ഉമ്മുൽ സനീം ഹെൽത്ത് സെൻററിൽ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദോഹ: ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന ഉമ്മുൽ സനീം ഹെൽത്ത് സെൻററിൽ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. സോൺ 56ൽ ഉൾപ്പെടുന്ന ഐൻ ഖാലിദ്, അബൂ ഹമൂർ, ഉമ്മുൽ സനീം പ്രദേശത്തുള്ളവർക്ക് ഹെൽത്ത് സെൻററിൽ രജിസ്റ്റർ ചെയ്യാം.
പുതിയ ഹെൽത്ത് സെൻറർ പ്രവർത്തനമാരംഭിക്കുന്നതോടെ പി.എച്ച്.സി.സിക്ക് കീഴിലെ ഹെൽത്ത് സെൻററുകളുടെ എണ്ണം 29 ആകും. നിരവധി ആരോഗ്യസേവനങ്ങൾ സജ്ജമാക്കുന്നതിലൂടെ മറ്റ് ഹെൽത്ത് സെൻററുകളിലെ തിരക്കും ഭാരവും കുറക്കാനും സാധിക്കും. പ്രാഥമികാരോഗ്യ മേഖലയിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള അവശ്യസേവനങ്ങളാണ് ഹെൽത്ത് സെൻററിലുള്ളത്.
പ്രതിവർഷം 35,000 രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഉമ്മുൽ സനീം ഹെൽത്ത് സെൻറർ. അതോടൊപ്പം ആദ്യവർഷത്തിൽ 20,000 രജിസ്റ്റർ ചെയ്ത രോഗികളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നും മറ്റു ഹെൽത്ത് സെൻററുകളിലെ തിരക്ക് കുറക്കാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. സോൺ 56ൽ ഉൾപ്പെടുന്ന ഐൻ ഖാലിദ്, അബൂ ഹമൂർ, ഉമ്മുൽ സനീം പ്രദേശത്തുള്ളവർക്ക് അവരുടെ ദേശീയ മേൽവിലാസമനുസരിച്ചാണ് രജിസ്ട്രേഷൻ ലഭ്യമാകുക. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ രാത്രി 11 വരെയാണ് ഉമ്മുൽ സനീം ഹെൽത്ത് സെൻററിന്റെ പ്രവർത്തന സമയം. ഫാമിലി മെഡിസിൻ, വെൽബേബി ആൻഡ് വാക്സിനേഷൻ, വനിത വിഭാഗം, നോൺ കമ്യൂണിക്കബിൾ ഡിസീസ്, സ്മോകിങ് കസേഷൻ, കമ്യൂണിക്കബിൾ ഡിസീസ് ആൻഡ് ട്രാവൽ വാക്സിൻ, ദന്തരോഗ വിഭാഗം, പ്രസവ-നവജാത ശിശു ആരോഗ്യ കൗൺസലിങ്, സ്മാർട്ട് ഹെൽത്ത് ചെക്കപ്പ്, ഡയറ്റീഷ്യൻ, ഹെൽത്ത് എജുക്കേഷൻ എന്നിവയാണ് ഉമ്മുൽ സനീം ഹെൽത്ത് സെൻററിലെ സേവനങ്ങൾ. കൂടാതെ ഓഫ്താൽമോളജി, ഇ.എൻ.ടി, ഡെർമറ്റോളജി, ഓഡിയോളജി, ഒപ്റ്റോമെട്രി തുടങ്ങിയ സ്പെഷലൈസ്ഡ് ക്ലിനിക്കുകളും ഇവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.