റിയൽ എസ്റ്റേറ്റ് പച്ചപിടിക്കുന്നു
text_fieldsദോഹ: റിയൽ എസ്റ്റേറ്റ് വിപണിയുടെ തിരിച്ചുവരവിെൻറ സൂചനകൾ നൽകി അടുത്ത ആറ് മാസത്തിനകം 4900 റസിഡൻഷ്യൽ യൂനിറ്റുകൾ കൂടി നിർമാണം പൂർത്തിയാക്കി വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഏപ്രിൽ–ജൂൺ കാലയളവിൽ 1800 റെസിഡൻഷ്യൽ യൂനിറ്റുകൾ പ്രവർത്തനസജ്ജമായതായി റിയൽ എസ്റ്റേറ്റ് കൺസൽട്ടൻസി കമ്പനിയായ വാല്യൂസ്ട്രാറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷത്തെ രണ്ടാം പാദത്തിൽ 1650 അപ്പാർട്ട്മെൻറുകളും 150 വില്ലകളും എത്തിയതോടെ രാജ്യത്തെ ഹൗസിങ് സ്റ്റോക്ക് 306,515 ആയി ഉയർന്നുവെന്നും വാല്യൂസ്ട്രാറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ലുസൈലിലെ സിലോ ഹോട്ടൽ, വെസ്റ്റ് ബേയിലെ ബെൻറ്ലി ലക്ഷ്വറി ഹോട്ടൽ, സ്യൂട്ടുകൾ, മുശൈരിബിലെ ലാ സിഗാൽ, മുശൈരിബിലെ ബന്യൻ ട്രീ ദോഹ, വെസ്റ്റ് ബേയിലെ മാരിയറ്റ് എക്സിക്യൂട്ടിവ് അപ്പാർട്ട്മെൻറ് സിറ്റി സെൻറർ ദോഹ എന്നിവയിലൂടെ ഈ പാദത്തിൽ മാത്രം 1096 ഹോട്ടൽ മുറികൾ കൂടി ചേർക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും അഭാവത്തിൽ ആഭ്യന്തര സന്ദർശകരായിരുന്നു ഹോട്ടൽമുറികൾ കൈയടക്കിയിരുന്നത്.
റമദാനിൽ പ്രവർത്തനം മന്ദഗതിയിലായിരുന്നെങ്കിലും 2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെസിഡൻഷ്യൽ വീടുകളുടെ ഇടപാടുകളിൽ 90 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ട്. 1.83 ബില്യൻ റിയാലിെൻറ വിപണിമൂല്യമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. റിപ്പോർട്ട് പ്രകാരം അൽഖോർ, ഖറൈതിയ്യാത്, മുഐദർ എന്നിവിടങ്ങളിലാണ് റെസിഡൻഷ്യൽ വീടുകളുടെ ഇടപാടുകൾ ഏറ്റവും കൂടുതൽ നടന്നത്. നിയന്ത്രണങ്ങൾ കൂടുതൽ നീക്കിയതും കമ്പനികളും ഉടമകളും കൂടുതൽ ഇളവുകൾ മുന്നോട്ടുവെച്ചതും ഇക്കാലയളവിൽ ഉണർവിനിടയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.