ലക്ഷങ്ങളുടെ വിശപ്പകറ്റാൻ റെഡ് ക്രസന്റ്
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പട്ടിണിയിലായ ലക്ഷത്തോളം മനുഷ്യരുടെ വിശപ്പടക്കാൻ വിപുല പദ്ധതികളുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന രാജ്യങ്ങൾ, ആഭ്യന്തര സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം ദുരിതമനുഭവിക്കുന്നവർ എന്നിവരുൾപ്പെടെ 6.25 ലക്ഷം പേരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായാണ് റെഡ് ക്രസന്റ് സൊസൈറ്റി രംഗത്തിറങ്ങുന്നത്. പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായ (എസ്.ഡി.ജി) വിശപ്പ് രഹിത ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഈ വർഷം 15 ഭക്ഷ്യസുരക്ഷ പദ്ധതികളാണ് ഖത്തർ റെഡ്ക്രസന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. 31 ദശലക്ഷത്തിലധികം റിയാൽ ചെലവിൽ ആറ് ലക്ഷത്തിലധികം പേരാണ് ഈ പദ്ധതികളിലൂടെ ഗുണഭോക്താക്കളാകുന്നത്. ഗസ്സയും വെസ്റ്റ്ബാങ്കും ഉൾപ്പെടുന്ന ഫലസ്തീൻ, സിറിയ, യമൻ, നൈജർ, സുഡാൻ, സൊമാലിയ, അഫ്ഗാനിസ്താൻ, ലെബനാൻ, ജോർഡൻ, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് ഭക്ഷ്യസുരക്ഷ പദ്ധതികൾ നടപ്പാക്കുന്നത്. പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ അടങ്ങുന്ന വൈവിധ്യമാർന്ന ഭക്ഷണപ്പൊതികളുടെ വിതരണം, ബേക്കറികൾക്ക് റൊട്ടി ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സൗജന്യമായി മാവ് നൽകുക, അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും നിശ്ചിത സമയത്തേക്ക് ഭക്ഷണം നൽകൽ എന്നിവ പദ്ധതികളിലുൾപ്പെടുന്നു.
2023ൽ 20 രാജ്യങ്ങളിലായി നടപ്പാക്കിയ വിവിധ ഭക്ഷ്യസുരക്ഷ പദ്ധതികൾ നാലരലക്ഷം പേരിലേക്കാണെത്തിയത്. നൈജർ, ഫലസ്തീൻ, മംഗോളിയ, അൽബേനിയ, സുഡാൻ, ലെബനാൻ, കൊസോവോ, ജോർഡൻ, അഫ്ഗാനിസ്താൻ, സൊമാലിയ, മാലി, മലാവി, കെനിയ, ശ്രീലങ്ക, നേപ്പാൾ, എത്യോപ്യ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതികൾ നടപ്പാക്കിയത്. സംഘർഷ, ദുരിത മേഖലകളിൽ വിശക്കുന്നവർക്ക് ഭക്ഷണം ഉറപ്പുവരുത്താൻ ഖത്തർ റെഡ് ക്രസന്റിനെ സഹായിക്കുന്നതിന് അതിന്റെ വെബ്സൈറ്റ് വഴിയും, 66666364 നമ്പർ വഴിയും 33998898 നമ്പറിലൂടെയും ബാങ്ക് ട്രാൻസ്ഫർ വഴിയും ഉദാരമതികൾക്ക് സംഭാവനകൾ സമർപ്പിക്കാവുന്നതാണ്. റമദാന്റെ ഭാഗമായി 18 രാജ്യങ്ങളിൽ 145 പദ്ധതികൾക്ക് നേരത്തെ തന്നെ ഖത്തർ റെഡ് ക്രസന്റ് തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.