റമദാനിലെ ഒരു പറ്റുബുക്കിന്റെ കഥ
text_fieldsനോമ്പോർമ എന്നും കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കാണ്. ആ തിരിച്ചുപോക്കിലെ പ്രിയപ്പെട്ടവരെല്ലാം കാണാമറയത്തെത്തിയിരിക്കുന്നു. അവരെ ഓർക്കാതെ ഒരു ദിനവും കടന്നുപോയിട്ടുമില്ല. ഉപ്പ, വെല്ലിമ്മ, മാമുക്ക... ഇങ്ങനെ ഒരുപാടുപേർ. എന്റെ ഓർമയിൽ ഞങ്ങൾ കുട്ടികളെല്ലാംതന്നെ നോമ്പെടുക്കുമായിരുന്നു. ആരും നിർബന്ധിച്ചിട്ടൊന്നുമല്ല. നോമ്പുവന്നാൽ എല്ലാവരെയുംപോലെ ഞങ്ങളും നോമ്പെടുക്കും.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരിയാണ് ഞങ്ങളുടെ നാട്. പുരോഗമനാശയങ്ങൾ ചിന്തകളുമൊക്കെയുള്ളവരായിരുന്നു വീട്ടുകാർ. ഇ. മൊയ്തു മൗലവി വെല്ലിപ്പയുടെ ജ്യേഷ്ഠനാണ്.
ഇതൊക്കെയാണെങ്കിലും ഉപ്പ ഞങ്ങളെ ‘നബയ്തു സൗമഅതിൻ അൻ അദാഇ’ എന്ന പ്രാർഥന ഉരുവിട്ട് ‘റമദാനിലെ നോമ്പ് നോൽക്കാൻ നിയ്യത്ത് ചെയ്യുന്നു’ എന്ന് പറഞ്ഞവസാനിപ്പിച്ച് എന്റെയും ഇക്കാക്കയുടെയും നോമ്പുറപ്പിക്കുമായിരുന്നു.
അത്താഴത്തിന് എഴുന്നേറ്റാൽ ഉപ്പാക്കും വെല്ലിമ്മാക്കും മാമുക്കാക്കും ഭക്ഷണം എത്തിച്ചുകൊടുക്കൽ എന്റെ ഡ്യൂട്ടിയായിരുന്നു. വിളമ്പിത്തരാനും അത് നടുമുഖം വരെ കൊണ്ടുവരാനും ആളുണ്ട്. അതുകഴിഞ്ഞ് മുൻവശത്ത് ഉപ്പാക്കും മാമുക്കാക്കും മറ്റുമായി മേശപ്പുറത്തേക്ക് എത്തിച്ചാൽ മതി. മാമുക്ക ഞങ്ങളുടെ അയൽവാസിയാണ്. എന്നും വൈകീട്ട് വന്ന് കുറേനേരം വെല്ലിമ്മയുടെയും ഉപ്പയുടെയും കൂടെ ഇരുന്ന് സംസാരിച്ച് രാത്രിഭക്ഷണവും കഴിച്ചാണ് മടങ്ങാറ്. ഞങ്ങളുടെ വീട്ടിലെ ഒരംഗംതന്നെ. നോമ്പായാൽ അത്താഴം കഴിഞ്ഞേ മടങ്ങുകയുള്ളൂ.
എന്നെക്കാൾ രണ്ടു വയസ്സിനു മൂത്തതായിരുന്നു ‘ഇക്കാക്ക’ എന്നു വിളിക്കുന്ന എന്റെ ജ്യേഷ്ഠൻ അക്ബർ. വികൃതിയാണെങ്കിലും വെല്ലിമ്മാന്റെ പ്രിയപ്പെട്ടവനായിരുന്നു. വെല്ലിപ്പ അബ്ദു മാസ്റ്ററിന് ഒരു എൽ.പി സ്കൂൾ ഉണ്ടായിരുന്നു. വെല്ലിപ്പ മരിക്കുന്ന കാലത്ത് ജോലിയൊന്നും ഇല്ലാതിരുന്ന മകൻ ഖാലിദിനെ സ്കൂൾ മാനേജരാക്കണം എന്ന് എന്റെ ഉപ്പയോട് പറഞ്ഞതുപ്രകാരം സ്കൂൾ അദ്ദേഹത്തിന്റേതായി. ഞങ്ങളുടെ എൽ.പി പഠനവും അവിടെയായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ ഇക്കാക്കാടെ വികൃതിയെല്ലാം ഇനി തന്റെ മേൽനോട്ടത്തിലാവാം എന്ന് കരുതിയിട്ടാവും ഉപ്പ, താൻ അധ്യാപകനായ പനമ്പാട് സ്കൂളിൽ അവനെയും ചേർത്തു. സ്കൂളിൽ ചേർത്തതിനൊപ്പം ഉപ്പ ചായ കുടിക്കുന്ന കടയിൽ ഇക്കാക്കാനെയും പരിചയപ്പെടുത്തി. എന്തെങ്കിലും കഴിക്കാൻ തോന്നിയാൽ ഇവിടെനിന്ന് കഴിച്ചോളാൻ ഇക്കാക്കക്ക് അനുമതിയും നൽകി.
അക്കൊല്ലം റമദാൻ എത്തി. പതിവുപോലെ ഞങ്ങൾ നോമ്പെടുക്കാനും തുടങ്ങി. ഇക്കാക്കയുടെ നോമ്പിന് വല്ലാത്തൊരു അംഗീകാരമായിരുന്നു വെല്ലിമ്മാടെ അടുത്ത്. നോമ്പ് തുറക്കാൻ സമയമായാൽ.
‘ആ ചെക്കന് നോമ്പുള്ളതാ, വേഗം കൊടുക്കിൻ’... എന്നൊക്കെ പറഞ്ഞ് ഇക്കാക്കാക്ക് ഭക്ഷണം കൊടുക്കുന്നതിലൊക്കെ വളരെ ഉത്സാഹമായിരുന്നു. രണ്ടു വയസ്സിനു താഴെയുള്ള ഒരു പെൺകുട്ടിയുണ്ടെന്നും അവൾക്ക് നോമ്പുണ്ടോ എന്നൊന്നും വെല്ലിമ്മ അറിയുന്നുപോലുമില്ല. എന്തായാലും ഞങ്ങളെല്ലാം ഭംഗിയോടെ 30 നോമ്പുമെടുത്തു. പെരുന്നാളും കഴിഞ്ഞു.
അടുത്തദിവസം ഉപ്പ സ്കൂൾ വിട്ടുവന്നത് ഒരു പൊട്ടിച്ചിരിയോടെയായിരുന്നു. ഉപ്പാന്റെ കൈയിലൊരു ബില്ലും. നോമ്പ് കഴിഞ്ഞ് പതിവുപോലെ സ്കൂളിലെ സ്റ്റാഫ് റൂമിലേക്ക് ചായ കൊണ്ടുവന്നപ്പോൾ ഉപ്പാനെ വരവേറ്റത് ആ ബില്ലായിരുന്നു. ‘എന്റെ നോമ്പുകാരൻ ഇക്കാക്കാന്റെ റമദാനിലെ പറ്റുകണക്ക്...’ -അവൻ നോമ്പ് മുപ്പതിനും അവിടെ പോയി വേണ്ടതൊക്കെ വാങ്ങിക്കഴിച്ചിരുന്നു എന്ന് ബില്ലുകിട്ടിയപ്പോഴായിരുന്നു ഉപ്പ അറിഞ്ഞത്, ഉപ്പയിലൂടെ ഞങ്ങളും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.