റാമല്ല ഓഫിസിലെ റെയ്ഡ്; അപലപിച്ച് അൽ ജസീറ
text_fieldsദോഹ: റാമല്ലയിലെ തങ്ങളുടെ കാര്യാലയത്തിൽ റെയ്ഡ് നടത്തി അടച്ചുപൂട്ടാൻ ഉത്തരവിട്ട ഇസ്രായേൽ അധിനിവേശസേനയുടെ നടപടിയെ അപലപിച്ച് അൽ ജസീറ. ഇസ്രായേൽ സൈന്യം നടത്തിയത് ക്രിമിനൽ കുറ്റമാണെന്നും നടപടിയെ ശക്തമായി അപലപിക്കുന്നതായും അൽ ജസീറ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിയമവിരുദ്ധമായ റെയ്ഡുകളെ ന്യായീകരിക്കാൻ ഇസ്രായേൽ അധികാരികൾ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്നും ഗസ്സക്കെതിരായ യുദ്ധത്തെക്കുറിച്ചും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശത്തെയും അതിക്രമങ്ങളെയും കുറിച്ച് സംപ്രേഷണം ചെയ്യുന്നത് തുടരുമെന്നും അൽ ജസീറ വ്യക്തമാക്കി.
ഓഫിസ് റെയ്ഡ് ചെയ്ത് മാധ്യമ ഉപകരണങ്ങൾ പിടിച്ചെടുത്തത് അൽ ജസീറക്കെതിരായ ആക്രമണം മാത്രമല്ലെന്നും മുഴുവൻ മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരായ നടപടിയാണെന്നും അധിനിവേശ പ്രദേശങ്ങളിലെ നരനായാട്ടും അതിക്രമങ്ങളും കാണുന്നതിൽനിന്ന് ലോകത്തെ തടയാനുദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്നും അൽ ജസീറ വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭ ഈ വർഷം മേയ് മാസത്തിൽ ഇസ്രായേലിനുള്ളിലെ അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഞായറാഴ്ച പുലർച്ച അധിനിവേശസേന റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.