റീസൈക്ലിങ്: അശ്ഗാൽ കുറച്ചത് 1.21ലക്ഷം ടൺ കാർബൺ
text_fieldsദോഹ: സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായുള്ള സംരംഭങ്ങളിലൂടെ 1.21 ലക്ഷം ടൺ കാർബൺ പ്രസരണം കുറക്കാൻ സാധിച്ചതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ. വിവിധ പദ്ധതി പ്രദേശങ്ങളിലെ റീസൈക്ലിങ്ങിലൂടെ അഞ്ച് മില്യൻ ടൺ അസംസ്കൃത വസ്തുക്കളാണ് ലഭിച്ചതെന്നും, പുനഃചംക്രമണം ചെയ്ത അസംസ്കൃത വസ്തുക്കൾ വലിയ അളവിലാണ് വിവിധ പദ്ധതികൾക്കായി ഉപയോഗിക്കുന്നതെന്നും അശ്ഗാൽ റോഡ്സ് വിഭാഗം പ്രോജക്ട് എൻജിനീയർ ഹമദ് അൽ ബദർ വ്യക്തമാക്കി.
ജലസേചനത്തിനായി സംസ്കരിച്ച ജലവും ടാർ മിശ്രിതത്തിനായി ഉപയോഗിച്ച ടയറുകളും ഉപയോഗിക്കുന്നുണ്ടെന്നും ഭൂമിയിലേക്ക് തള്ളുന്നത് ഒഴിവാക്കുന്നതിനായി കെട്ടിട അവശിഷ്ടങ്ങളും വീണ്ടും ഉപയോഗിക്കുന്നുവെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്, പുറത്തേക്ക് തള്ളുന്ന കാർബണിെൻറ അളവ് കുറക്കേണ്ടത് അനിവാര്യമാണ്.
സൈറ്റുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കാർബണിെൻറ അളവ് നിർണയിക്കുന്നതിന് അശ്ഗാൽ നിരന്തരം സർവേ സംഘടിപ്പിക്കുകയും സാധ്യമാകുന്ന രീതിയിൽ കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പദ്ധതി പ്രദേശങ്ങളിൽ റീസൈക്ലിങ്ങിനായി പ്രത്യേക സ്ഥലം തന്നെ അടയാളപ്പെടുത്തുകയും റീസൈക്കിൾ ചെയ്ത വസ്തുക്കൾ പദ്ധതികളിൽ വലിയ മുതൽക്കൂട്ടാണെന്നും ഹമദ് അൽ ബദർ വിശദീകരിച്ചു.
റീസൈക്കിൾ ചെയ്യുന്നതിലൂടെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അവ നീക്കം ചെയ്യുന്നതിനുള്ള ഗതാഗതം ഒഴിവാക്കാനാകും. സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമാണ മേഖലയിലെ സുസ്ഥിരത അടയാളപ്പെടുത്തപ്പെടുക. കാർബൺ ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങൾ പുറത്തേക്ക് തള്ളുന്നത് കുറക്കുകയെന്നത് ഇതിൽ നിർണായകമാണ് -അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മാനേജ്മെൻറിന് അശ്ഗാൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.
സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താനായി പ്രത്യേക സംഘത്തെ തന്നെ അശ്ഗാൽ നിയോഗിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്ത് കരാറുകാർക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കുന്നതിന് നിരവധി സംരംഭങ്ങളും അശ്ഗാൽ ആരംഭിച്ചിട്ടുണ്ട്. കരാറുകാർക്കിടയിലെ കൂട്ട ബോധവത്കരണ കാമ്പയിനുകൾ, സുസ്ഥിരത-പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കുള്ള ഗ്രീൻ അവാർഡ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.