റോഡ് റഡാർ; ട്രയൽ ഇന്നു മുതൽ
text_fieldsദോഹ: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം നടപ്പാക്കുന്ന ഓട്ടോമേറ്റഡ് റഡാർ നിരീക്ഷണ സംവിധാനങ്ങൾ ഞായറാഴ്ച പ്രവർത്തിച്ചുതുടങ്ങും. ആദ്യഘട്ടത്തിൽ ട്രയൽ എന്ന നിലയിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും എസ്.എം.എസ് വഴി മുന്നറിയിപ്പ് നൽകുകയും ചെയ്യും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയവ കണ്ടെത്താനാണ് സെൻസർ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങൾ നടപ്പാക്കുന്നത്. സെപ്റ്റംബർ മൂന്നു മുതൽ നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ആരംഭിക്കും.
ചിത്രങ്ങൾ മെട്രാഷിൽ; ഷർട്ടും ബെൽറ്റും ഒരേ നിറമായാലും തിരിച്ചറിയും
സീറ്റ് ബെൽറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നവർക്ക് ചിത്രങ്ങൾ മെട്രാഷ് രണ്ട് ആപ്പിൽ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ ഏകീകൃത റഡാറുകൾ രണ്ട് നിയമലംഘനങ്ങളും കൃത്യമായി പിടിച്ചെടുക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി ഖത്തർ ടി.വിയോട് പറഞ്ഞു.
സീറ്റ് ബെൽറ്റും വസ്ത്രവും ഒരേ നിറത്തിലാണെങ്കിലും റഡാറുകൾക്ക് ഇവ വേർതിരിച്ചറിയാൻ സാധിക്കുമെന്നും നിയമലംഘകന് കാണാൻ കഴിയുന്ന രീതിയിൽ വളരെ വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താനും ഇതിന് കഴിയുമെന്നും മേജർ അൽ മുഹന്നദി വ്യക്തമാക്കി. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പ്രോസസ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമായി കുറ്റമറ്റ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ ഏതെങ്കിലും സ്ക്രീൻ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ട്രാഫിക് നിയമത്തിലെ 54ാം വകുപ്പ് പ്രകാരം 500 റിയാലാണ് ഇതിന് പിഴ ഈടാക്കുക. ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനും 500 റിയാലാണ് പിഴ ചുമത്തുക.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുമെന്നും 120 കിലോമീറ്റർ സ്പീഡിൽ വാഹനമോടിക്കുമ്പോൾ ഒരാൾ മൂന്നു സെക്കൻഡ് മാത്രം ഫോണിൽ ബ്രൗസ് ചെയ്താലും അത് അപകടത്തിന് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്ന് സെക്കൻഡ് എന്നതിനർഥം, അതേ വേഗം നിലനിർത്തിക്കൊണ്ടാകും ഡ്രൈവർ വളരെ ദൂരം സഞ്ചരിച്ചിരിക്കുക എന്നതാണ്. ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തുന്നത് -അദ്ദേഹം പറഞ്ഞു.
സീറ്റ് ബെൽറ്റ് ഒഴിവാക്കുകയെന്നത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. വാഹനത്തിന്റെ ഡ്രൈവർക്കുള്ള ആദ്യ സുരക്ഷ കവചമാണ് സീറ്റ് ബെൽറ്റ്. അപകടം സംഭവിക്കുമ്പോൾ വാഹനത്തിനുള്ളിലെ കഠിനമായ ഭാഗങ്ങളിൽനിന്ന് ഡ്രൈവറെ അത് സംരക്ഷിക്കുന്നു.
രണ്ട് നിയമലംഘനങ്ങളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 27 മുതൽ റഡാർ കാമറകളുടെയും ‘തലാഅ’ കാമറകളുടെയും സോഫ്റ്റ് ആക്ടിവേഷൻ ആരംഭിക്കുമെന്നും നിയമലംഘനം പിടിക്കപ്പെട്ടാൽ നിയമലംഘകർക്ക് എസ്.എം.എസ് അയക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാലയളവിൽ പിഴ ഈടാക്കുകയില്ല. എന്നാൽ, സെപ്റ്റംബർ മൂന്നു മുതൽ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾക്ക് ട്രാഫിക് നിയമപ്രകാരം പിഴ ചുമത്തും -മേജർ അൽ മുഹന്നദി മുന്നറിയിപ്പ് നൽകി.
ഗതാഗത സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ എല്ലാ റോഡ് ഉപയോക്താക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത വകുപ്പ് അഭ്യർഥിച്ചു. സമൂഹത്തിൽ ഗതാഗത അവബോധം വളർത്തുന്നതിനായി അടുത്തയാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം അതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും മറ്റു മീഡിയ ഔട്ട്ലറ്റുകൾ വഴിയും വലിയ തോതിലുള്ള പ്രചാരണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.