വീട്ടുജോലിക്കാർക്ക് റിക്രൂട്ട്മെന്റ് ഫീ നിശ്ചയിച്ചു
text_fieldsദോഹ: ഖത്തറിലേക്ക് തിരഞ്ഞെടുക്കുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെന്റ് ചാർജിന് പരിധി നിശ്ചയിച്ച് തൊഴിൽ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വീട്ടജോലിക്കാർക്കുള്ള പ്രബേഷൻ കാലയളവ് ഒമ്പതു മാസമാക്കി ഉയർത്തിയ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ളവരുടെ റിക്രൂട്ട്ചാർജും നിശ്ചയിച്ചത്. 14,000 റിയാലാണ് ഇന്ത്യൻ തൊഴിലാളികൾക്കായി നിശ്ചയിച്ചത്.
ഏജൻസികളുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ചേർന്ന് വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് തുക നിശ്ചയിച്ചത്. ഏറ്റവും കൂടുതൽ റിക്രൂട്ടിങ് ചാർജ് ഇന്തോനേഷ്യയിൽ നിന്നുള്ള തൊഴിലാളികൾക്കാണ് 17,000 റിയാലാണ് ഇവർക്കായി നിശ്ചയിച്ചത്. ശ്രീലങ്ക 16,000, ഫിലിപ്പീൻസ് 15,000, ബംഗ്ലാദേശ് 14,000, കെനിയ 9000, ഇത്യോപ്യ 9000 എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ചാർജും പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ പുതിയ നിർദേശം പ്രാബല്യത്തില്‍ വരും. ജനുവരി ആദ്യത്തിലായിരുന്നു വീട്ടു തൊഴിലാളികളുടെ പ്രബേഷൻ കാലയളവ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതു പ്രകാരം തൊഴിലുടമക്ക് ഒമ്പത് മാസത്തെ പ്രബേഷൻ ഉറപ്പു നൽകാൻ റിക്രൂട്ടിങ് ഏജൻസികൾ ബാധ്യസ്ഥരാണ്.
ആദ്യ മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ കരാർ റദ്ദാക്കിക്കൊണ്ട് റിക്രൂട്ട്മെന്റ് ഫീസ് തിരിച്ചുവാങ്ങാൻ തൊഴിൽ ഉടമക്ക് അവകാശമുണ്ടാവും. പിന്നീടുള്ള ആറുമാസത്തിനുള്ളിലാണെങ്കിൽ തൊഴിലാളി ജോലിചെയ്തതിന്റെ മാസം കണക്കാക്കി നിശ്ചിത തുക കുറച്ചുകൊണ്ട് റിക്രൂട്ടിങ് ഫീസ് തിരിച്ചുവാങ്ങാം. ഇതുസംബന്ധിച്ച വിശദമായ അറിയിപ്പുകൾ നേരത്തെ തന്നെ മന്ത്രാലയങ്ങൾ പുറത്തു വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.