പ്രതീക്ഷയുടെ റമദാൻ: ഖത്തർ ചാരിറ്റി റമദാൻ കാമ്പയിന് തുടക്കം
text_fieldsദോഹ: ഖത്തറുൾപ്പെടെ 40 രാജ്യങ്ങളിലായി നടപ്പാക്കുന്ന ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിന് സമാരംഭം കുറിച്ചു. പ്രതീക്ഷയുടെ റമദാൻ എന്ന പ്രമേയത്തിൽ 133 ദശലക്ഷം റിയാൽ ചെലവിൽ നടത്തുന്ന കാമ്പയിനിൽ 20 ലക്ഷം പേർ ഗുണഭോക്താക്കളാകും.
ഇഫ്താർ ഫുഡ് ബാസ്കറ്റ്, ഫിത്ർ സകാത്ത് വിതരണം, പെരുന്നാൾ വസ്ത്ര വിതരണം, അനാഥകൾക്കുള്ള പെരുന്നാൾ സമ്മാന വിതരണം, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സമ്മാനം, റമദാൻ സമ്മാനങ്ങൾ തുടങ്ങി വിവിധ ഘട്ടങ്ങളിലാണ് റമദാൻ കാമ്പയിൻ പദ്ധതികൾ നടപ്പാക്കുക. കാമ്പയിൻ ഭാഗമായി ഖത്തറിൽ 84 ദശലക്ഷം റിയാലിന്‍റെ സാമൂഹിക സഹായം നടപ്പാക്കും. ഖത്തറിൽനിന്നുള്ള ഉദാരമതികളുടെ അകമഴിഞ്ഞ പിന്തുണയാണ് ഖത്തർ ചാരിറ്റി പദ്ധതികളുടെ പ്രധാന വരുമാനം. തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാരായ ദരിദ്രരായ കുടുംബങ്ങൾ, അഗതികൾ, അനാഥർ, കടം വാങ്ങി തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവർ, വിധവകൾ എന്നിവരെയും അൽ അഖറബൂൻ സംരംഭത്തിലൂടെയുള്ള മാനുഷിക കേസുകളുമാണ് ഖത്തറിൽ റമദാൻ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതു കൂടാതെ സാംസ്കാരിക, സാമൂഹിക പരിപാടികളും ബോധവത്കരണ പദ്ധതികളും സന്നദ്ധ സംരംഭങ്ങളും കാമ്പയിൻ ഭാഗമായി നടപ്പാക്കുമെന്നും േപ്രാഗ്രാം കമ്യൂണിറ്റി ഡെവലപ്മെൻറ് സെക്ടർ അസി. സി.ഇ.ഒ ഫൈസൽ റാഷിദ് അൽ ഫഹൈദ പറഞ്ഞു. ദുരിതബാധിതരുടെയും, അനാഥ, അഗതികളുടെയും പ്രയാസങ്ങൾ നീക്കുന്നതിനും ദുരിതമകറ്റുന്നതിനും ജീവിതസാഹചര്യങ്ങളിൽ പുരോഗതി ഉണ്ടാക്കുന്നതിനും ഖത്തർ ചാരിറ്റി പദ്ധതികളെ സഹായിക്കാനും പിന്തുണക്കാനും രാജ്യത്തെ ഉദാരമതികൾ റമദാൻ മാസത്തെ ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മീഡിയ വിഭാഗം അസി.സി.ഇ.ഒ അഹ്മദ് യൂസുഫ് ഫഖ്റു അഭ്യർഥിച്ചു. ഖത്തർ ചാരിറ്റി വെബ്സൈറ്റ് മുഖേനയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ വഴിയും സംഭാവനകൾ സമർപ്പിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.