'മുസ്ലിം ന്യൂനപക്ഷ സമൂഹം അറിഞ്ഞിരിക്കേണ്ട മതവിധികൾ' പ്രകാശനം ചെയ്തു
text_fieldsദോഹ: ബഹുസ്വര സമൂഹങ്ങൾക്കിടയിൽ ന്യൂനപക്ഷമായി ജീവിക്കുന്ന വ്യത്യസ്ത മുസ്ലിം സമൂഹങ്ങൾ അറിഞ്ഞിരിക്കേണ്ട മതവിധികൾ പ്രതിപാദിക്കുന്ന കൃതികൾക്ക് സമകാല സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറൽ ഡോ. അലിമുഹ് യുദ്ദീൻ അൽ ഖറദാഗി പറഞ്ഞു. യൂറോപ്യൻ ഫത് വ കൗൺസിൽ പ്രസിദ്ധീകരിക്കുകയും എം.എസ്.എ. റസാഖും ഹുസൈൻ കടന്നമണ്ണയും ചേർന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിക്കുകയും ചെയ്ത 'മുസ്ലിം ന്യൂനപക്ഷ സമൂഹം അറിഞ്ഞിരിക്കേണ്ട മതവിധികൾ'എന്ന കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അൽജാമിഅ അൽഇസ്ലാമിയ കേരള റെക്ടർ ഡോ. അബ്ദുസ്സലാം അഹമ്മദ് ഗ്രന്ഥം ഏറ്റുവാങ്ങി.
ശൈഖ് ഖറദാവിയുടെ അധ്യക്ഷതയിൽ മുപ്പതോളം പണ്ഡിതന്മാർ അംഗങ്ങളായ ഫത് വ കൗൺസിൽ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾക്കും വിചിന്തനങ്ങൾക്കും ശേഷം തയാറാക്കിയ ഫത് വകളുടെയും തീരുമാനങ്ങളുടെയും സമാഹാരമാണ് കൃതി.
പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഖറദാവി അനുസ്മരണ സമ്മേളനത്തിനിടെ നടന്ന പ്രകാശന ചടങ്ങിൽ സി.ഐ.സി ആക്ടിങ് പ്രസിഡന്റ് കെ.സി. അബ്ദുല്ലതീഫ്, ജനറൽ സെക്രട്ടറി നൗഫൽ പാലേരി, കേരള കൾചറൽ സെന്റർ പ്രസിഡന്റ് അബൂബക്കർ ഖാസിമി, ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് കെ.എൻ. സുലൈമാൻ മദനി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, എഫ്.സി.സി സാരഥി ഹബീബുറഹ്മാൻ കിഴിശ്ശേരി, പി.പി. അബ്ദുറഹീം, യാസിർ ഇല്ലത്തൊടി തുടങ്ങിയവർ സംബന്ധിച്ചു. സി.ഐ.സിക്കു കീഴിലെ സി.എസ്.ആർ.ഡി പ്രസാധകരായ കൃതിയുടെ വിതരണാവകാശം ഐ.പി.എച്ചിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.