ഗൾഫ് പ്രതിസന്ധി പരിഹാരം: വേണ്ടത് രാജ്യങ്ങളുടെ പരമാധികാരം മാനിച്ചുള്ള ചർച്ചകൾ
text_fieldsദോഹ: ഖത്തറിനെതിരായ അന്യായമായ ഉപരോധത്തിലൂടെ ആരംഭിച്ച ഗൾഫ് പ്രതിസന്ധി, രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിച്ച് കൊണ്ടുള്ള നിരുപാധിക ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ആദ്യ ചുവടുവെപ്പ് ഉപരോധം നീക്കലാണ് –ഐക്യരാഷ്ട്രസഭയുടെ 75ാമത് ജനറൽ അസംബ്ലിയിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിനെതിരായ അന്യായമായ ഉപരോധം ആരംഭിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. ഇതേ കാലയളവിൽ വികസനത്തിലേക്കും വളർച്ചയിലേക്കും ഖത്തർ കുതിച്ചിരിക്കുകയാണ്. ഉപരോധം തുടരുന്നതിനിടയിലും മറ്റു രാജ്യങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര നടപടികളിൽ ഖത്തർ വ്യാപൃതരാകുകയാണ്. രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനോടൊപ്പം രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിക്കുകയും ചെയ്യുന്ന നയമാണ് ഖത്തറി േൻറത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് തുടക്കം മുതൽ കർമരംഗത്തുള്ള കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് നന്ദി അറിയിക്കുകയാണ്.
യു.എൻ ജനറൽ അസംബ്ലിയുടെ 75ാമത് പ്രസിഡൻറ് വോൾകാൻ ബൊസ്കീറിന് അമീർ അഭിനന്ദനം അറിയിച്ചു. കോവിഡ്-19 മഹാമാരി നമ്മളെല്ലാം ഒരേ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് നമ്മെ ഓർമിപ്പിച്ചു. പകർച്ചവ്യാധികളെ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ, ദാരിദ്യ്രം തുടങ്ങിയ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു.
ഖത്തറിലെ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ മുഴുവൻ മുൻകരുതൽ നടപടികളും രാജ്യം കൈക്കൊണ്ടു. സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനം കാണിച്ചിട്ടില്ല. അതോടൊപ്പം, 60ലധികം രാജ്യങ്ങളിലേക്കും അഞ്ച് അന്താരാഷ്ട്ര സംഘടനകൾക്കും ഖത്തറിെൻറ സഹായം എത്തിച്ചിരിക്കുന്നു. കോവിഡ്-19നെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനുള്ള എല്ലാ സഹകരണവും സഹായവും ഖത്തർ തുടർന്നുകൊണ്ടേയിരിക്കുന്നു.
10 വർഷത്തിനിടെ നിരവധി സമാധാന ചർച്ചകൾക്കും പ്രതിസന്ധികൾക്കും മാധ്യസ്ഥ്യം വഹിക്കാൻ ഖത്തറിനായിട്ടുണ്ട്. 2020 ഫെബ്രുവരി 29ന് അമേരിക്കക്കും അഫ്ഗാൻ താലിബാനും ഇടയിൽ സമാധാന ചർച്ചകൾക്ക് ഖത്തർ മധ്യസ്ഥത വഹിച്ചിരുന്നു. അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ ദോഹയിൽ ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാനിൽ സമാധാനം ഉടൻ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ജനീവ കരാർ ഒന്നും സുരക്ഷാ സമിതി 2254ാം നമ്പർ പ്രമേയവും നടപ്പാക്കുക മാത്രമാണ് പോംവഴി. സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള എല്ലാ പിന്തുണയും ഖത്തർ ഉറപ്പുനൽകുന്നു. അഭയാർഥികളായ സിറിയൻ ജനതക്ക് ഖത്തറിെൻറ എല്ലാ സഹായവും ഇനിയും തുടരും.
യമനിലും സുഡാനിലും ലിബിയയിലും ലബനാനിലും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിെൻറ പിന്തുണ ഉറപ്പുനൽകുകയാണ്.ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭീകരവാദമാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാണ് ഭീകരവാദം. സുസ്ഥിര വികസന ലക്ഷ്യങ്ങളെ ഇത് തകർക്കുന്നു. ഭീകരവാദത്തിനെതിരെ മുഖം നോക്കാതെയുള്ള നിലപാടാണ് ഖത്തറിന്. ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര, മേഖലാ നടപടികൾക്കെല്ലാം ഖത്തർ പിന്തുണയുണ്ടാകും. ഭീകരവാദത്തിനെതിരായ യു.എൻ ഓഫിസ് ദോഹയിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും യു.എന്നും കരാറിൽ എത്തിയിരിക്കുകയാണ്. അടുത്ത മേയ് മാസത്തോടെ ഓഫിസ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.