വിദ്യാർഥികൾക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസുകൾ
text_fieldsദോഹ: ഗതാഗത നിയമങ്ങൾ സംബന്ധിച്ചും റോഡ് സുരക്ഷയെ കുറിച്ചും സ്കൂൾ വിദ്യാർഥികൾക്ക് ഗതാഗത വകുപ്പിന്റെ ബോധവത്കരണ ക്ലാസുകൾ. മേയ് 14 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി എട്ട് ബോധവത്കരണ ക്ലാസുകളാണ് ഗതാഗത വകുപ്പിന് കീഴിലെ ഗതാഗത ബോധവത്കരണ വിഭാഗം സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങൾ, വിദ്യാർഥികൾക്കിടയിലെ ഗതാഗത അവബോധം എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസം നൽകുകയും സംശയങ്ങൾ ദൂരീകരിക്കൽ എന്നിവ ഉൾപ്പെടുന്നതാണ് ബോധവത്കരണ പരിപാടികൾ. ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ വാർഷിക കർമ പരിപാടികളുടെ ഭാഗമായി സ്കൂളുകളും സർവകലാശാലകളും എന്ന ചട്ടക്കൂടിലാണ് വിദ്യാർഥികൾക്കിടയിൽ ഗതാഗത വിദ്യാഭ്യാസ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ക്ലാസുകളിൽ നിന്ന് 284 വിദ്യാർഥികൾ പരിപാടികളിൽ പങ്കെടുത്തു. ട്രാഫിക് അടയാളങ്ങൾ, സീറ്റ് ബെൽറ്റിന്റെ പ്രാധാന്യം, സ്കൂളുകളിലും സ്കൂളുകൾക്ക് പുറത്തുമുള്ള ഗതാഗത സുരക്ഷ, ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഗതാഗത ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. പ്രധാന ഗതാഗത നിയമലംഘനങ്ങളും ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ദൈനംദിന ജീവിതത്തിൽ ഗതാഗത സുരക്ഷ സംബന്ധിച്ച അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുന്ന വിഡിയോ ദൃശ്യങ്ങളും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാർഥികളിൽ ഗതാഗത സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും നിർണായകമാണെന്നും രക്ഷിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത സുരക്ഷ വിഭാഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.