തള്ളമ്മ പകർന്നുതന്ന സ്നേഹമധുരം
text_fieldsനോമ്പ്, നോമ്പുതുറ ഇതൊക്കെ ഓർമകളിലെ വസന്തങ്ങളാണ്. വറുതിയുടെ ഒരു കാലഘട്ടം ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്നാൽ ധാരാളിത്തമില്ലായ്മ വല്ലാതെ അനുഭവിച്ചിട്ടുണ്ട്. എല്ലാറ്റിനും ഒരു നിശ്ചിത ക്വാട്ട. അത് ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്. 10 പൈസ ബസിന് തരും. സ്കൂളിൽ നടന്ന് പോയിക്കോളണം. തിരിച്ചു വീട്ടിലേക്ക് ബസിൽ വരാനാണ് പത്ത് പൈസ തരുന്നത്. അതാണ് അന്നത്തെ വിദ്യാർഥികൾക്കുള്ള കൺസഷൻ ബസ് ചാർജ്. അതിനൊരു എസ്.ടി കാർഡ് സ്കൂളിൽനിന്ന് ലഭിക്കും. എന്നാലും എന്നും ബസുകാരോട് ഗുസ്തി പിടിക്കണം. ഇതിനെ ഞാൻ ജീവിതത്തിലെ വറുതിക്കാലം എന്ന് വിളിക്കുന്നു. കുന്ദംകുളം ആർത്താറ്റ് ഭാഗത്തുനിന്ന് വരുന്ന കുറെ സഹപാഠികൾ ഉണ്ടായിരുന്നു. അവരൊക്കെ വലിയ വീട്ടിലെ കുട്ടികളാണെന്നാ കരുതിപ്പോന്നിരുന്നത്. അവരുടെ അലൂമിനിയത്തിന്റെ പുസ്തകപ്പെട്ടിയും പുസ്തകം പൊതിഞ്ഞ പേപ്പറിന്റെ ചന്തവുമൊക്ക വെച്ചുനോക്കിയാൽ അസൂയപ്പെടാവുന്ന പലതും അവരിൽ ഉണ്ടായിരുന്നു. പഠിപ്പിന്റെ കാര്യത്തിലും അവർ മുന്നിൽതന്നെയായിരുന്നു. അവരിൽ പലരും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു. ആ കാലത്ത് കുന്ദംകുളത്ത് മുസ്ലിംകൾ വളരെ കുറവായിരുന്നു. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ചാവക്കാടൻ ഗ്രാമപ്രദേശങ്ങൾ പണ്ടത്തെ ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെട്ടിരുന്ന നാഷനൽ ഹൈവേ 17ന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു. അങ്ങനെയുള്ള ഒരു ഗ്രാമത്തിലാണ് ഞങ്ങളൊക്ക സ്നേഹിച്ചും പരസ്പരം ഉൾക്കൊണ്ടും ജീവിച്ചിരുന്നത്.
അന്നും ഇന്നും മതേതര ചിന്താഗതിക്ക്, മതനിരപേക്ഷതക്ക് ഒരു മാറ്റവും വന്നിട്ടില്ലാത്ത ഗ്രാമങ്ങൾ. എല്ലാ മതസ്ഥരും ഇടകലർന്ന് താമസിക്കുന്നു. എല്ലാ അടുപ്പുകളും ഒരുപോലെ എരിയുകയും തണുക്കുകയും ചെയ്യും. ബീഫും മട്ടനും പരിപ്പും മീൻ കറിയും എല്ലാ വീട്ടിലും ഒരു പോലെയായിരുന്നു. 1960-2000 കാലഘട്ടത്തിലെ എന്റെ ഗ്രാമത്തെ പറ്റിയുള്ള ഓർമകളാണിതൊക്കെ. കഴിക്കുന്ന ഭക്ഷണത്തെനോക്കി മനുഷ്യനെ വേർതിരിക്കുന്ന മനുഷ്യ നിർമിതികൾ വേലിക്കെട്ടുകളായി നമ്മുടെ സ്വൈരജീവിതത്തെ കലുഷിതപ്പെടുത്തുന്ന ഈ പുതിയ കാലത്തിലേക്കെത്തുമ്പോൾ ഇതിങ്ങനെത്തന്നെ എഴുതണമെന്ന് തോന്നുന്നു.
പാനീസ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നാട്ടുവഴികളിലൂടെ ഏതു പാതിരാത്രിയിലും ഭയപ്പാടില്ലാതെ നടന്നുപോകുന്ന മനുഷ്യരുടെ കാലമായിരുന്നു അത്. ഈ പാനീസ് വിളക്കിനും അന്നത്തെ കാലത്ത് ചില ആഘോഷങ്ങൾ ഉണ്ടായിരുന്നു. പരീത് ഔല്യ എന്ന് പേരുകേട്ട ഒരു നേർച്ചപ്പെരുന്നാൾ ഞങ്ങളൊക്ക ആഘോഷിക്കുമായിരുന്നു. ചില മധുര പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുക. കുട്ടികളൊക്ക കൂടിയിരിക്കുക ഇതൊക്കെയായിരുന്നു ആ ആഘോഷങ്ങൾ. വർഷംതോറും ഇതാഘോഷിക്കുമായിരുന്നു. ഇങ്ങനെ കുറെയേറെ സന്തോഷവും സംതൃപ്തിയുമുള്ള ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിച്ച ഗൃഹാതുരത്വം എന്നെ വല്ലാതെ വേട്ടയാടാറുണ്ട്. പലവട്ടം എഴുതിയ തള്ളമ്മയെന്ന സ്നേഹസ്വരൂപം. എന്റെ വീടിന്റെ പടിഞ്ഞാറെ വീട്ടിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. ആയിഷുമ്മ എന്നാണ് അവരുടെ പേര്. എന്നാൽ ഞങ്ങൾ അവരെ വിളിച്ചിരുന്നത് തള്ളമ്മയെന്നാണ്. അവരെ അങ്ങനെ വിളിക്കാൻ വീട്ടുകാർ പഠിപ്പിച്ചുതന്നതാകും. ഞങ്ങൾ ആദരവോടെ അവരെ തള്ളമ്മയെന്ന് വിളിച്ചു. അവർ ഞങ്ങളെ അവർക്ക് ഓരോ സമയത്തും തോന്നുന്ന വികാരത്തിനനുസരിച്ച് വിളിച്ചു. എന്നാലും ബാബോ എന്ന വിളി ഇന്നും മനസ്സിൽ ഒരു വിങ്ങലായി മുഴങ്ങുന്നു. ഓരോ റമദാനും ഞാൻ അവരെ ഓർക്കുന്നു. അവരുടെ നിസ്കാരക്കുപ്പായമിട്ട ആ സുന്ദരമായ ഇരുപ്പ്, പ്രാർഥനയുടെ സ്വരം, അല്ലാഹുവേ എന്ന വിളി.. ഇതെല്ലാം ഇന്നലെയെന്നപോലെ ഓർമച്ചെപ്പിലിങ്ങനെ മുഴങ്ങുന്നു. റമദാനായാൽ ഏറെക്കുറെ എല്ലാദിവസവും തള്ളമ്മയുടെ വീട്ടിൽനിന്ന് വിളി വരും. അവർ ഉണ്ടാക്കിത്തന്ന തരിക്കഞ്ഞിയും പത്തിരിയും ചീരോക്കഞ്ഞിയുമെല്ലാം എന്തൊരു സ്വാദിഷ്ടമായിരുന്നു എന്നുപറഞ്ഞാൽ മതിയാവില്ല.
അതിൽ ചാലിച്ചുവെച്ച ആ സ്നേഹമുണ്ടല്ലോ, ആ അനുഗ്രഹമുണ്ടല്ലോ.. അതാണ് ജീവിതത്തിനു വഴികാട്ടിയായത്. രണ്ടുഭാഗവും മൊരിയിച്ച, ബറാത്തിനുണ്ടാക്കുന്ന ഒരു അപ്പമുണ്ട്. അത് ആ ദിവസങ്ങളിൽ മാത്രമേ ലഭിക്കൂ. അതൊക്കെ പ്രത്യേകരീതിയിൽ ആ ദിവസത്തിന്റെ സവിശേഷതക്ക് വേണ്ടിയുണ്ടാക്കുന്ന വിഭവങ്ങളാണ്. പതിനാലാം രാവ്, ഇരുപത്തിയേഴാം രാവ് തുടങ്ങിയ പ്രത്യേക ദിവസങ്ങൾ. ആ ദിവസങ്ങളിലൊക്ക അതിന്റേതായ പ്രത്യേകതകൾ ഉള്ള വിഭവങ്ങൾ ഉണ്ടാവും. ഇരുപത്തിയേഴാം രാവിന് ഞങ്ങൾക്ക് സകാത് പൈസ തന്നതിനുശേഷമേ മറ്റുള്ളവർക്ക് നല്കുകയുള്ളൂ. അന്നൊക്കെ 27ാം രാവിന്റെ സകാത് പിരിക്കാൻ ഇടവഴി നിറഞ്ഞ് ആളുകൾ വരും. തള്ളമ്മയുടെ വിളിക്കുമുമ്പേ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ പറയുന്ന വഴക്കിനു റമദാനാണെന്ന വിചാരമൊന്നും ഉണ്ടാവില്ല. അപ്പൊ പാത്തുണ്ണിമ്മയെന്ന് ഞങ്ങളൊക്കെ വിളിക്കുന്ന തള്ളമ്മയുടെ മരുമകൾ പറയും 'ഉമ്മാ യീ നോമ്പോറ്റിട്ട് നിങ്ങള് ഒന്ന് ക്ഷമിക്കീ'ന്ന്. അതിനപ്പുറം പറയാൻ പാത്തുണ്ണിമ്മക്ക് അവകാശമില്ല. എല്ലാറ്റിനും തള്ളമ്മയുടെ നിയമാവലിയുണ്ട്. അതിന്റെ അതിർവരമ്പുകൾ അവരിൽ മാത്രമാണ്. അത് ലംഘിക്കാൻ ഞങ്ങളുടെ ഗ്രാമത്തിൽ ആരും തന്നെ അന്ന് വളർന്നിട്ടില്ല. തള്ളമ്മയുടെ വീട്ടിലെ പോളിസികൾക്ക്, ചിട്ടകൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു.
പള്ളിക്കുള്ളത് പള്ളിക്കും മൊയ്ല്യാർക്കുള്ളത് മൊയ്ല്യാർക്കും ബാബൂനുള്ളത് ഓനും. ഈ അലിഖിത നിയമാവലി അവിടെ എല്ലാവരും പാലിച്ചുപോന്നുവെന്നുള്ളതാണ് ശരി. തള്ളമ്മയുടെ മകൻ മുഹമ്മദാലി ഹാജി മലേഷ്യയിലും സിംഗപ്പൂരുമൊക്കെയായി വൈരക്കല്ലിന്റെ ബിസിനസ് നടത്തുകയായിരുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ മോതിരക്കല്ലിന്റെ ബിസിനസ്. അദ്ദേഹത്തിന് കത്തെഴുതുന്ന ജോലിയും എനിക്കുള്ളതാണ്. സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പ്രിയപ്പെട്ട മോമാലിക്ക് ഉമ്മയും പാത്തുണ്ണിയും ഏറെ പ്രിയത്തിൽ സലാം. പിന്നെയുള്ളത് തള്ളമ്മ പറയുന്നതിനനുസരിച്ച് ആ എയർമെയിൽ പേപ്പർ നിറയെ വിശേഷങ്ങൾ എഴുതും. എന്നിട്ട് അവസാനവരി ഇങ്ങനെയായിരിക്കും, ഉമ്മാക്ക് ഇനി ഒറ്റ ആഗ്രെ (ആഗ്രഹമേ) ഉള്ളൂ. മോന്റെ മടീക്കിടന്ന് മരിക്കണംന്ന്. ഇതെന്തിനാ എന്നും എഴുത്ണ്ന്ന് ഒരു ചോദ്യം പാത്തുണ്ണിമ്മ ചോദിക്കും. അതിനും ഒരു മറുപടിയുണ്ട്. കത്ത് മടക്കി ഒട്ടിച്ചുവെച്ച് പിറ്റേ ദിവസം പോസ്റ്റുമാൻ വരുമ്പോൾ അദ്ദേഹത്തിനെ ഏല്പിക്കും, പോസ്റ്റ് ചെയ്യാൻ. റമദാനിൽ പൈസ കൊടുക്കേണ്ടുന്ന കുറെ പേരുകൾ ഉണ്ടാവും. അതൊക്കെ ഈ എയർമെയിലിൽ എഴുതി മോനെ അറിയിക്കും. അദ്ദേഹവും എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. ബാങ്കിൽനിന്ന് പലിശപോലും വാങ്ങിക്കാതെ അതൊക്കെ ബാങ്കിലെ ആളുകൾക്ക് എഴുതിനൽകുന്ന ഉത്തമ ഇസ്ലാംമത വിശ്വാസിയായിരുന്നു മുഹമ്മദാലി ഹാജി. വലിയ വലിയ സംഖ്യകൾ അദ്ദേഹമിങ്ങനെ ഉപേക്ഷിച്ചതായി എനിക്കറിയാം. നാട്ടിൽ വന്നാൽ ഹിന്ദി സിനിമ കാണാൻ എന്നെ കൊണ്ടുപോകും. അങ്ങനെയാണ് കുർബാനി എന്ന ഫിലിം തൃശൂർ രാഗം എ.സി തിയറ്ററിൽനിന്ന് കണ്ടത്. അദ്ദേഹം ഈ ലോകത്തോട് യാത്രപറയുന്നതിനുമുമ്പ് സ്നേഹപൂർവം എനിക്കും ഒരു മോതിരക്കല്ല് തന്നു. അപ്പോഴേക്കും ഞാനും ഖത്തറിൽ എത്തിയിരുന്നു. പെരുന്നാൾ അവധികൂടി കൂട്ടി ലഭിക്കാൻ പാകത്തിൽ അന്നൊക്കെ പെരുന്നാളിന് മുമ്പായി നാട്ടിൽ പോകുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു. എനിക്ക് സമ്മാനങ്ങൾ കൊണ്ട് തന്നിരുന്ന ഹാജിക്കാക്ക് നാട്ടിൽപോകുന്ന സമയത്ത് പഴയ ഇറാനി മാർക്കറ്റിൽനിന്ന് (ഇപ്പോഴത്തെ സൂഖ് വാഖിഫ്) മൂട്ടിയ മുണ്ടും നല്ല തസ്ബീഹ് മാലയുമൊക്കെ കൊണ്ടുപോയി കൊടുക്കുമായിരുന്നു. സ്നേഹങ്ങൾ പങ്കുവെക്കാനും അതൊക്കെ ഓർമച്ചെപ്പിൽനിന്ന് എഴുതാനും കഴിയുന്ന റമദാന്റെ ഈ നല്ല ദിവസങ്ങൾക്ക് നന്ദി. അത് നമുക്കുമാത്രം ഫീൽചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ എഴുത്തും എന്റെ മുത്തുമണികളാണ്. എന്നിലെന്നും ജീവിക്കുന്ന എന്റെ സ്വന്തമായത്.
(ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റാണ് ലേഖകൻ)
പ്രവാസത്തിലെ റമദാൻ നോമ്പ് ഓർമകൾ വായനക്കാർക്കും പങ്കുവെക്കാം. നിങ്ങളുടെ കുറിപ്പുകൾ 'ഗൾഫ് മാധ്യമം' നോമ്പ് വിശേഷത്തിലേക്ക് അയക്കൂ...ഇ -മെയിൽ: qatar@gulfmadhyamam.net, വാട്സ് ആപ്: 55284913
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.