റോഡപകടങ്ങൾ കുറയുന്നു, കൂട്ടാം ജാഗ്രത
text_fieldsദോഹ: ഖത്തറിൽ റോഡപകടങ്ങൾ ഈ വർഷം കുറഞ്ഞുവെന്ന് കണക്കുകൾ. കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും അപകടങ്ങൾ കുറവായിരുന്നുവെന്ന് ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ മലികി പറഞ്ഞു. റോഡ് അപകടങ്ങളിലെ ഇരകളെ ഓർമിക്കുന്നതിനുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് ഗതാഗതവകുപ്പ് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പങ്കെടുത്തു. രാജ്യത്ത് റോഡപകടങ്ങൾ കുറക്കുന്നതിന് സ്വീകരിച്ച വിവിധ നടപടികൾ വിലയിരുത്തി. ഇത്തരത്തിലുള്ള മികച്ച നടപടികൾ മൂലമാണ് റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായത്. അപകടങ്ങളിലൂടെ ജീവനും പൊതുസ്വത്തും നഷ്ടപ്പെടുന്നതിനെതിരെ ശക്തവും ദീർഘവീക്ഷണത്തോെടയുമുള്ള നടപടികളാണ് ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി സ്വീകരിച്ചുവരുന്നത്. സ്കൂൾ വിദ്യാർഥികൾക്കടക്കം വിവിധതലങ്ങളിൽ ഇതുസംബന്ധിച്ച് തുടർബോധവത്കരണം നൽകുന്നുണ്ട്. സ്കൂളുകൾക്ക് അനുബന്ധമായുള്ള ഗതാഗതസൗകര്യങ്ങൾ കാലത്തിനനുസരിച്ച് നവീകരിക്കുന്നുണ്ട്. സ്കൂളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിരത്തുകൾക്ക് അന്താരാഷ്ട്ര ഗുണമേന്മയുള്ള സൗകര്യങ്ങളാണുള്ളത്. ഇത് വിദ്യാലയപരിസരത്ത് റോഡപകടങ്ങൾ കുറക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിെൻറ പൊതുജനാരോഗ്യവിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനിയും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യവിഭാഗത്തിെൻറ വിവിധ സൗകര്യങ്ങൾ പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്കെത്തിക്കാൻ ഏെറ സഹായകരമാണ്. ആംബുലൻസിനുള്ള വിളികൾക്ക് ഉത്തരം നൽകാൻ അഞ്ചു സെക്കൻഡിലും താഴെയാണ് എടുക്കുന്നത്. ദോഹക്കുള്ളിൽ അപകടസ്ഥലത്തേക്ക് ആംബുലൻസുകൾ എത്താൻ എട്ട് മിനിറ്റാണ് എടുക്കുന്നത്. ദോഹക്ക് പുറത്ത് 10 മിനിറ്റുകൾക്കുള്ളിലും ആംബുലൻസുകൾ അപകടസ്ഥലത്ത് എത്തുന്നുണ്ട്.
രാജ്യത്ത് വാഹനങ്ങളും ജനസംഖ്യയും വര്‍ധിക്കുന്നുണ്ടെങ്കിലും അപകടം കുറയുന്നത് നേട്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.
2015ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 227 ആയിരുന്നു. എന്നാല്‍, 2019ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 154 ആയി കുറഞ്ഞു. കണക്കുകള്‍ പ്രകാരം 2016ല്‍ 178 പേര്‍ മരിച്ചപ്പോള്‍ 2017ല്‍ 177 പേരും 2018ല്‍ 168 പേരുമാണ് മരിച്ചതെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിെൻറ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു.
മികച്ച റോഡ് സൗകര്യങ്ങളും തുണയായി
രാജ്യത്തെ റോഡ് സൗകര്യങ്ങളുടെ മികവും അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ട്. അശ്ഗാലിെൻറ കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കിയത് വാഹന ഗതാഗതത്തിന് ഗുണപരമായ മാറ്റമാണ് സൃഷ്ടിച്ചത്.
ദോഹ മെട്രോ ആരംഭിച്ചതോടെ വാഹന ഗതാഗതത്തില്‍ കൂടുതല്‍ മികച്ച മാറ്റങ്ങളുണ്ടായി. മെട്രോ ആരംഭിച്ചതോടെ ആളുകൾ കാറുകളില്‍ സഞ്ചരിക്കുന്നത് കുറക്കാനായിട്ടുണ്ട്.
നിര്‍മാണം പുരോഗമിക്കുന്ന റോഡ് പദ്ധതികള്‍ പലതും ഈ വര്‍ഷം പൂര്‍ത്തിയാകും.
കണക്കുകള്‍ പ്രകാരം 2019ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുകള്‍ ഉണ്ടായത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ എട്ടു വരെയാണ് ഏറ്റവും കൂടുതല്‍ ഗതാഗത ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്.
സീലൈൻ ബീച്ചിൽ ഏറെ ശ്രദ്ധവേണം
തണുപ്പുകാല സീസൺ തുടങ്ങിയതോടെ തണുപ്പ് ആസ്വദിക്കാൻ സീലൈൻ ഏരിയയിൽ നിരവധി പേരാണെത്തുന്നത്. വകുപ്പ് സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി ക്യാമ്പിങ് സൈറ്റുകളിൽ അപകടങ്ങളും അതിനാൽ തെന്ന മരണങ്ങളും കുറഞ്ഞിട്ടുണ്ട്. മരുഭൂമിയിലൂടെയുള്ള സാഹസിക വാഹനമോടിക്കലായ ഡ്യൂൺ ബാഷിങ്ങിനിെട അപകടങ്ങൾ പതിവാണ്.
2018ലെ കണക്കുകൾ പ്രകാരം വാഹനപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ ഏരിയ. 2018ൽ മാത്രം എട്ട് പേർ വിവിധ അപകടങ്ങളിലായി മരണമടഞ്ഞു. സീലൈൻ മേഖലയിലെ വാഹനാപകടങ്ങൾ കുറക്കുന്നതിന് 24 മണിക്കൂറും തുടരുന്ന പേട്രാളിങ്ങുൾപ്പെടെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സീലൈനിലെ വാഹനപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.