വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്; ലൈസൻസ് 244 സ്ഥാപനങ്ങൾക്ക്
text_fieldsദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ലൈസൻസുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പുതുക്കിയ പട്ടിക പ്രകാരം 244 സ്ഥാപനങ്ങൾക്കാണ് ഖത്തറിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിയമ സാധുതയുള്ളത്.
മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി മുഴുവൻ സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കാൻ ഇത്തരം ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രമെ ആശ്രയിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി കൃത്യമായി ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫിസുകളുമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യം തൊഴിൽ മന്ത്രാലയം എടുത്തു പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങൾ വഴി നടക്കുന്ന റിക്രൂട്ട്മെന്റുകൾ മാത്രമായിരിക്കും നിയമ വിധേയമാകുന്നത്. തൊഴിലാളിയുടെയും തൊഴിൽ ദാതാവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസൻസില്ലാത്തതും തട്ടിപ്പ് നടത്തുന്നതുമായ ഓഫിസുകളുടെ വഞ്ചനയിൽ ആരും വീഴരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പിലും ജോലി സംബന്ധിച്ചും നിരവധി നിയമനിർദേശങ്ങൾ മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.