സെൻയാർ; കടൽ ഉത്സവം വീണ്ടും
text_fieldsസെൻയാർ ഫെസ്റ്റിൽ നിന്ന്
ദോഹ: പരമ്പരാഗത കടൽ ജീവിതത്തിന്റെ ആഘോഷമായ സെൻയാർ ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെൻയാർ ഫെസ്റ്റിവലിന്റെ 11ാമത് പതിപ്പ് ഏപ്രിൽ 16ന് കതാറ ബീച്ചിൽ ആരംഭിക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. മാർച്ച് 16 വരെയാണ് രജിസ്ട്രേഷൻ.
പരമ്പരാഗത ഹാൻഡ്-ലൈൻ മത്സ്യബന്ധനമായ ഹദ്ദാഖ് മത്സരവും ഏറെ ആവേശകരമായ ലിഫ ഫെസ്റ്റിവലും ഉൾപ്പെടുന്ന സെൻയാർ ഫെസ്റ്റിവൽ ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മത്സ്യബന്ധന മാർഗമായ ഹാൻഡ്-ലൈൻ ഹദ്ദാഖ് ആണ് സെൻയാറിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും എടുത്തുകാണിക്കുന്ന പരമ്പരാഗത രീതികൾ ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുക, മത്സ്യബന്ധനത്തിലെ വൈദഗ്ധ്യം തുടങ്ങിയ വിഭാഗങ്ങളിൽ പങ്കെടുക്കുന്നവർ മത്സരിക്കും.
തത്സമയ സംഗീതപരിപാടി, നാടോടി നൃത്ത-കലാ പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, ഖത്തരി ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളും വാഗ്ദാനം ചെയ്യുന്ന സ്റ്റാളുകൾ എന്നിവ ഉൾപ്പെടുന്ന ലിഫാ ഫെസ്റ്റിവലും സെൻയാറിന്റെ മറ്റൊരു ആകർഷണമാണ്. ലിഫ ഫെസ്റ്റിവലിലെ വൈവിധ്യമാർന്ന പരിപാടികൾ ജനമനസ്സിനെ വിശാലമാക്കുന്നതോടൊപ്പം പങ്കിട്ട പാരമ്പര്യങ്ങളിലൂടെയും വിനോദങ്ങളിലൂടെയും തലമുറകളെ ഒന്നിപ്പിക്കുകയും ചെയ്യും.
സെൻയാർ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ദോഹയിലെ നിശ്ചിത കൗണ്ടറുകൾ വഴിയോ ഒൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പങ്കെടുക്കുന്നവർക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ സെൻയാറിൽ 850 ക്യാപ്റ്റന്മാരും നാവികരും കൈകാര്യം ചെയ്യുന്ന 69 പാക്കപ്പലുകളാണ് പങ്കെടുത്തത്. ഖത്തറിന് പുറമേ മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വലിയ പങ്കാളിത്തവും സെൻയാറിന്റെ സവിശേഷതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.