ഖത്തറിന്റെ ആകാശത്ത് കാണാം അപൂർവ ഗ്രഹവിന്യാസം
text_fieldsദോഹ: നാല് ഗ്രഹങ്ങൾ ചന്ദ്രനുമായി നേർ രേഖയിൽ ഒന്നിക്കുന്ന അപൂർവ ആകാശ വിരുന്നിനൊരുങ്ങി ഖത്തറിന്റെ ചക്രവാളം. ഏപ്രിൽ മാസത്തിൽ ഈ ആകാശ വിസ്മയത്തിന് അവസരം ലഭിച്ചേക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വൈകുന്നേരങ്ങളിൽ ആകാശത്ത് നഗ്നനേത്രം കൊണ്ട് ചൊവ്വയെ കാണാൻ സാധിക്കും.
ശുക്രൻ, ശനി, ബുധൻ എന്നീ ഗ്രഹങ്ങളെ പുലർച്ചെയും ആകാശത്ത് കാണാം. ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകീട്ട് ചൊവ്വ ഗ്രഹം ചന്ദ്രനോട് ഏറ്റവും അടുത്തായിരിക്കും. തെക്കൻ ചക്രവാളത്തിലേക്ക് നഗ്നനേത്രങ്ങൾകൊണ്ട് നോക്കിയാൽ ചൊവ്വയെയും ചന്ദ്രനെയും ഒരുമിച്ച് കാണാൻ കഴിയും. വൈകീട്ട് 5.53ന് സൂര്യാസ്തമയത്തിനുശേഷം മുതൽ അടുത്ത ദിവസം പുലർച്ച 1.18ന് വരെ ഈ ദൃശ്യം സാധ്യമാണ്.
ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ചെ, സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രനും ശനിയും ചന്ദ്രന് സമീപം വിന്യസിക്കും. ഈ സമയം ശുക്രന്റെയും ശനിയുടെയും ഇടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ വിന്യാസം നിരീക്ഷിക്കാൻ കഴിയും. പുലർച്ച 3.17 മുതൽ സുര്യോദയത്തിന് തൊട്ടുമുമ്പ് വരെ ഇത് സാധ്യമാണ്.
ഏപ്രിൽ 26 ശനിയാഴ്ച രാവിലെ, സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ ചന്ദ്രന്റെ നേർരേഖയിലെത്തും. കിഴക്കൻ ചക്രവാളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് ബുധനെയും ചന്ദ്രനെയും കാണാൻ കഴിയും. പ്രകാശം കുറഞ്ഞതും അന്തരീക്ഷത്തിലെ മറ്റു തടസ്സങ്ങൾ ഇല്ലാത്തതുമായ സ്ഥലങ്ങളിയാരിക്കും ഇവ നന്നായി ദൃശ്യമാവുക. ഈ ഗ്രഹ വിന്യാസം ഒരു സാധാരണ പ്രതിഭാസം മാത്രമാണെന്നും ഭൂമിയെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും ഖത്തർ കലണ്ടർ ഹൗസ് ഓർമിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.