റയൽ സൂപ്പർതാരം കാർവഹാൽ ഖത്തറിലേക്ക്...!
text_fieldsദോഹ: റയലിനുശേഷം അടുത്ത ഊഴം ഖത്തറെന്ന് സൂചന നൽകി സ്പാനിഷ് സൂപ്പർ താരം ഡാനി കാർവഹാൽ. കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനെ ചാമ്പ്യൻസ് ലീഗടക്കമുള്ള കിരീടങ്ങളിലേക്കും സ്പെയിനിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിലേക്കും വലിയ പങ്ക് വഹിച്ച കാർവഹാൽ, പ്രതിരോധ നിരയിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്.
കിരീട വിജയങ്ങൾക്കുശേഷം വലിയ പ്രതീക്ഷകളുമായി പന്തുതട്ടാനിറങ്ങിയ കാർവഹാലിന് മുന്നിൽ കാൽമുട്ടിനേറ്റ പരിക്ക് വില്ലനാവുകയായിരുന്നു. സാഹചര്യവും പ്രായവും കണക്കിലെടുത്ത് യൂറോപ്യൻ ഫുട്ബാളിൽ അധിക കാലമില്ലെന്ന തിരിച്ചറിവിലാണ് ഖത്തറിലേക്കെന്ന് പുതിയ സൂചന നൽകിയിരിക്കുന്നത്.‘ഇപ്പോൾ 32 വയസ്സായി, ഒരു കുട്ടിയല്ല ഞാനിപ്പോൾ. നാലോ അഞ്ചോ വർഷത്തെ ഫുട്ബാൾ മാത്രമായിരിക്കും ഇനി അവശേഷിക്കുക. ഫുട്ബാളിൽ സമയം വേഗത്തിൽ കടന്നുപോകുന്നു’ -എസ്ക്വയർ മാസികയുടെ സ്പാനിഷ് പതിപ്പിന് നൽകിയ അഭിമുഖത്തിൽ കാർവഹാൽ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ ലോസ് ബ്ലാങ്കോസിനെതിരെ (റയൽ മഡ്രിഡ്) ളിക്കുന്നത് ഒഴിവാക്കാൻ, മാഡ്രിഡിന് ശേഷം മറ്റൊരു യൂറോപ്യൻ ക്ലബിലും ചേരാൻ താൽപര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. 2026 വരെ കാർവഹാലിന് റയലുമായി കരാർ ഉണ്ടെങ്കിലും ലിവർപൂൾ പ്രതിരോധ താരം ട്രെന്റ് അലക്സാണ്ടർ ആർനോൾഡിന്റെ റയലിലേക്കുള്ള വരവ് സംബന്ധിച്ച ആധികാരികമായ വാർത്തകൾക്കൊപ്പം കാർവഹാലിന്റെ പുറത്തുപോക്കിനും നിരീക്ഷകർ കൂടുതൽ സാധ്യത കാണുന്നുണ്ട്.അങ്ങനെയാണെങ്കിൽ കാർവയുടെ ആദ്യ ചോയ്സ് മിഡിലീസ്റ്റ് തന്നെയായിരിക്കും. ഉരീദു ലീഗിൽ അൽ ഗറാഫക്ക് വേണ്ടി പന്തുതട്ടുന്ന റയലിലെ മുൻ സഹതാരം ഹൊസേലു, കാർവയെ ഖത്തറിലെത്തിക്കുന്നതിന് ശ്രമിക്കുന്നുമുണ്ട്. ഹൊസേലു കാർവഹാലിന്റെ ഭാര്യാ സഹോദരി ഭർത്താവ് കൂടിയാണ്. കാർവഹാലിന്റെ ഭാര്യ ഡാഫ്നയുടെ ഇരട്ട സഹോദരിയായ മെലാനിയയെയാണ് ഹൊസേലു വിവാഹം കഴിച്ചിരിക്കുന്നത്.
ഖത്തർ ഒരു സാധ്യതയുള്ള സ്ഥലമായിരിക്കും, ഖത്തറിൽ എനിക്കായി കാത്തിരിക്കുകയാണെന്നും, റൈറ്റ് ബാക്ക് സ്പോട്ട് ഒഴിച്ചിട്ടിരിക്കുകയാണെന്നും ഹൊസേലുവിനെ ഉദ്ധരിച്ച് കാർവ മാഗസിനോട് പറഞ്ഞു.അവൻ ഖത്തറിലെ സമയങ്ങൾ ആസ്വദിക്കുകയാണെന്നും, മികച്ച ഓഫർ ലഭിച്ചാൽ അത് പരിഗണിക്കുമെന്നും കാർവഹാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.