വിശപ്പകറ്റാൻ റെഡ്ക്രസന്റിന്റെ ‘ഈദ് അദാഹി’
text_fieldsദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ അദാഹി കാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. നിരാലംബരും ദരിദ്രരും അഗതികളുമായവർക്ക് ബലിമാംസം ഉൾപ്പെടെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കാമ്പയിൻ ജൂൺ അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
‘മനുഷ്യത്വത്തിന് ആദ്യം... നിങ്ങളുടെ ത്യാഗം അവരുടെ സന്തോഷം’ തലക്കെട്ടിലാണ് ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) സീസണ് തുടക്കംകുറിച്ചിരിക്കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലിമാംസം വിതരണം ചെയ്യുന്നതിനായി ഖത്തറിലുള്ള ഉദാരമതികൾക്ക് കാമ്പയിൻ കാലയളവിൽ ഖത്തർ റെഡ്ക്രസന്റിലേക്ക് സംഭാവനകളർപ്പിക്കാവുന്നതാണ്.
ഖത്തറിന് പുറമേ, ഏഷ്യ, ആഫ്രിക്ക, ബാൽക്കൺ എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിലായി 60,000ത്തോളം പേർക്ക് ബലിപെരുന്നാളിനോടുബന്ധിച്ച് ഭക്ഷണമെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുർബലരും അഗതികളും ദരിദ്രരുമായ ജനങ്ങളിലേക്കെത്താനുള്ള അവസരമാണ് ബലിപെരുന്നാളെന്നും ഉദാരമതികൾക്ക് നന്മയുടെ വാതിലുകൾ തുറക്കാനുള്ള സമയമാണെത്തിയിരിക്കുന്നതെന്നും ഖത്തർ റെഡ്ക്രസന്റ് ആക്ടിങ് സെക്രട്ടറി ജനറൽ ഫൈസൽ അൽ ഇമാദി പറഞ്ഞു.
ബലിപെരുന്നാളിന് മുമ്പും അവധിക്കാലത്തും ദാനധർമങ്ങൾ നൽകുന്നതിനും അവധിക്കാലത്ത് ആവശ്യക്കാരും അർഹരുമായവർക്ക് ഭക്ഷണം നൽകാൻ പ്രചോദിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഖത്തർ റെഡ്ക്രസന്റ് വാർഷിക കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഖത്തർ റെഡ്ക്രസന്റിലേക്ക് എങ്ങനെ ദാനം ചെയ്യാം
ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിന് ഉദാരമതികൾക്ക് ഓൺലൈൻ ചാനലോ ക്യു.ആർ.സി.എസ് മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗപ്പെടുത്താം. നാല് വ്യത്യസ്ത ഒപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് എസ്.എം.എസ് വഴി സംഭാവന നൽകാനുള്ള സേവനവും ഖത്തർ റെഡ്ക്രസന്റ് ഒരുക്കിയിട്ടുണ്ട്.
250 റിയാൽ സംഭാവന ചെയ്യുന്നതിന് 92,552 നമ്പറിലേക്ക് 1 എന്ന് ടൈപ് ചെയ്ത് സന്ദേശമയക്കുന്നതാണ് ഈ രീതി. ഇതുപോലെ 350 റിയാൽ നൽകാൻ 2 എന്ന് ടൈപ് ചെയ്ത് 92869 നമ്പറിലേക്കും 500 റിയാൽ സംഭാവന ചെയ്യാൻ 3 എന്ന നമ്പർ 90202 നമ്പറിലേക്കോ അയക്കാം. 1000 റിയാൽ സംഭാവന നൽകുന്നതിന് 92246 നമ്പറിലേക്ക് 4 എന്ന് ടൈപ് ചെയ്ത് അയക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.