വിവരാവകാശം പ്രവാസികളുടെയും വിരൽ തുമ്പിൽ
text_fieldsഇന്ത്യയിൽ വിവരാവകാശ നിയമം പൂർണമായ രൂപത്തിൽ നടപ്പിൽ വരുത്തിയിട്ട് ഒക്ടോബർ 12 ന് 18 വർഷം തികയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിപ്ലവകരമായ നാഴികകല്ലായാണ് 2005 ലെ വിവരാവകാശ നിയമം കണക്കാക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും സമ്പദ്ഘടനയുടെയും അടിസ്ഥാന ഘടകമായ പ്രവാസികൾക്ക് കൂടെ ഈ നിയമത്തിന്റെ ഭാഗമാവാനും അവകാശങ്ങൾ നേടിയെടുക്കാനും ഉപയുക്തമാവും വിധം സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
പ്രവാസികൾ എങ്ങനെ നേടി
2018 ൽ ലോക്സഭയിൽ നൽകിയ ചോദ്യത്തിന് മറുപടിയായി പ്രവാസികൾക്ക് വിവരാവകാശ പ്രകാരം വിവരങ്ങൾ ആരായാൻ അവകാശമില്ലെന്ന് അറിയിക്കുകയും ഇക്കാര്യത്തിൽ പിന്നീട് തിരുത്തു വരുത്തി പ്രവാസികൾക്ക് അവകാശമുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട 2500ൽ പരം അധികാര സ്ഥാനങ്ങളിലെ വിവരങ്ങൾ ഓൺലൈൻ വഴി ആക്കിയത് പ്രവാസികൾക്ക് പ്രയോജനമായി. ഓൺലൈൻ സംവിധാനം സംസ്ഥാനങ്ങളിലും ഏർപ്പെടുത്താനായി കോടതിയിൽ പൊതു താൽപര്യ ഹരജി, 2019 ൽ പ്രവാസി ലീഗൽ സെൽ എന്ന സംഘടന ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2023 മാർച്ചിൽ മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വെബ് സൈറ്റ് ഉണ്ടാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മുഴുവൻ സംസ്ഥാന - കേന്ദ്ര ഭരണ സംസ്ഥാനങ്ങളിലും ഓൺലൈൻ സംവിധാനത്തിലൂടെ വിവരാവകാശ നിയമം പ്രാവർത്തികമായിരിക്കുകയാണ്.
എങ്ങനെ പ്രയോജനപ്പെടുത്താം
വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, എയർപോർട്ടുകൾ, എമിഗ്രേഷൻ, പ്രവാസികളെ സംബന്ധിച്ച വിവിധ രേഖകൾ, എംബസികളുടെ പ്രവർത്തനങ്ങൾ, എംബസി സഹായങ്ങൾ, പാസ്പോർട്ട് സംബന്ധമായ വിവരങ്ങൾ, കുടിയേറ്റം തുടങ്ങിയവക്ക് പുറമെ ഇന്ത്യയിൽ തങ്ങളുടെ മക്കളുടെയും കുടുംബങ്ങളുടെയും വിദ്യാഭ്യാസം, മറ്റു വിവരങ്ങൾ, പ്രവാസികൾക്കായുള്ള സർക്കാർ ആനുകൂല്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുതലായവ തേടാവുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് അതത് എംബസികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ എംബസികളിൽനിന്നുതന്നെ നേരിട്ടും ലഭിക്കും.
കേന്ദ്ര സർക്കാർ പോർട്ടൽ
കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനായി https://rtionline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സൈറ്റിൽ ‘സബ്മിറ്റ് റിക്വസ്റ്റ്’ എന്ന ടാബ് ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കേണ്ട മുഴുവൻ ഗൈഡ് ലൈനുകളും ലഭിക്കും. ഗൈഡ് ലൈനുകൾ വായിച്ചതായി മാർക്ക് ചെയ്ത് സബ്മിറ്റ് ചെയ്താൽ ഏതു വകുപ്പിനെക്കുറിച്ചുള്ള വിവരാവകാശങ്ങൾക്കായി അഭ്യർഥിക്കാവുന്നതാണ്.
യൂസർ നെയിം പാസ് വേർഡ് എന്നിവയും ഉണ്ടാക്കാവുന്നതാണ്. എന്നാൽ, നിർബന്ധമല്ല. 2012 ൽ പുറപ്പെടുവിച്ച നിരക്ക് പ്രകാരമാണ് ഫീ ഒടുക്കേണ്ടത്. ഫീസ് അടക്കാൻ ഡെബിറ്റ്-ക്രെഡിറ്റ് കാർഡോ, യു.പി.ഐയോ ഉപയോഗിക്കാം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും ഈ നമ്പർ വഴി ഫോളോഅപ്പ് നടത്താവുന്നതുമാണ്.
കേരള ഓൺലൈൻ പോർട്ടൽ
2023 ജൂലൈ മാസം മുതൽ കേരളത്തിൽ ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തിയത് പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമാണ് (https://rtiportal.kerala.gov.in/). കേന്ദ്ര സർക്കാർ പോർട്ടലിന് സമാനമായ രീതിയിൽ തന്നെയാണ് കേരള സർക്കാർ പോർട്ടലും പ്രവർത്തിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ പ്രവാസികൾക്ക് ഉള്ളതിനാൽ പ്രവാസികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഏറെ നന്നാവും.
സൗജന്യ ഓൺലൈൻ പരിശീലനം
വിവരാവകാശ നിയമത്തെക്കുറിച്ച് കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് വർഷത്തിൽ മിക്കവാറും രണ്ടു തവണ സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭിക്കും. ഇത്തരം പരിശീലന കളരികളിൽ പങ്കെടുക്കുന്നത് ഈ രംഗത്ത് ഏറെ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് ഉപയുക്തമാവും. പ്രവാസി ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സംഘടന നേതാക്കളുടെയും ശ്രദ്ധ ഈ രംഗത്ത് ഉണ്ടാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.