ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് ഗവേഷകർ
text_fieldsദോഹ: കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ഏതാനും മാസം കഴിയുേമ്പാൾ വാക്സിെൻറ പ്രതിരോധശേഷി കുറയുമെന്നും അതിനാൽ തന്നെ ആഗോളതലത്തിൽ ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്നും ഖത്തർ ഫൗണ്ടേഷനിൽനിന്നുള്ള ഗവേഷകർ. വാക്സിൻ പ്രതിരോധശേഷി കുറഞ്ഞതിനാൽ ഇതുവരെ ആശുപത്രി കേസുകളോ മരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഖത്തർ, അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയപ്പോൾ, അറബ് മേഖലയിൽനിന്നുള്ള അധിക രാജ്യങ്ങളും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം പുറത്തുവിട്ടിട്ടില്ല. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾ കഴിയുന്നതോടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായ പഠനങ്ങൾ മുന്നിലുണ്ട്. എട്ടു മാസത്തിനുശേഷമുള്ള ബൂസ്റ്റർ ഡോസ് കൂടുതൽ പ്രതിരോധശേഷി നൽകും - വെയിൽകോർണെൽ മെഡിസിൻ പോപുലേഷൻ ഹെൽത്ത് സയൻസ് വിഭാഗം പ്രഫസർ ഡോ. ലൈഥ് അബു റദ്ദാദ് പറയുന്നു.
വാക്സിൻ ഇതുവരെ സ്വീകരിക്കാത്തവർക്ക് വാക്സിൻ ഉറപ്പുവരുത്തണമെന്നും അതോടൊപ്പം രണ്ട് ഡോസ് കഴിഞ്ഞവർക്ക് നിശ്ചിത മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകണമെന്നും വ്യക്തമാക്കിയ ഡോ. ലൈഥ് അബു റദ്ദാദ്, കോവിഡിന് മുമ്പുള്ള ജീവിതരീതിയിലേക്ക് മടങ്ങുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചു.
രണ്ട് തരം വാക്സിനുകൾ മിശ്രണം ചെയ്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലംനൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിലേക്ക് നയിക്കുന്നതിനാവശ്യമായ ക്ലിനിക്കൽ തെളിവുകൾ നമ്മുടെ പക്കലില്ലെന്നും ഡോ. അബു റദ്ദാദ് ചൂണ്ടിക്കാട്ടി. നേരത്തെ സ്വീകരിച്ച വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസിലും സ്വീകരിക്കേണ്ടതെന്നും എന്നാൽ, ക്ലിനിക്കൽ തെളിവുകൾ അനുകൂലമാകുകയാണെങ്കിൽ വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുകയുമാകാമെന്നും അദ്ദേഹം വിശദീകരിച്ചു.
ലബനാൻ, ജോർഡൻ, കുവൈത്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വാക്സിൻ സ്വീകരിച്ചവരുടെ ശരാശരി 28 ശതമാനമാണെന്നും വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതോടൊപ്പം കൂടുതൽ വാക്സിൻ ഉൽപാദിപ്പിക്കണമെന്നും അത് വിതരണം ചെയ്യുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതോടൊപ്പം ലോകത്തുടനീളം നൂറു കോടി ഡോസ് വാക്സിൻ നൽകാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.