ഖത്തറിൽ ഇന്ന് ഹിതപരിശോധന
text_fieldsദോഹ: ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, ഖത്തറിലെ സ്വദേശി പൗരന്മാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഭരണഘടന ഭേദഗതി നിർദേശങ്ങളിലെ ജനഹിത പരിശോധന രേഖപ്പെടുത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കിയ പോളിങ് ബൂത്തുകളിൽ 18 വയസ്സ് തികഞ്ഞ മുഴുവൻ സ്വദേശികളും ചൊവ്വാഴ്ച തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തും. വിപുല സൗകര്യങ്ങളാണ് ദോഹ മുതൽ വിവിധ ഇടങ്ങളിലായി ഒരുക്കിയത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെയാണ് തിരഞ്ഞെടുക്കപ്പെട്ട 28 കേന്ദ്രങ്ങളിൽ വോട്ടിങ്ങിന് സൗകര്യമൊരുക്കിയത്. ആഭ്യന്തര മന്ത്രിയും ജനഹിത പരിശോധനയുടെ ചുമതലവഹിക്കുന്ന ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സമിതി ഒരുക്കങ്ങളെല്ലാം വിലയിരുത്തി.
ബർഹാത് മുശൈരിബിലെ 15ാമത് റഫറണ്ടം കമ്മിറ്റി സ്റ്റേഷൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സന്ദർശിച്ചു.
ആഭ്യന്തര മന്ത്രിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വോട്ടിങ് നടപടി ക്രമങ്ങളും ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. 18 തികഞ്ഞ മുഴുവൻ പൗരന്മാരും വോട്ടെടുപ്പിൽ പങ്കെടുക്കണമെന്നും, ദേശീയ ദൗത്യനിർവഹണത്തിൽ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിമാനത്താവളത്തിൽ പൗരന്മാർക്ക് സൗജന്യ പാർക്കിങ്
ഹിതപരിശോധനയുടെ ഭാഗമായി ഖത്തർ പൗരന്മാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഒരു മണിക്കൂർ സൗജന്യ പാർക്കിങ്. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഗേറ്റ് നമ്പർ രണ്ടിലാണ് പാർക്കിങ് സൗകര്യമൊരുക്കുന്നത്. ഹമദ് വിമാനത്താവളത്തിൽ ഹിതപരിശോധനയുടെ പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.