ഓർക്കുക.. ടിക്കറ്റ് ബുക്കിങ് നാളെ 12മണി വരെ
text_fieldsദോഹ: ലോകകപ്പിനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനിയും കാത്തിരിക്കുന്നവർ അവസാന തീയതി മറക്കേണ്ട. രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച ഉച്ചയോടെ അവസാനിക്കും. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞ് ഏപ്രിൽ അഞ്ചിന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ്ങാണ് 28ന് ഉച്ച ഖത്തർ സമയം 12 മണിയോടെ അവസാനിക്കുന്നത്. ഫിഫ വെബ്സൈറ്റ് ( FIFA.com/tickets) ലിങ്ക് വഴിയാണ് മത്സരങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. തുടർന്ന് മേയ് 31ഓടെ റാൻഡം നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. ഇ-മെയിൽ വഴിയോ, ഫിഫ പേജിലെ പ്രൊഫൈൽ പരിശോധിച്ചോ ടിക്കറ്റ് ലഭ്യമാവുന്ന വിവരം അറിയാവുന്നതാണ്. അതിനനുസരിച്ച് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുന്നതാണ് രീതി. കഴിഞ്ഞ ജനുവരി-ഫെബ്രുവരിയിലായി നടന്ന ഒന്നാം ഘട്ട ടിക്കറ്റ് വിൽപനയുടെ തുടർച്ചയാണ് ഏപ്രിൽ അഞ്ചിന് ആരംഭിച്ചത്.
ഒന്നാം ഘട്ടത്തിൽ 8.04 ലക്ഷം ടിക്കറ്റുകളാണ് ആരാധകർക്കായി വിറ്റത്. രണ്ടാം ഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകൾ ലോകമെങ്ങുമുള്ള ആരാധകർക്കായി ലഭ്യമാവും. ഇൻഡിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്, കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റ്സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ നാല് വിഭാഗങ്ങളിൽ ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റ് ലഭ്യമായി കഴിഞ്ഞാൽ, ഹയ്യാ കാർഡിനും (ഫാൻ ഐ.ഡി) താമസത്തിനും ബുക്ക് ചെയ്യുന്നതോടെയാണ് ടിക്കറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാവു. ഖത്തർ റസിഡന്‍റ് ആണെങ്കിൽ താമസ മേൽവിലാസം നൽകി ഹയ്യാകാർഡ് സ്വന്തമാക്കാം. മത്സരങ്ങൾ കാണാൻ ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റിങ് രീതിയാണ് വ്യക്തിഗത മാച്ച് ടിക്കറ്റുകൾ.
ഇഷ്ടമുള്ള മാച്ച് നോക്കി ആരാധകർക്ക് ടിക്കറ്റ് സ്വന്തമാക്കാം. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി മത്സര ഫിക്സ്ചർ തയാറായ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്, പോർചുഗൽ, ഫ്രാൻസ്, ബെൽജിയം ടീമുകളുടെ കളി കാണാൻ ഇഷ്ടപ്പെടുന്നവർക്ക് മാച്ച് നമ്പർ നോക്കി ടിക്കറ്റുകൾ ഉറപ്പിക്കാൻ കഴിയും. സപ്പോർട്ടർ ടിക്കറ്റും, കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റും വഴി ആരാധകർക്ക് അവർ പിന്തുണക്കുന്ന ടീമിന്‍റെ മത്സരങ്ങൾ നോക്കിയും ബുക്ക് ചെയ്യാം. കളിക്കൊപ്പം ലോകകപ്പിന്‍റെ പരമാവധി വേദികളും ആസ്വദിക്കാൻ താൽപര്യപ്പെടുന്നവർക്കുള്ള മികച്ച പാക്കേജാണ് ഫോർ സ്റ്റേഡിയം സീരീസ്. ഒരു ടിക്കറ്റിൽ തുടർച്ചയായി നാലു ദിവസങ്ങളിൽ നാല് സ്റ്റേഡിയങ്ങളിൽ കളി കാണാനുള്ള സൗകര്യമാണ് ആരാധകർക്ക് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.