യമനിൽ ആരോഗ്യമേഖലക്ക് തുണയായി റെഡ്ക്രസന്റ്
text_fieldsദോഹ: യമനിൽ അർബുദവും വൃക്കരോഗവും ബാധിച്ച രോഗികൾക്ക് ആരോഗ്യസംരക്ഷണ പദ്ധതികൾക്ക് തുടക്കംകുറിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. സൻആയിലെ അൽ ഷഫാഖ ഫൗണ്ടേഷൻ ഫോർ കിഡ്നി ഫെയ്ലിയർ ആൻഡ് കാൻസർ കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
1,45,022 ഡോളർ ചെലവിൽ 3000 രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന പോഷകാഹാരമുൾപ്പെടെയുള്ള പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനവിതരണം എന്നിവയുൾപ്പെടെ ഞങ്ങളുടെ ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റി 10 മാസത്തേക്ക് ഞങ്ങളുടെ പ്രവർത്തനം നിലനിർത്താൻ ഖത്തർ റെഡ്ക്രസന്റ് പദ്ധതി സഹായകമാകുമെന്ന് അൽ ഷഫാഖ ഫൗണ്ടേഷൻ ചെയർപേഴ്സൻ വാഥിഖ് സുൽതാൻ അൽ ഖുറൈശി പറഞ്ഞു.ഖത്തർ റെഡ്ക്രസന്റിന്റെ പിന്തുണയോടെ രോഗികൾക്ക് പ്രതിദിനം മൂന്നു നേരം ഭക്ഷണം നൽകാനും വീടുകൾ വാടകക്ക് നൽകാനും ഞങ്ങളുടെ കേന്ദ്രത്തിനും ഡയാലിസിസ് സൗകര്യങ്ങൾക്കുമിടയിൽ രോഗികളുടെ ഗതാഗതം സുരക്ഷിതമാക്കാനും സാധിക്കുന്നുവെന്നും അൽ ഖുറൈശി വ്യക്തമാക്കി.
അർബുദരോഗികൾക്കും വൃക്കതകരാറുള്ള രോഗികൾക്കും പ്രത്യേക പോഷകാഹാര, മെഡിക്കൽ, മനഃശാസ്ത്രപരമായ ആവശ്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ അർബുദ, വൃക്ക തകരാർ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഖത്തർ റെഡ്ക്രസന്റിന് കീഴിൽ നിരവധി ആരോഗ്യപദ്ധതികളാണുള്ളത്.
സാമൂഹിക സംരക്ഷണം, സുരക്ഷ, പോഷകാഹാരം, പരിശീലനം, മറ്റു പ്രധാന സേവനങ്ങൾ എന്നിവക്കു പുറമേ, മരുന്നുകൾ, ശസ്ത്രക്രിയകൾ, മെഡിക്കൽ പരിശോധനകൾ, റേഡിയോ തെറപ്പി എന്നിവയുൾപ്പെടുന്നതാണ് ഇത്തരം പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.