്റെ വിശപ്പുകളും അത്ഭുതങ്ങളും അധികാരങ്ങളും അലട്ടാത്ത ഭാരമില്ലാത്ത ഒരുജീവിതം.
ദൈവം എന്നെ നോക്കുന്നതുപോലെ ഞാൻ അപരനെ അൻപോടെ നോക്കുന്ന ജീവിതം. ജീവിതത്തിന്റെ ഈ നിർമലതയാണ് നോമ്പുകാലം നമുക്ക് നൽകുന്നത്.
മാർത്തോമ സഭയിലെ ഒരു വൈദികൻ എന്നനിലയിൽ ഖത്തറിലെ എന്റെ മൂന്നു വർഷത്തെ ശുശ്രൂഷകൾ പൂർത്തീകരിച്ച് ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്.
ഈ പ്രവാസജീവിതത്തിൽ ഇവിടത്തെ ഭരണാധികാരികളും ജനങ്ങളും വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള ദേശക്കാരോടുള്ള അവരുടെ കരുതൽ, മര്യാദ, സ്നേഹം, ആദരവ്... അങ്ങനെ മനുഷ്യരോടുള്ള ഇടപാടുകളുടെ എല്ലാതലങ്ങളിലും ഈ ദേശം ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. കടലാഴങ്ങളിൽനിന്ന് മുത്തുകൾ ശേഖരിച്ചിരുന്ന ഈ ദേശത്തിലെ പൂർവികർ അവരുടെ തലമുറക്ക് പകർന്നുനൽകിയ ഒരു പാഠമുണ്ട്.
ലോകത്തിന് ഏറ്റവും മൂല്യമുള്ളതിനെ നൽകുക. അതിനായി എത്ര കഷ്ടവും സഹിക്കാൻ തയാറാവുക. ജീവിതം മുഴുവൻ നോമ്പാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
ചിപ്പിക്കുള്ളിലെ മണൽതരികൾ മുത്തായി മാറുന്ന പ്രക്രിയയിൽ, ചിപ്പി കടന്നുപോകുന്ന വേദനയുടെ നാൾവഴികൾ മുത്ത് ധരിക്കുന്നവർ അറിയുന്നില്ല എന്നതുപോലെ, നോമ്പുകാലങ്ങൾ നമ്മിൽ മുത്തുകളെ രൂപപ്പെടുത്തുകയും അത് അപരന് ആനന്ദത്തിന്റെ, സൗന്ദര്യത്തിന്റെ ആഭരണമായി മാറുകയും ചെയ്യട്ടേയെന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.