ജനത്തിന് ആശ്വാസം, ഇടവേളക്കു ശേഷം പാർക്കുകൾ തുറന്നു
text_fieldsദോഹ: ഇടവേളക്കു ശേഷം രാജ്യത്തെ എല്ലാ പാർക്കുകളും തുറന്നു. കോവിഡ് രോഗികൾ കുറഞ്ഞതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. ഇതിെൻറ ഭാഗമായാണ് എല്ലാ പാർക്കുകളും ആകെ ശേഷിയുടെ 30 ശതമാനത്തിൽ തുറന്നുപ്രവർത്തിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പാർക്കുകളെല്ലാം വൈകീട്ട് അഞ്ചു മുതൽ രാത്രി 12വരെയാണ് പ്രവർത്തിക്കുക. വെള്ളിയും ശനിയും വൈകീട്ട് അഞ്ചുമുതൽ പുലർച്ച ഒന്നു വരെയാണ് പ്രവർത്തിക്കുക. സൈക്ലിങ്, നടത്തം, ഒാട്ടം, ചെറിയ കൂടിേച്ചരലുകൾ എന്നിവ അനുവദിക്കും. ഒരേ വീട്ടിൽനിന്നുള്ള പരമാവധി അഞ്ചുപേർക്ക് കൂടിയിരിക്കാം. അതേസമയം, പാർക്കുകളിലെ കളിസ്ഥലങ്ങൾ, ഫുട്കോർട്ടുകൾ, വ്യായാമങ്ങൾക്കുള്ള പൊതു ഉപകരണങ്ങൾ എന്നിവ അടച്ചിടുന്നത് തുടരും. അൽഖോർ പാർക്ക് രാവിലെ എട്ടുമുതൽ രാത്രി 10 വരെയും ഇതേ ശേഷിയിൽ തുറന്നുപ്രവർത്തിക്കും.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയതോടെ രാജ്യത്തെ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യസ്ഥാപനവിഭാഗം അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾക്കും പരിശീലനകേന്ദ്രങ്ങൾക്കും കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കാം. കമ്പ്യൂട്ടർ പരിശീലനകേന്ദ്രങ്ങൾ, ട്യൂഷൻ സെൻററുകൾ തുടങ്ങിയവയാണിവ. ആകെ ശേഷിയുടെ 30 ശതമാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. എല്ലാ ജീവനക്കാരും വാക്സിെൻറ രണ്ടുഡോസും എടുത്തവരാകണം. വാക്സിൻ എടുക്കാത്തവർ ഓൺലൈനായി മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ഓരോ സെഷനിലും പരമാവധി അഞ്ചുപേർക്ക് മാത്രം പ്രവേശനം നൽകിയേ ഭിന്നശേഷിക്കാർക്കുള്ള പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കാവൂ. ജീവനക്കാർ വാക്സിൻ എടുത്തവരാകണം. അതേസമയം, സ്കൂളുകൾ ഞായറാഴ്ച മുതൽ 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കും. നിലവിൽ ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്.
എന്നാൽ, ഓൺലൈനായി മാത്രം പ്രവർത്തിക്കണോ അതോ െബ്ലൻഡഡ് സമ്പ്രദായത്തിൽ പ്രവർത്തിക്കണമോ എന്ന് സ്വകാര്യ സ്കൂളുകൾക്ക് തീരുമാനിക്കാം. ഓൺലൈൻ, നേരിട്ട് ക്ലാസിലെത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനസമ്പ്രദായമാണ് െബ്ലൻഡഡ്. ഞായറാഴ്ച മുതൽ ഇക്കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാം.
വാക്സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് ബാർബർ ഷോപ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസാജ് പാർലറുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർ വാക്സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്. കർവ ബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ വെള്ളി, ശനി അടക്കം എല്ലാ ദിവസവും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്.സൂഖുകൾക്ക് വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ് സ്കൂളുകൾക്കും പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.