റമദാനിൽ ഉംറ നിർവഹിക്കുന്നതിന് റിസർവേഷൻ ആരംഭിച്ചു
text_fieldsജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നതിന് റിസർവേഷൻ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർന, തവക്കൽന മൊബൈൽ ആപ്പുകളിലൂടെ ബുക്കിങ് നടത്താൻ സാധിക്കും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യുന്നതിനുള്ള അവസരം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉംറ നിർവഹിക്കുന്നതിനുള്ള സമയം മൂന്നു മണിക്കൂറിൽനിന്നും രണ്ടു മണിക്കൂർ ആയി കുറച്ചതോടെ ഓരോ ദിവസവും 12 ബാച്ചുകൾക്ക് ഉംറ നിർവഹിക്കാൻ സാധിക്കും. അതിനാൽ ഗുണഭോക്താവിന് ഉചിതമായ സമയം തെരഞ്ഞെടുക്കാൻ കഴിയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഉംറക്കായി ആപ്പുകൾ വഴി അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വിവിധ നിറങ്ങൾ നൽകി ഓരോ സമയത്തുമുള്ള ബുക്കിങ് സാന്ദ്രത മനസ്സിലാക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതുണ്ടെന്നും ഓരോ തീർഥാടകനും അനുവദിച്ച സമയം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.