ഖത്തറിൽ കുടുംബ സന്ദർശകവിസക്ക് വരുന്നവർ ശ്രദ്ധിക്കുക: ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
text_fieldsദോഹ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിലെത്തുന്നവർക്ക് ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. മടക്കയാത്രക്ക് ടിക്കറ്റും വേണം. ഇതുരണ്ടും ഇല്ലാത്ത സന്ദർഭങ്ങളിൽ അപേക്ഷകൾ തിരസ്കരിക്കാറുണ്ട് - ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിൽ പങ്കെടുത്തുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥൻ ലഫ്റ്റനൻറ് കേണൽ താരിഖ് ഈസ അഖീദി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി സന്ദർശക വിസക്ക് അപേക്ഷിക്കുേമ്പാൾ, ഹെൽത്ത് ഇൻഷുറൻസും ആവശ്യപ്പെടുന്നുണ്ട്. മെട്രാഷ് വഴി അപേക്ഷിക്കുേമ്പാഴാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ആദ്യമായാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് വ്യക്തത നൽകുന്നത്.
കമ്പനികൾ മെട്രാഷ് ഉപയോഗപ്പെടുത്തണം
കമ്പനികൾ മെട്രാഷ് 2 ആപ്ലിക്കേഷനിലെ മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് താരിഖ് ഈസ അഖീദി ആവശ്യപ്പെട്ടു. കൂടുതൽ കമ്പനികളും മെട്രാഷിലെ റെസിഡൻറ് പെർമിറ്റ് പുതുക്കാനായി ഓട്ടോമാറ്റിക് റിന്യൂ സംവിധാനം ഉപയോഗിക്കുന്നില്ല. ഒരേസമയം കൂടുതൽ ആർ.പികൾ പുതുക്കാൻ കഴിയുേമ്പാഴാണ് ഇത്. 'തൊഴിലാകളികളുടെ ആർ.പി ഒരു അപേക്ഷ കൊണ്ടുമാത്രം പുതുക്കാൻ കഴിയും. ഒരുകൂട്ടം തൊഴിലാളികളുടേതുതന്നെ ഒരേസമയം ചെയ്യാൻ കഴിയുന്നതാണ്. സമയവും അധ്വാനവും ലാഭിക്കാനും കുറ്റമറ്റ സേവനം ഉറപ്പാകാനും ഇത് സഹായകമാവും' -അദ്ദേഹം പറഞ്ഞു. 300ഓളം പൊതു-സ്വകാര്യ കമ്പനികളിലെയും സ്കൂളുകളിലെയും എച്ച്.ആർ, ഫിനാൻസ്, സേഫ്റ്റി, സുരക്ഷാവിഭാഗം പ്രതിനിധികൾ വെബിനാറിൽ പങ്കെടുത്തു.
ഈ വർഷം പകുതിവരെയുള്ള കണക്കുകൾ പ്രകാരം മെട്രാഷ് വഴി 4.40 ലക്ഷം ഇടപാടുകൾ നടന്നു. അതിൽ 3.05 ലക്ഷവും റെസിഡൻസ് പുതുക്കുന്നതിനുവേണ്ടിയായിരുന്നു.
അറബിക്, ഇംഗ്ലീഷ്, മലയാം, ഫ്രഞ്ച്, ഉർദു, സ്പാനിഷ് എന്നീ ആറ് ഭാഷകളിലായി 220 സേവനങ്ങൾ മെട്രാഷ് 2 ആപ്പിൽ ലഭ്യമാണ്.
തുനീഷ്യയിൽ ക്യൂ.വി.സി
പുതിയ ഖത്തർ വിസ സെൻറർ തുനീഷ്യയിൽ വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്ന് ലഫ്. ഫാർസ് മുബറാക് അൽ ദൊസാരി.
ഭരണകാര്യ വിഭാഗം, തൊഴിൽ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാവും പുതിയ ക്യൂ.വി.സി സെൻറർ പ്രവർത്തിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ്: അറിയേണ്ട കാര്യങ്ങൾ
ദോഹ: കുടുംബ സന്ദർശക വിസയിലെത്തുന്ന യാത്രക്കാർ ഖത്തറിലെത്തുേമ്പാൾ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. സന്ദർശത്തിനെത്തുന്ന കുടുംബത്തിന് ഇൻഷുറൻസ് ഉറപ്പാക്കുന്നത് അപടക, രോഗ കേസുകളിൽ ആശുപത്രി െചലവ് താങ്ങാൻ സഹായകമാവും.
കാലാവധി
സന്ദർശകവിസയിലെത്തി മടങ്ങുന്നതു വരെയുള്ള കാലാവധിയിൽ ആരോഗ്യ ഇൻഷുറൻസ് വേണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഏഴു ദിവസം മുതൽ ആറും മാസവും ഒരു വർഷവും വരെ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസുകൾ ലഭ്യമാണ്. സിംഗ്ൾ എൻട്രിക്ക് 15 ദിവസത്തേക്ക് 60 റിയാൽ മുതലുള്ള പാക്കേജുകൾ ഖത്തർ ഇൻഷുറൻസ് കമ്പനിക്ക് കീഴിൽ നൽകുന്നുണ്ട്. കുടുംബത്തെ എത്തിക്കാൻ ആഗ്രഹിക്കുന്നവർ മൂന്നു മാസത്തെ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. 200 റിയാലാണ് ഇതിന് ഈടാക്കുന്നത്. മെഡിക്കൽ എമർജൻസി ബെനഫിറ്റിൽ 50,000 യു.എസ് ഡോളർ വരെ പരിരക്ഷ ലഭിക്കുന്നു. ഒരു വർഷത്തേക്ക് 370 റിയാലാണ് ഇൻഷുറൻസ് തുക.
കാൻസലേഷനില്ല; തീയതി മാറ്റാം
ഇൻഷുറൻസ് എടുത്തു കഴിഞ്ഞാൽ കാൻസൽ ചെയ്യാൻ സംവിധാനമില്ല. എന്നാൽ, യാത്ര മാറ്റിവെക്കേണ്ട സാഹചര്യം വന്നാൽ ഇൻഷുറൻസ് തീയതി മാറ്റാനുള്ള വഴിയുണ്ട്. 48 മണിക്കൂർ മുമ്പ് തീയതി മാറ്റാം.
ആരോഗ്യം മാത്രമല്ല
ട്രാവൽ ആൻഡ് ഹെൽത്ത് ഇൻഷുറൻസ് എന്ന നിലയിൽ യാത്രാ വേളയിലെ കഷ്ട നഷ്ടങ്ങൾക്കും ഇത്തരം പാക്കേജുകൾ പരിരക്ഷ നൽകുന്നുണ്ട്.
ബോർഡിങ്ങിനു ശേഷം വിമാനം വൈകുക, ബാഗേജുകൾ നഷ്ടമാവുക, കേടുപാടുകൾ വരുക, പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ നഷ്ടമാവുക എന്നിവയിലും ഇൻഷുറൻസ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.