ലോകകപ്പിൽ നേട്ടംകൊയ്ത് പാർപ്പിട മേഖല; സൃഷ്ടിച്ചത് ഒമ്പത് ലക്ഷത്തോളം തൊഴിലുകൾ
text_fieldsദോഹ: ഖത്തറിന്റെ സാമൂഹിക സാമ്പത്തിക കായിക മേഖല ഉൾപ്പെടെ എല്ലായിടത്തും ഉണർവായ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് രാജ്യത്തെ റെസിഡൻഷ്യൽ സെക്ടറായിരുന്നുവെന്ന് റിപ്പോർട്ട്. 2010നും 2022നും ഇടയിൽ 8.50 ലക്ഷം പുതിയ തൊഴിലവസരങ്ങൾ മേഖലയിൽ സൃഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ലോകത്തെ പ്രമുഖ സ്വതന്ത്ര റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസികളിലൊന്നായ ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ഡെസ്റ്റിനേഷൻ ഖത്തർ 2023 പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഖത്തറിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവ് രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനം വർധനവുണ്ടാക്കി 2022ന്റെ അവസാനത്തിൽ 29 ലക്ഷത്തിലെത്തിച്ചതായും അഭിപ്രായപ്പെട്ടു. പുതിയ താമസക്കാരുടെ വരവ് വാടകയിൽ വർധനവുണ്ടാക്കാൻ നിർബന്ധം ചെലുത്തിയതായും ദോഹയിലെ ചിലയിടങ്ങളിൽ കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ 25-30 ശതമാനം വാടക വർധനവുണ്ടായതും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
അപ്പാർട്ട്‌മെന്റുകൾക്കായുള്ള പ്രൈം റെസിഡൻഷ്യൽ ലീസിംഗ് വിപണിയിൽ 2022ൽ വാർഷിക വാടക വർധനവ് 22 ശതമാനം ഉയർന്ന് ശരാശരി 12,300 റിയാലായി. പേൾ ഖത്തറിലെ ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളാണ് ഏറ്റവും ഉയർന്ന വാടക ഈടാക്കിയതെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
യൂഗോവ്‌ന്റെ പങ്കാളിത്തത്തോടെ നടത്തിയ സർവേയിൽ, 2019ന് ശേഷം അന്താരാഷ്ട്ര നിക്ഷേപകർക്ക് സ്വത്തവകാശം നൽകിയതോടെ ഖത്തറിലെ വീടിന്റെ ഉടമസ്ഥതക്കായുള്ള ആവശ്യം വർധിച്ചതായി വ്യക്തമാക്കുന്നു. 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി വിപണിയിലുണ്ടായേക്കാവുന്ന ആവശ്യകതയിൽ കോവിഡ് മഹാമാരി വലിയ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2022ലെ ഇടപാടുകൾ 2021നെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞെങ്കിലും ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇത് ഉയർന്നതായും റിപ്പോർട്ടിലുണ്ട്. അറബ് ലോകത്തും മിഡിലീസ്റ്റിലുമായി ആദ്യമെത്തിയ ലോകകപ്പിനായിരുന്നു ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന ഖ്യാതിയും ഖത്തർ ലോകകപ്പ് സ്വന്തമാക്കിയിരുന്നു.
ഫിഫ ലോകകപ്പ് പോലെയൊരു വമ്പൻ കായിക ഇവന്റിന് വേദിയായതിലൂടെ സാമ്പത്തികമായി ഖത്തറിന് വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾ ലോകകപ്പിനോടനുബന്ധിച്ച് വളർന്നതും, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) വർധനവുണ്ടായതും ഇതിന്റെ ഫലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.