ജനിതക പ്രിൻറ് വഴി 11 കടൽജീവികളെ തിരിച്ചറിഞ്ഞ് ഗവേഷകർ
text_fieldsദോഹ: ജനിതക പ്രിൻറ് സാങ്കേതികവിദ്യ ഉപയോഗിച്ച് 11 കടൽജീവി വർഗങ്ങളെ തിരിച്ചറിഞ്ഞ് ഖത്തർ സർവകലാശാല ഗവേഷകർ. ആൽഫസ് ഖത്തരി, പാലെമൻ ഖോരി(അൽഖോർ), ആൽഫെസ് അറബിക്കസ് എന്നീ മൂന്ന് ചെമ്മീൻ ഇനങ്ങളും ഇതിലുൾപ്പെടും.
ഖത്തർ സർവകലാശാല റിസർച് മാഗസിന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് പുതിയ ജീവിവർഗങ്ങളെ തിരിച്ചറിഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ജീനോമിക്സ്, മെറ്റജീനോമിക്സ്, ട്രാൻഡസ്ക്രിപ്റ്റോമിക്സ്, പ്രോട്ടോമിക്സ് എന്നിവയുൾപ്പെടുന്ന ഒമിക്സ് ലബോറട്ടറീസിലൂടെയാണ് ഖത്തർ സർവകലാശാലയുടെ ബയോമെഡിക്കൽ റിസർച് സെൻറർ (ബി.ആർ.സി) ജീവിവർഗങ്ങളെ തിരിച്ചറിഞ്ഞത്.
ബി.ആർ.സി റിസർച് അസോസിയറ്റ് ഡോ.ഫാതിമ എം. ബെൻസ്ലിമാൻ, എൻവയൺമെൻറൽ സയൻസ് സെൻറർ അസി. പ്രഫസർ ഡോ. ബ്രൂണോ ഗിറാൽഡെസ് എന്നിവരുൾപ്പെടുന്ന ഗവേഷക സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.
ജെനറ്റിക്സ് സ്റ്റഡീസിനായി 20ലധികം പുതിയ വർഗങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇതുവരെ 11 പുതിയ ജീവിവർഗങ്ങളെ അവയുടെ ജെനറ്റിക് പ്രിൻറ് ഉപയോഗിച്ച് തിരിച്ചറിഞ്ഞു.
ആൽഫസ് ഖത്തരി, പാലെമൻ ഖോരി, ആൽഫെസ് അറബിക്കസ് എന്നീ മൂന്ന് കൊഞ്ച് ഇനങ്ങളും ഉൾപ്പെടും. ഖത്തറിന്‍റെ സമ്പന്നമായ സമുദ്രജീവി വർഗങ്ങളെ തിരിച്ചറിഞ്ഞതിലൂടെയും അവയെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതിലൂടെയും ഖത്തറിന്‍റെ പൈതൃകത്തെ സംരക്ഷിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത് -പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.
മറൈൻ ജീവിവർഗങ്ങളുടെ ജെനറ്റിക്സ് പഠനങ്ങൾക്കായി ഡോ. ബെൻസ്ലിമാൻ സ്വന്തമായി ബി.ആർ.സിയിൽ ജെനറ്റിക് ലാബ് സ്ഥാപിക്കുകയും ഓക്സ്ഫഡ് നാനോപോർ ടെക്നോളജീസ്, ഗ്രിഡ് ഐ.ഒ.എൻ, മിൻ ഐ.ഒ.എൻ എന്നീ ഏറ്റവും പുതിയ മൂന്നാം തലമുറ സ്വീക്വൻസിങ് ടെക്നോളജി സംബന്ധിച്ച് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.മേഖലയിൽ കടൽ ജീവിവർഗങ്ങളുടെ പഠനത്തിൽ ഖത്തർ ഏറെ മുന്നിലാണുള്ളത്. ഇതുകൂടാതെ ഖത്തറിന്‍റെ സമ്പന്നമായ പരിസ്ഥിതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയിലും ഖത്തറിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഖത്തർ സർവകലാശാലയിലെ ഗവേഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.