പ്രവാസി ബിസിനസിന് വഴികാട്ടാൻ ‘റൈസ് എബൗവ് 2025’
text_fieldsഡോം ഖത്തർ-ഐ.ബി.പി.സി ‘റൈസ് എബൗവ് 2025’ പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: ഖത്തറിലെ ബിസിനസുകാർക്കും സംരംഭകർക്കും വഴികാട്ടിയാവാൻ വേറിട്ട വേദിയുമായി മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറവും (ഡോം ഖത്തർ), ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലും (ഐ.ബി.പി.സി). ബേക്കർട്ടിലിയുടെ പിന്തുണയോടെ ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന പേരിലാണ് പ്രവാസി ബിസിനസിലെ മാർഗനിർദേശം നൽകുന്ന സെഷൻ സംഘടിപ്പിക്കുന്നത്. സാമ്പത്തിക, വ്യാപാര മേഖലയിലെ വിദഗ്ധർ നയിക്കുന്ന പരിപാടി ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് ആറ് മുതൽ ദോഹ ഷെറാട്ടണിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തിയും വെല്ലുവിളികളെ കൃത്യമായ ആസൂത്രണങ്ങളിലൂടെ മറികടക്കുകയും ചെയ്യും വിധത്തിൽ വ്യാപാര, നിക്ഷേപ മേഖലയെ കുറിച്ച് അവബോധം പകരുകയാണ് സെഷനുകളിലൂടെ ലക്ഷ്യമിടുന്നത്. ബേക്കർട്ടിലി ഖത്തർ മാനേജിങ് പാർട്ണറും ക്യു.എസ്.ഇ ലിസ്റ്റഡ് കമ്പനി ബോർഡ് അംഗവുമായ രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നിർവഹിക്കും. തുടർന്ന് വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകൾക്ക് നേതൃത്വവും നൽകും.
കെ.പി.എം.ജി ഖത്തർ സീനിയർ പാർട്ണർ ഗോപാൽ ബാലസുബ്രഹ്മണ്യം, ക്യു.എൻ.ബി ഗ്രൂപ്പിലെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഗ്ലോബൽ അസറ്റ് മാനേജ്മെന്റ് മേധാവിയുമായ അജയ് കുമാർ, മെക്ഡാം ഹോൾഡിങ് ഗ്രൂപ് ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽ ബറാ സാമി പാനൽ ചർച്ചയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7702 9729, 3159 5987 എന്ന നമ്പറിൽ ബന്ധപ്പെടാം. നേരത്തേ രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. വാർത്തസമ്മേളനത്തിൽ ബേക്കർട്ടിലി ഖത്തർ മാനേജിങ് പാർട്ണർ രാജേഷ് മേനോൻ, ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ്, ഡോം ഖത്തർ ചീഫ് അഡ്വൈസർ മഷ്ഹൂദ് വി.സി, ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റഷീദ് പി.പി, ജനറൽ സെക്രട്ടറി എ.സി.കെ മൂസ, പബ്ലിക് റിലേഷൻ ആൻഡ് മീഡിയ കോഓഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.