പുനരുപയോഗ ഊർജം 2030ഓടെ 18 ശതമാനത്തിലെത്തിക്കും
text_fieldsദോഹ: രാജ്യത്തിന്റെ മൊത്തം ഊർജോൽപാദനത്തിന്റെ 18 ശതമാനം 2030ഓടെ പുനരുപയോഗ ഊർജമാക്കുമെന്ന് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയക്ടർ എൻജിനീയർ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ ബകർ പറഞ്ഞു. ഖത്തർ വാർത്ത ഏജൻസിയുമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ആകെ ഉൽപാദനത്തിന്റെ അഞ്ച് ശതമാനമാണ് പുനരുപയോഗ ഊർജം.
വിഷൻ 2030മായി ബന്ധപ്പെട്ട് വൈദ്യുതാവശ്യങ്ങൾക്കായി എണ്ണ- പ്രകൃതി വാതകങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിച്ച് ഊർജസുരക്ഷ വർധിപ്പിക്കാനുമാണ് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) ശ്രമിക്കുന്നത്. സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊർജ സംവിധാനം വികസിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നു. 2030ഓടെ കേന്ദ്രീകൃത പദ്ധതികളിൽനിന്ന് നാല് ജിഗാ വാട്ടും വിതരണ പദ്ധതികളിൽനിന്ന് 200 മെഗാവാട്ടും പുനരുപയോഗ ഊർജം ലഭ്യമാക്കാനാണ് ശ്രമം. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുക, ഗ്രിഡ് നിലനിർത്തിക്കൊണ്ടുതന്നെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം വർധിപ്പിക്കുക, പുനരുപയോഗ ഊർജ പദ്ധതികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് പ്രവർത്തനം.
പുനരുപയോഗ ഊർജ പരിപാടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി വിതരണക്കാരിൽനിന്നും നിർമാതാക്കളിൽനിന്നും അംഗീകൃത സോളാർ പാനലുകൾക്കും ഇൻവെർട്ടറുകൾക്കുമുള്ള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചതായി കഹ്റമ ഈയിടെ അറിയിച്ചിരുന്നു. കരാറുകാരുടെയും കൺസൾട്ടന്റുകളുടെയും യോഗ്യത നടപടികളും അപേക്ഷ സമർപ്പണവും സാങ്കേതിക നിയന്ത്രണങ്ങളും പിന്നീട് പുറത്തുവിടുമെന്നാണ് കഹ്റമ അറിയിച്ചിരിക്കുന്നത്. സൗരോര്‍ജ പദ്ധതികള്‍ക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഖത്തര്‍. ഇവിടത്തെ സൗരോർജ സ്രോതസ്സുകളുടെ ഉയർന്ന നിലവാരം വലിയ സാധ്യതയാണ്.
ഉയർന്ന സൗരോർജ വികിരണ നിലവാരം, മികച്ച സാങ്കേതികവിദ്യ എന്നിവ താരതമ്യേന ചെലവ് കുറഞ്ഞ രീതിയിൽ സൗരോർജ വൈദ്യുതോൽപാദനത്തിന് സഹായിക്കുന്ന ഘടകമാണ്. ഫോട്ടോവോൾട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിവര്‍ഷം ഒരു സ്ക്വയര്മീറ്ററില് നിന്ന് 2000 കിലോ വാട്ട് വരെ ലഭ്യമാകുമെന്നാണ് കണക്ക്. ഇത് മുതലെടുത്ത് പെട്രോളിയം വസ്തുക്കളില്‍നിന്നുള്ള ഊര്ജോല്പാദനം കുറക്കാനാണ് ലക്ഷ്യമിടുന്നത്.
ഉല്പാദന ചെലവ് 15 ശതമാനം കുറക്കുന്നതിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറക്കാനും ഇതുവഴി സാധിക്കും. നിലവില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ പ്ലാന്റുകളാണ് ഖത്തറിന്റെ പ്രധാന വൈദ്യുതി സ്രോതസ്സ്. രാജ്യത്തെ താപവൈദ്യുതി ശേഷി 12 ജിഗാവാട്ടിലധികമാണ്. ഇത് മൊത്തം വൈദ്യുതോൽപാദന ശേഷിയുടെ 90 ശതമാനത്തിലധികം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.