ലോകകപ്പ് ഫുട്ബാൾ ടിക്കറ്റിന് റെക്കോഡ് ബുക്കിങ്; മുന്നിൽ ഖത്തർ, പിന്നാലെ അർജന്‍റീന
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 12 ലക്ഷം ആരാധകർ. ബുധനാഴ്ച ഉച്ച ഒരു മണിക്ക് ആരംഭിച്ച ഫിഫ ലോകകപ്പ് ടിക്കറ്റിനുള്ള ബുക്കിങ്ങാണ് വ്യാഴാഴ്ച ഉച്ച കഴിയുമ്പോഴേക്കും റെക്കോഡ് അപേക്ഷകരിലെത്തിയത്. ഏറ്റവും കൂടുതൽ അപേക്ഷകർ, ആതിഥേയരായ ഖത്തറിൽ നിന്നാണ്. അർജന്‍റീന, മെക്സികോ, അമേരിക്ക, യു.എ.ഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫൈനലായുള്ളത്. നവംബർ 21ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് 80,000 ടിക്കറ്റുകളാണ് ബുക് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച ലോകകപ്പിന്‍റെ ഒന്നാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് ലോകമെങ്ങുംനിന്നുള്ള ഫുട്ബാൾ ആരാധകരിൽനിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. ഫെബ്രുവരി എട്ടിന് ഉച്ച ഒരു മണിവരെയാണ് ടിക്കറ്റ് ബുക്കിങ്ങിനുള്ള സമയം.
തുടർന്ന് മാർച്ച് എട്ടിന് ശേഷം റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതാണ് രീതി. ആദ്യ ദിവങ്ങളിലും, അവസാന ദിവസങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരേ പരിഗണനയാണ് നൽകുക.
30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ് നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്ന വിശ്വഫുട്ബാൾ മേള എന്ന റെക്കോഡും 2022 ഖത്തർ ലോകകപ്പിനുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന്‍റെ രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.