വിശക്കുന്നവരെ തേടി വന്ന ഉമ്മയില്ലാത്ത നോമ്പുകാലം
text_fieldsരണ്ടു വർഷം മുമ്പൊരു റമദാനിലാണ് റോഡരികിൽ വൃദ്ധയായ ആ ഉമ്മയെ കാണുന്നത്, രണ്ടു കയ്യിലും നിറയെ ബിരിയാണിയും മജ്ബൂസ ുമുണ്ട്, കുറച്ചു മധുരപലഹാരങ്ങളും. അടുത്തെത്തിയപ്പോൾ ഭക്ഷണത്തിൻെറ കുറച്ച് കവറുകൾ കയ്യിൽതന്നിട്ട് കൊണ്ടുപോയി കുടുംബത്തോടൊപ്പം കഴിക്കാൻ പറഞ്ഞു. അതും വാങ്ങി ഞാൻ വീട്ടിലേക്ക് നടന്നു. അടുത്ത ദിവസവും അതേ നേരത്ത്, അതേ സ്ഥലത്ത ് സ്വദേശിയുടെ വീടിനു മുമ്പിൽ ആ ഉമ്മയുണ്ട്, കയ്യിൽ കവറുകളും. എന്നാൽ അന്ന് കവറുകൾ എൻെറ കയ്യിൽ തരാതെ അവർ എന്നോടൊപ് പം നടന്നുവന്നു. ‘മോൻെറ കുടുംബത്തെ കൂടി കാണണം’ അവർ പറഞ്ഞു. വീട്ടിൽ വന്ന് പ്രിയതമയുടെ കയ്യിൽ കവറുകൾ നൽകി. കുടുംബത്തെ വിട്ട് മറ്റൊരു രാജ്യത്ത് ജോലി ചെയ്യുകയും ഒറ്റപ്പെട്ട ഫ്ലാറ്റുകളിൽ താമസിക്കുകയും ചെയ്യുന്ന ഏതൊരു പ്രവാസിക്കും മനസിന് വലിയൊരു സമാധാനമാണ് മറ്റൊരു കുടുംബത്തോടൊപ്പം കൂട്ടുകൂടാനും സംസാരിക്കാനും കിട്ടുന്ന അവസരം. റമദാൻ മുഴുവനും പലവിധ പലഹാരങ്ങളും ഭക്ഷണവുമായി ആ ഉമ്മ വന്നുകൊണ്ടിരുന്നു.
ഞങ്ങൾ അവരോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ മക്കൾ അവർക്ക് സ്നേഹനിധികളായ പേരമക്കളെ പോലെയായിരുന്നു. അറബിയും ഉറുദുവും ഹിന്ദിയും കലർന്ന ആ സംസാരം ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കി, ഭാഷക്കും ദേശത്തിനുമപ്പുറം പരസ്പര സ്നേഹം കൂടിക്കൊണ്ടിരുന്നു. അവർക്ക് താങ്ങായും തണലായും കഴിയുന്ന സഹായങ്ങൾ എനിക്കും ചെയ്യാൻ പറ്റി. കർണാടകത്തിലെ ബംഗളൂരു ചിന്താമണി സ്വദേശിയാണവർ. പേര് ഗുലാബ്. ആ ഉമ്മ വലിയ ഒരു കുടുംബത്തിൻെറ കാരണവരാണ്. 20 വർഷം ദോഹയിൽ ജോലി ചെയ്ത അവർ ശാരീരിക ക്ഷീണം മൂലം പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം സ്വദേശത്തേക്ക് മടങ്ങി. ഇപ്പോൾ മക്കളുടെയും പേരമക്കളുടെയും കൂടെ നാട്ടിൽ വിശ്രമ ജീവിതത്തിലാണ്. നാട്ടിലും അവർ പള്ളികൾക്കും അയൽവാസികൾക്കുമൊക്കെ വലിയ സഹായങ്ങൾ ചെയ്തിരുന്നു. അവർ പറഞ്ഞ്, മൂന്നു പള്ളികളിലേക്ക് വാക്വം ക്ലീനറും മറ്റും വാങ്ങി പാഴ്സൽ അയച്ചിരുന്നത് ഞാനായിരുന്നു.
അതിനാൽ ആ കാരുണ്യം നേരിട്ടറിഞ്ഞിട്ടുണ്ട്. റമദാൻെറ മുഴുവൻ കാരുണ്യവും ആ ഉമ്മയുടെ കയ്യിലൂടെ അനുഭവിച്ചറിഞ്ഞ രണ്ടു വർഷം സ്വന്തം ഉമ്മയെ പോലെ ഞങ്ങൾ അവരെ സ്നേഹിച്ചു, അവർ ഞങ്ങളെയും. ബംഗളൂരിലെ അവരുടെ മറ്റ് കുടുംബാംഗങ്ങളും ഇപ്പോൾ പരിചയക്കാരാണ്.
ഈ റമദാനിലും വിളിച്ചപ്പോൾ പ്രായത്തെ തോൽപ്പിച്ച് നോമ്പെടുക്കുന്ന വിവരങ്ങൾ ആ ഉമ്മ പറഞ്ഞു. ഉമ്മയില്ലാത്ത ഖത്തറിലെ ഈ റമദാൻ അതിനാൽ തന്നെ ചില ഒറ്റപ്പെടലുകൾ
സമ്മാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.