‘ഫലസ്തീനികളെയും മനുഷ്യരായി കണക്കാക്കൂ’
text_fieldsദോഹ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കി ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ രൂക്ഷ പ്രതികരണവുമായി ഖത്തർ അന്താരാഷ്ട്ര സഹകരണമന്ത്രി ലുല്‍വ അല്‍ ഖാതിറിന്റെ കുറിപ്പ്. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ജീവന് വിലയില്ലേയെന്ന് ചോദ്യവുമായാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയെ മന്ത്രി ‘എക്സ്’ പേജിലെ പോസ്റ്റിലൂടെ ചോദ്യം ചെയ്തത്. ഫലസ്തീനികളെ മനുഷ്യരായി കണ്ട് ലോകസമൂഹം പ്രതികരിക്കണമെന്നും ലുല്‍വ അല്‍ഖാതര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ഫലസ്തീനിലെ മുസ്ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവന് വിലയില്ലേ, അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ. മനുഷ്യരെല്ലാം ജനിക്കുന്നത് തുല്യരായാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് പ്രതികരിക്കൂ. സ്കൂളുകളും പള്ളികളും ചര്‍ച്ചുകളും തുടങ്ങി കണ്ണില്‍കണ്ടതെല്ലാം ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുയാണ്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച കൃസ്ത്യന്‍ പള്ളിയാണ് ഗസ്സയില്‍ തകര്‍ത്തത്.
കഴിഞ്ഞ ദിവസം അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെയും അവർ കൂട്ടക്കൊല ചെയ്തു. ഇത് സംഭവിച്ചതൊരു ഇസ്രായേലി മാധ്യമപ്രവര്ത്തകന് ആയിരുന്നെങ്കില്‍ ഈ പറയപ്പെടുന്ന പരിഷ്കൃത സമൂഹം ഇപ്പോള്‍ ഫലസ്തീനികളുടെ ക്രൂരതയെ കുറിച്ച് പറഞ്ഞ് കണ്ണീര് പൊഴിക്കുകയായിരിക്കും. പക്ഷെ അദ്ദേഹം ഒരു ഫലസ്തീനിയാണ്. അപ്പോള്‍ അതൊരു പ്രശ്നമല്ല. അവര്‍ക്കിതൊരു ശീലമാണല്ലോ...’ ലുൽവ അൽ ഖാതിർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.