നിയന്ത്രണങ്ങൾ കടുപ്പിക്കും
text_fieldsദോഹ: കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കി ഭരണകൂടം. പുതിയ ഏതാനും നിർദേശങ്ങൾക്കൊപ്പം, നിലവിലെ നിർദേശങ്ങൾ കടുപ്പിക്കാനും പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
പള്ളികളിലെ അഞ്ചു നേര പ്രാർഥനക്കും, വെള്ളിയാഴ്ച ജുമഅക്കും തടസ്സമില്ല. എന്നാൽ 12ന് താഴെയുള്ളവർക്ക് പള്ളികളിലെ പ്രവേശനം വിലക്കി. ജനുവരി ഒമ്പത് ശനിയാഴ്ച മുതൽ ഇതു സംബന്ധിച്ച പുതിയ നിർദേശം പ്രാബല്യത്തിൽ വരും. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പ്രകാരമാവും പള്ളികളുടെ പ്രവർത്തനം തുടരുകയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. വാഹനങ്ങളിൽ നാലു പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ എണ്ണം 60 ശതമാനമാക്കി. ബാർബർഷോപ്പുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. കമ്യൂണിറ്റി സ്പോർട്സ് മത്സരങ്ങൾ നിർത്തിവെക്കാനും നിർദേശം നൽകി. മന്ത്രിസഭയുടെ തീരുമാന പ്രകാരമുള്ള നിർദേശങ്ങൾ ജനുവരി എട്ട് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന നിർദേശങ്ങൾ
1 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ മുഴുവൻ ജീവനക്കാരുമായി തന്നെ പ്രവർത്തനം തുടരും
2 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 15 ൽ കൂടാൻ പാടില്ല.
3-വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ നിർദേശം
4 പൊതു, സ്വകാര്യ ഇടങ്ങളിലെല്ലാം മാസ്ക് നിർബന്ധം
5 - ഇഹ്തിറാസ് ആപ്ലിക്കേഷൻ നിർബന്ധം. വീടിന് പുറത്തിറങ്ങുമ്പോഴും ഓഫിസിലും ഉറപ്പാക്കുക.
6-പള്ളികൾ പതിവു പോലെ പ്രവർത്തിക്കും. 12ന് താഴെയുള്ള കുട്ടികൾക്ക് പ്രവേശന അനുമതിയില്ല. ടോയ്ലറ്റുകൾ, അംഗശുദ്ധി വരുത്താനുള്ള ഹാളുകൾ എന്നിവയും പ്രവർത്തിക്കും.
7 വീടുകളിലും മജ്ലിസുകളിലും ഒത്തുചേരാം. അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 10 പേർ. വീടുകളിലെ ഓപൺ സ്പേസിൽ പരമാവധി 15 പേർ.
8 വിവാഹചടങ്ങുകൾ വിവാഹ ഹാളുകളിലാണെങ്കിൽ പരമാവധി 40പേർ. തുറസ്സായ സ്ഥലത്താണെങ്കിൽ 50 ശതമാനം ശേഷി. എന്നാൽ 80ൽ അധികമാവാൻ പാടില്ല.
9 പാർക്കുകൾ, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിൽ ഒന്നിച്ച് പരമാവധി 15 പേർക്ക് ഇരിക്കാം.
10 വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലു പേർ മാത്രം. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങളാണെങ്കിൽ ഇളവ് ലഭിക്കും.
11 -ബസുകളിലെ പരമാവധി ശേഷി 60 ശതമാനം. യാത്രക്കാർ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം.
12-മെട്രോ, പൊതു ഗതാഗത സംവിധാനങ്ങൾ 60 ശതമാനം ശേഷിയിലാവും പ്രവർത്തിക്കുക.
13-ഡ്രൈവിങ് സ്കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. പരിശീലകരും പരിശീലനം നേടുന്നവരും വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
14 സിനിമ തിയറ്ററുകളുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 50 കൂടാൻ പാടില്ല.
15-വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യപരിശീലന കേന്ദ്രങ്ങളും 50 ശതമാനം ശേഷിയിൽ കൂടാതെ പ്രവർത്തിക്കാം. ഒരു ഹാളിൽ പരമാവധി 50 പേർ മാത്രം. എല്ലാവരും വാക്സിൻ സ്വീകരിച്ചവരാവണം.
16-ലൈബ്രറി, മ്യൂസിയം എന്നിവ പരമാവധി ശേഷിയിൽ തന്നെ പ്രവർത്തിക്കാം
17-പ്രാദേശിക, രാജ്യാന്തര കായിക മത്സരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ സംഘടിപ്പിക്കാം. കാണികളുടെ എണ്ണം പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ കൂടരുത്. ഇൻഡോറിലാണെങ്കിൽ 30 ശതമാനം. വിവിധ പ്രായവിഭാഗങ്ങളുടെയും മുതിർന്നവരുടെയും പ്രാദേശിക സ്പോർട്സ് ലീഗുകൾ, ടൂർണമെന്റ്, കമ്യൂണിറ്റി സ്പോർട്സ് എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു.
18 -സമ്മേളനങ്ങളും പ്രദർശനങ്ങളും നിയന്ത്രണങ്ങളോടെ തുടരാം. തുറസ്സായ സ്ഥലങ്ങളിൽ 50 ശതമാനവും, അടച്ചിട്ട സ്ഥലങ്ങളിൽ 30 ശതമാനവും ശേഷിയിൽ ആളുകൾക്ക് പ്രവേശനം. എല്ലാ പരിപാടികൾക്കും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അനുവാദം വേണം.
19-മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പരമാവധി 75 ശതമാനം പേർക്ക് മാത്രം പ്രവേശനം. ഇത്തരം സ്ഥാപനങ്ങളിലെ ഫുഡ്കോർട്ടിൽ പരമാവധി 30 ശതമാനം.
20-റസ്റ്റാറന്റുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടരാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള ഓപൺ സ്പേസ് റസ്റ്റാറന്റ്-കഫേകൾ 75ശതമാനം ശേഷി. വാണിജ്യ മന്ത്രാലയ വ്യവസ്ഥകൾ പാലിക്കുന്ന 40 ശതമാനം ശേഷി. ഇൻഡോറിൽ 50 ശതമാനം, 30 ശതമാനം.
21- ടൂറിസ്റ്റ് യാനം, ബോട്ടുകൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രക്കാരുമായി സർവിസ് നടത്താം. പരമാവധി 15 പേർ.
22- സൂഖുകളിൽ പരമാവധി 75 ശതമാനം പേർക്ക് മാത്രം പ്രവേശനം.
23 -ബാർബർ ഷോപ്പുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജീവനക്കാർ വാക്സിൻ സ്വീകരിച്ചവരാവണം.
24-ഹെൽത് ക്ലബ്, പരിശീലന കേന്ദ്രങ്ങൾ, മാസാജ് സെന്റർ എന്നിവ 50 ശതമാനം ശേഷിയിൽ കൂടാതെ പ്രവർത്തിക്കാം. സേവനങ്ങളിൽ ചില നിയന്ത്രണങ്ങളും നിർദേശിച്ചു.
25- നീന്തൽ കുളവും, വാട്ടർപാർക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ഓപൺ സ്പേസിൽ 75 ശതമാനം, ഇൻഡോറിൽ 50 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.